Begin typing your search above and press return to search.
ചൈനയിലും യൂറോപ്പിലും 'ക്ലച്ച്' പിടിക്കുന്നില്ല, പുതിയ തന്ത്രങ്ങളുമായി ഫോർഡ് മോട്ടോഴ്സ് ഇന്ത്യയിലേക്ക് മടങ്ങി വരുന്നു
ഇന്ത്യൻ വിപണിയിലേക്ക് മടങ്ങി വരാൻ അമേരിക്കൻ വാഹന നിർമാതാക്കളായ ഫോർഡ് മോട്ടോഴ്സ്. 2021ൽ ഇന്ത്യൻ വാഹന വിപണിയിൽ നിന്നും മടങ്ങിയ ഫോർഡ്, പുതിയ തന്ത്രങ്ങളുമായാണ് തിരിച്ചു വരുന്നത്. കൂടുതൽ നിക്ഷേപങ്ങൾ നടത്തിയും ഇലക്ട്രിക് വാഹനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുമുള്ള പ്രവർത്തനങ്ങളിലൂടെ വിപണി പിടിക്കാനുള്ള ശ്രമമാണ് ഫോർഡ് നടത്തുകയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യയിലേക്ക് മടങ്ങി വരുന്നതിനുള്ള സാധ്യതാ പഠനം പൂർത്തിയായെന്നും ഇനി കമ്പനി ആസ്ഥാനത്ത് നിന്നുള്ള അന്തിമ അനുമതി മാത്രമാണ് ബാക്കിയെന്നും റിപ്പോർട്ട് തുടരുന്നു. 1995 മുതൽ 2021 വരെയാണ് കമ്പനി ഇന്ത്യയിൽ പ്രവർത്തിച്ചത്. ഇക്കാലയളവിൽ ഇക്കോ സ്‌പോർട്, ഫിഗോ അടക്കമുള്ള നിരവധി കിടിലൻ വണ്ടികൾ ഇന്ത്യൻ വിപണിയിലെത്തിക്കാൻ കമ്പനിക്ക് കഴിഞ്ഞു.
ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിച്ച ശേഷം ചൈനീസ്, യൂറോപ്യൻ വിപണികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിച്ചെങ്കിലും കാര്യമായ നേട്ടമുണ്ടാക്കാൻ ഫോർഡിന് കഴിഞ്ഞിരുന്നില്ല. എന്നാൽ ഇന്ത്യൻ വാഹന വിപണി നല്ല രീതിയിൽ വളരുന്നുമുണ്ട്. ഇത് മുതലെടുത്തു കൂടുതൽ മോഡലുകൾ ഇറക്കി വിപണി പിടിക്കാനാണ് കമ്പനിയുടെ പ്ലാൻ.
ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വിപണി
ചൈനയും അമേരിക്കയും കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന വിപണിയാണ് ഇന്ത്യയുടേത്. മാത്രവുമല്ല ഇന്ത്യയിലെ വാഹന ഉപയോക്താക്കൾക്കിടയിൽ ഇപ്പോഴും നല്ല പേര് നിലനിർത്താൻ ഫോർഡിന് കഴിഞ്ഞിട്ടുണ്ട്. വിൽപ്പന അവസാനിപ്പിച്ചെങ്കിലും ആഫ്റ്റർ സെയിൽസ് വിഭാഗത്തിന്റെ പ്രവർത്തനം ഇപ്പോഴും തുടരുകയാണ്. കൂടാതെ ഫോണിന്റെ മിക്ക മോഡലുകൾക്കും ഇപ്പോഴും ഇന്ത്യൻ വിപണിയിൽ ആവശ്യക്കാർ ഏറെയാണ്. ഇതു മനസ്സിലാക്കിയ ഫോർഡ് ഇന്ത്യയിൽ നിന്നും പിൻവാങ്ങാനുള്ള തീരുമാനം പുനപരിശോധിക്കുകയും കഴിഞ്ഞവർഷം ചെന്നൈയിലെ തങ്ങളുടെ പ്ലാന്റ് വിൽക്കാനുള്ള തീരുമാനത്തിൽ നിന്നും പിന്മാറുകയും ചെയ്തിരുന്നു.
ഫോർഡ് ആരാധകർ ആവേശത്തിൽ
കുറച്ചു കാലമായി ഫോർഡ് ഇന്ത്യയിലേക്ക് മടങ്ങി വരുമെന്ന് വാഹനലോകത്ത് സംസാരമുണ്ട്. ഇത്രയും ആധികാരികമായ വാർത്ത പുറത്ത് വന്നത് ഫോർഡ് വാഹന പ്രേമികളെയും ആവേശത്തിലാക്കിയിട്ടുണ്ട്.
അതേസമയം, ഇന്ത്യയിലേക്ക് മടങ്ങി വന്നാലും ഒരു വർഷത്തോളമെടുത്താൽ മാത്രമേ കമ്പനിക്ക് വാഹനം നിരത്തിലിറക്കാൻ പറ്റൂ. ചെന്നൈയിലെ പ്ലാന്റ് വാഹന നിർമ്മാണത്തിന് തയ്യാറാക്കുകയും നിയമപരമായ നൂലാമാലകൾ തീർക്കുകയും വേണം. കമ്പനി ഏതൊക്കെ മോഡലുകളാണ് ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നതെന്ന കാര്യത്തിൽ സൂചനകൾ ലഭിച്ചിട്ടില്ല. എന്തായാലും, ജനപ്രിയ മോഡലുകളായ ഇക്കോ സ്പോർട്ട്, ഫിഗോ, എൻഡവർ തുടങ്ങിയവ കൂട്ടത്തിൽ ഉണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
പുതിയ ഇവി നയം തുണയായി
ഇന്ത്യയെ ഇലക്ട്രിക് വാഹങ്ങളുടെ നിർമാണ ഹബ്ബാക്കാനും ഇതുവഴി വൻതോതിൽ ഉള്ള വിദേശനിക്ഷേപം സ്വീകരിക്കാനും പദ്ധതിയിട്ടാണ് കേന്ദ്രസർക്കാർ പുതിയ ഇലക്ട്രിക് വാഹന നയം രൂപീകരിച്ചത്. നയമനുസരിച്ച് കമ്പനികൾ ചുരുങ്ങിയത് 500 മില്യൺ ഡോളർ ( ഏകദേശം 4,150 കോടി രൂപ ) ഇന്ത്യയിൽ നിക്ഷേപിക്കണം. ആദ്യ മൂന്നു വർഷത്തിനുള്ളിൽ നിർമാണ യൂണിറ്റുകൾ പ്രവർത്തിച്ചു തുടങ്ങണം. ഇങ്ങനെയുള്ള കമ്പനികൾക്ക് ഇറക്കുമതി ചട്ടങ്ങളിലടക്കം ഇളവ് അനുവദിക്കാനും കേന്ദ്രത്തിനു കഴിയും.
Next Story