
അമേരിക്കന്‍ കമ്പനിയായ ഫോര്‍ഡ് ഇന്ത്യയിലെ ഉല്‍പ്പാദനം നിര്‍ത്തുന്നുവെന്ന പ്രഖ്യാപനത്തിന് പിന്നാലെ ഡീലര്‍മാര്‍ക്ക് നഷ്ടപരിഹാരമായി എന്തു ലഭിക്കുമെന്നതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയരുന്നു. ഇതേക്കുറിച്ച് വ്യക്തത നല്‍കണമെന്നാവശ്യപ്പെട്ട് ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബീല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ഫോര്‍ഡിന് കത്തെഴുതി. നിലവില്‍ ഫോര്‍ഡ് വാഹനങ്ങള്‍ക്ക് വേണ്ടി ബുക്കിംഗ് ചെയ്ത ഉപഭോക്താക്കള്‍ ബുക്കിംഗ് റദ്ദാക്കുകയോ, റീഫണ്ട് ആവശ്യപ്പെടുകയോ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതുവരെ കമ്പനി ഈ തുക വിതരണം ചെയ്തിട്ടില്ല. ഇക്കാര്യത്തിലും വ്യക്തത വേണമെന്ന് ഫോര്‍ഡ് ഇന്ത്യ പ്രസിഡന്റും എംഡിയുമായ അനുരാഗ് മെഹ്രോത്രയ്ക്ക് എഫ്‌ഐഡിഎ അയച്ച കത്തില്‍ പറയുന്നു.
ഇന്ത്യയില്‍ 170 ഫോര്‍ഡ് ഡീലര്‍മാരാണ് ഇന്ത്യയിലുള്ളത്. 391 ഔട്ട്‌ലെറ്റുകളുമുണ്ട്. ഏകദേശം 2,000 കോടി രൂപയോളമാണ് ഡീലര്‍ഷിപ്പുകള്‍ സ്ഥാപിക്കുന്നതിനായി ചെലവഴിച്ചിട്ടുള്ളത്. നിലവില്‍ നൂറുകണക്കിന് ഡെമോ വാഹനങ്ങള്‍ക്ക് പുറമെ 150 കോടി രൂപ വിലമതിക്കുന്ന 1000 വാഹനങ്ങളാണ് ഡീലര്‍ഷിപ്പ് കേന്ദ്രങ്ങളിലുള്ളത്. ഇവിടങ്ങളിലായി ഏകദേശം 40,000 പേര്‍ ജോലിയും ചെയ്യുന്നു. ഈ ജീവനക്കാരുടെ വേതനവും പുനഃക്രമീകരണവുമെല്ലാം ഫോര്‍ഡ് ഡീലര്‍മാരെ സംബന്ധിച്ചിടത്തോളം വലിയ പ്രശ്നമാകാനാണ് സാധ്യത. ഉത്സവ സീസണ്‍ വരാനിരിക്കെ ഫോര്‍ഡ് നടത്തിയ പ്രഖ്യാപനം ഡീലര്‍മാര്‍ക്ക് കനത്ത ആഘാതമാണ് സൃഷ്ടിച്ചിട്ടുള്ളത്. നിലവിലുള്ള എല്ലാ വാഹനങ്ങളുടെയും സര്‍വീസും വാറന്റി കവറേജും തുടരുമെന്ന് ഫോര്‍ഡ് ഇന്ത്യ അറിയിച്ചിട്ടുണ്ടെങ്കിലും ഫോര്‍ഡ് ഡീലര്‍മാരും വാഹന ഉടമകളും ആശങ്കയിലാണ്.
അതേസമയം, ലോകത്തിലെ വിവിധ രാജ്യങ്ങളിലുള്ളതുപോലെ ഫ്രാഞ്ചൈസി സംരംക്ഷണ നിയമം ഇന്ത്യയിലില്ലാത്തതാണ് ഡീലര്‍മാര്‍ക്ക് തിരിച്ചടിയാകുന്നത്. നേരത്തെ ജനറല്‍ മോട്ടോഴ്സ്, ഹാര്‍ളി ഡേവിഡ്സണ്‍, മാന്‍ ട്രക്ക്സ് എന്നിവ ഇന്ത്യയിലെ ഉല്‍പ്പാദനം നിര്‍ത്തിയപ്പോഴും ഡീലര്‍മാര്‍ ഇതുപോലുള്ള കടുത്ത പ്രതിസന്ധിയെയാണ് അഭിമുഖീകരിച്ചത്.
കൂടാതെ, ഒല ഇലക്ട്രിക് അടക്കമുള്ള വാഹന നിര്‍മാതാക്കള്‍ ഡീലര്‍ഷിപ്പ് കേന്ദ്രങ്ങളില്ലാതെയാണ് വില്‍പ്പന നടത്തുന്നത്. വരും കാലത്ത് ടെസ്ല അടക്കമുള്ള കൂടുതല്‍ നിര്‍മാതാക്കളും ഇന്ത്യയില്‍ ഈ സംവിധാനമാകും പിന്തുടരുക.
Read DhanamOnline in English
Subscribe to Dhanam Magazine