Begin typing your search above and press return to search.
ഐഫോണില്‍ നിന്ന് ഇ.വിയിലേക്ക്; ഇന്ത്യയില്‍ പ്ലാന്റ് തുറക്കാന്‍ ഫോക്‌സ്‌കോണ്‍
ആപ്പിളിനുവേണ്ടി ഐഫോണ്‍ നിര്‍മിക്കുന്ന പ്രമുഖ തായ്‌വാന്‍ കമ്പനിയായ ഫോക്‌സ്‌കോണ്‍ ഇലക്ട്രിക് വാഹന(ഇ.വി) നിര്‍മാണത്തിലേക്ക് കടക്കുന്നു. ഇന്ത്യയില്‍ ഇ.വി നിര്‍മാണ പ്ലാന്റുകള്‍ തുറക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ഇതിനായി മഹാരാഷ്ട്ര, തെലങ്കാന, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നീ നാല് സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ മേയ് 31ന് പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഇ.വി വിപണിയിലേക്കും കടക്കുന്നതിന്റെ സൂചനകള്‍ കമ്പനി നല്‍കിയിരുന്നു. തെക്കുകിഴക്കന്‍ ഏഷ്യന്‍ വിപണിയിലേക്കുള്ള ഇരുചക്ര വൈദ്യുത വാഹനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കാനാണ് പദ്ധതി. ഉടന്‍ തന്നെ ഇന്ത്യന്‍ പ്രതിനിധികള്‍ തായ്‌വാന്‍ സന്ദര്‍ശിച്ച് ഫോക്‌സ്‌കോണ്‍ മേധാവികളുമായി ഇ.വി പദ്ധതികളെ കുറിച്ച് ചര്‍ച്ച നടത്തും.
ഇ.വിയില്‍ കരുത്തരാകാന്‍
വിവിധ ബ്രാന്‍ഡുകള്‍ക്ക് വാഹനങ്ങള്‍ നിര്‍മിച്ചു നല്‍കുമോ (contract manufacturing) അതോ ഏതെങ്കിലുമൊരു കമ്പനിയുമായി സംയുക്ത പങ്കാളിത്തമാണോ(joint venture) ഫോക്‌സ്‌കോണ്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല. കഴിഞ്ഞ വര്‍ഷം ഫോക്‌സ്‌കോണ്‍ മേധാവികള്‍ ഇന്ത്യയിലെത്തിയപ്പോള്‍ മഹാരാഷ്ട്ര, തെലങ്കാന, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ ഔദ്യോഗികവക്താക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
തായ്‌വാന്‍ കമ്പനികളായ യുലോണ്‍ ഗ്രൂപ്പ്, ഫിസ്‌കര്‍, യു.എസിലെ ലോര്‍ഡ്‌സ്ടൗണ്‍ മോട്ടോഴ്‌സ്, തായ്‌ലന്‍ഡിലെ എണ്ണ കമ്പനിയായ പി.ടി.ടി എന്നിവയുമായി കാര്‍ നിര്‍മാണത്തിനായി ഫോക്‌സ്‌കോണ്‍ സഹകരിക്കുന്നുണ്ട്. ഇതു കൂടാതെ 2022 നവംബറില്‍ സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുമായി ചേര്‍ന്ന് സിയര്‍(Ceer) എന്നൊരു ഇ.വി ബ്രാന്‍ഡ് ആരംഭിക്കുന്നതായും ഫോക്‌സ്‌കോണ്‍ പ്രഖ്യാപിച്ചിരുന്നു. വൈദ്യുത വാഹനങ്ങള്‍ക്കുള്ള ഘടകങ്ങള്‍ നിര്‍മിക്കാനും ഫോക്‌സ്‌കോണിനു പദ്ധതിയുണ്ട്.
Next Story
Videos