വോള്‍വോ വേഴ്‌സ് മുതല്‍ നെക്‌സോവേഴ്‌സ് വരെ, കാര്‍ വില്‍പ്പനയുടെ ഭാവി മെറ്റാവേഴ്‌സിലോ
ഓല ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട കാര്യമാണ് കമ്പനിക്ക് ഷോറൂമുകള്‍ ഇല്ല എന്നത്. ഷോറൂമുകള്‍ ആരംഭിക്കാതെ ഓണ്‍ലൈന്‍ വഴി സ്‌കൂട്ടറിന്റെ ടെസ്റ്റ് ഡ്രൈവും വിതരണവും വലിയ പ്രശ്‌നങ്ങള്‍ ഇല്ലാതെ തന്നെ ഓല മുന്നോട്ട് കൊണ്ടുപോവുകയാണ്. പുത്തന്‍ പരീക്ഷണങ്ങളുടെ ഈ കാലയളവിലാണ് പാസഞ്ചര്‍ വാഹന രംഗത്തെ വമ്പന്മാരൊക്കെ മെറ്റാവേഴ്‌സില്‍ സാന്നിധ്യമറിയിക്കുന്നത്.
കഴിഞ്ഞ ആഴ്ചയാണ് മാരുതി സുസുക്കിയുടെ പുതിയ മോഡല്‍ ഗ്രാന്‍ഡ് വിറ്റാര കമ്പനിയുടെ മെറ്റാവേഴ്‌സ് പ്ലാറ്റ്‌ഫോമായ നെക്‌സാവേഴ്‌സില്‍ അവതരിപ്പിച്ചത്. മെറ്റവേഴ്‌സ് പ്ലാറ്റ്‌ഫോമിലൂടെ ബുക്ക് ചെയ്യാവുന്ന ലോകത്തെ ആദ്യ കാര്‍ തങ്ങളുടേതാണെന്നാണ് മാരുതിയുടെ വാദം. ഇന്നൊവേഷന് വേണ്ടി നീക്കി വെച്ചിരിക്കുന്ന തുകയുടെ 1-15 ശതമാനം അല്ലെങ്കില്‍ 6-8 കോടി രൂപയാണ് മെറ്റവേഴ്‌സ് പദ്ധതികള്‍ക്കായി മാരുതി മാറ്റിവെയ്ക്കുന്നത്.
മെറ്റാവേഴ്‌സില്‍ ആദ്യം എത്തിയത് എംജി മോട്ടോര്‍ ഇന്ത്യയാണ്. എംജിവേഴ്‌സിലൂടെ എന്‍എഫ്ടി ഗ്യാലറി, വിര്‍ച്വല്‍ എംജി കാര്‍ ക്ലബ്ബ്, ഗെയിമിംഗ്, ജീവനക്കാര്‍ക്കുള്ള നോളജ് സെന്റര്‍ ഉള്‍പ്പടെയുള്ള സേവനങ്ങള്‍ കമ്പനി അവതരിപ്പിച്ചിരുന്നു. പുതിയ മോഡലുകള്‍ അവതരിപ്പിക്കാനുള്ള ഒരു പ്ലാറ്റ്‌ഫോം എന്ന നിലയില്‍ മാത്രമല്ല കമ്പനികള്‍ മെറ്റാവേഴ്‌സിനെ നോക്കിക്കാണുന്നത് എന്നതിന് ഉദാഹരണമാണ് എംജിവേഴ്‌സ്. വാഹനങ്ങള്‍ പേഴ്‌സണലൈസ് ചെയ്യാനും വിര്‍ച്വല്‍ ടെസ്റ്റ് ഡ്രൈവിനുമുള്ള അവസരം എംജിവേഴ്‌സ് നല്‍കുന്നുണ്ട്.
ഏറ്റവും പുതിയ എക്‌സി 40യുടെ പ്രീ ഇവന്റ് ലോഞ്ച് വോള്‍വോവേഴ്‌സ് എന്ന വോള്‍വോയുടെ മെറ്റാവേഴ്‌സ് പ്ലാറ്റ്‌ഫോമില്‍ കമ്പനി സംഘടിപ്പിച്ചിരുന്നു. ജി ക്ലാസിന്റെ എന്‍എഫ്ടി കളക്ഷന്‍ അവതരിപ്പിച്ചുകൊണ്ടാണ് മെഴ്‌സിഡസ് ബെന്‍സ് ഈ മേഖലയിലേക്ക് എത്തിയത്. മെറ്റാവേഴ്‌സില്‍ ഷോറൂം തുറന്ന ഇന്ത്യന്‍ യുസ്ഡ് കാര്‍ സ്റ്റാര്‍ട്ടപ്പ് ആണ് കാര്‍സോ. മെറ്റാവേഴ്‌സില്‍ വാഹന മേഖലയ്ക്കായി വിര്‍ച്വല്‍ ലാന്‍ഡ് അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ സ്റ്റാര്‍ട്ടപ്പ്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI), വിര്‍ച്വല്‍ റിയാലിറ്റി(VR), ഓഗ്മെന്റ് റിയാലിറ്റി AR) തുടങ്ങിയവയുടെ ഏകോപനത്തിലൂടെ രൂപപ്പെടുന്ന ഒരു ഡിജിറ്റല്‍ ലോകമാണ് മെറ്റാവേഴ്സ്. വിആര്‍ ഹെഡ്സെറ്റുകളിലൂടെ ആയിരിക്കും മെറ്റാവേഴ്സിലെ ഇടപെടലുകള്‍ സാധ്യമാവുക. ഇവിടെ ഓരോരുത്തരും പരസ്പരം ഇടപെടുന്നത് ഡിജിറ്റല്‍ അവതാറുകളിലൂടെയാവും.
ഉപഭോക്താക്കള്‍ക്ക്, പ്രത്യേകിച്ച് യുവാക്കള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ അവതരിപ്പിക്കുകയാണ് മെറ്റാവേഴ്‌സിലൂടെ കമ്പനികള്‍ ലക്ഷ്യമിടുന്നത്. വാഹനങ്ങളുടെ ഡോക്യുമെന്റ്‌സ്, ഉടമസ്ഥതാ അവകാശം തുടങ്ങിയവ എന്‍എഫ്ടികളിലൂടെ നല്‍കുന്ന കാലം വിദൂരമല്ല എന്നാണ് വിലയിരുത്തല്‍. ഹ്യൂണ്ടായി, ലംബോര്‍ഗിനി, മക്ലാരന്‍ ഉള്‍പ്പെടുയുള്ള കമ്പനികള്‍ നേരത്തെ തന്നെ എന്‍എഫ്ടി കളക്ഷനുകള്‍ അവതരിപ്പിച്ചിരുന്നു.