

അന്യമാം ദേശങ്ങളില്‍ നിന്ന് എത്തുന്ന എണ്ണയടിച്ച് വണ്ടി ഓടിക്കേണ്ട ഗതികേടുള്ളവരാണ് ഇന്ത്യക്കാര്‍. പെട്രോള്‍, ഡീസല്‍ ആവശ്യത്തിന്റെ 85 ശതമാനവും ഇറക്കുമതിയാണ്. പശ്ചിമേഷ്യന്‍ യുദ്ധത്തോടെ ക്രൂഡോയില്‍ ഇറക്കുമതി വലിയ പ്രശ്‌നത്തില്‍. എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകില്‍ നിന്ന് യു.എ.ഇ പിന്മാറ്റം പ്രഖ്യാപിച്ചതടക്കം വേറെയുമുണ്ട് സംഭവ വികാസങ്ങള്‍. എണ്ണ ഇറക്കുമതി കഴിവതും കുറച്ചേ മതിയാവൂ എന്ന ചിന്തയില്‍ ആണ്ടു നില്‍ക്കുന്ന കേന്ദ്രസര്‍ക്കാറിന്റെ ബദല്‍ ഇന്ധന ചിന്തകള്‍ക്ക് ഇതിനെല്ലാമിടയില്‍ ആക്കം കൂടിയിരിക്കുന്നു.
ഏതാകണം ബദല്‍ മാര്‍ഗങ്ങള്‍? ഒന്നല്ല, ഒരുപാട് ഇന്ധനങ്ങള്‍ക്കു പിന്നാലെ ഓടുകയാണ് കേന്ദ്രസര്‍ക്കാറും വാഹനം വാങ്ങുന്നവരും. സി.എന്‍.ജി, എല്‍.എന്‍.ജിയൊക്കെ തള്ളിമാറ്റിയാണ് ഇലക്ട്രിക് വാഹനങ്ങള്‍ കടന്നു വന്നത്. ഇ.വിയാണ് നാളെയുടെ ഭാവി എന്ന വര്‍ത്തമാനങ്ങളില്‍ ഇപ്പോള്‍ ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പുതിയൊരു ഭേദഗതി കൊണ്ടുവന്നിരിക്കുകയാണ്. ഹൈഡ്രജനിലാണ് ഭാവി എന്നാണ് വാഹന നിര്‍മാതാക്കളോട് അദ്ദേഹം ബുധനാഴ്ച പറഞ്ഞത്.
ഇതിനിടയില്‍ എഥനോള്‍ മാഹാത്മ്യം മറ്റൊരു വഴിക്കുണ്ട്. പെട്രോളില്‍ ആദ്യം അഞ്ചു ശതമാനമാണ് കലര്‍ത്തി തുടങ്ങിയത്. പിന്നെ അത് 10 ശതമാനമാക്കി. കരിമ്പില്‍ നിന്നും അരിയില്‍ നിന്നും ഊറ്റിയെടുക്കുന്ന എഥനോള്‍ പെട്രോളില്‍ 20 ശതമാനം ചേര്‍ത്തു തുടങ്ങിയപ്പോള്‍ വാഹന നിര്‍മാതാക്കള്‍ക്കും വാഹനം ഉപയോഗിക്കുന്നവര്‍ക്കും ഒരുപോലെ സംശയമായി. വാഹനത്തിന്റെ ശേഷിയേയും എഞ്ചിന്‍ ഉപയോഗ കാലാവധിയേയും മൈലേജിനെയും അതു ബാധിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെട്ടത്. ഇ-20 പെട്രോള്‍ നിറക്കാന്‍ പാകത്തിലുള്ള ടാങ്ക് സജ്ജീകരിച്ചു കൊണ്ടാണ് ആ പ്രശ്‌നചര്‍ച്ച സര്‍ക്കാറും വാഹന ഉടമകളും തടഞ്ഞു നിര്‍ത്തിയത്.
ഇന്നിപ്പോള്‍ 20 ശതമാനം എഥനോള്‍ ഒരു പ്രശ്‌നമല്ലാതായി. പകരം, പെട്രോളില്‍ 80 ശതമാനം എഥനോള്‍ ചേര്‍ക്കുന്നതിനെക്കുറിച്ച ചര്‍ച്ച സജീവം. പെട്രോള്‍ ഇല്ലാതെ എഥനോള്‍ മാത്രം ഉപയോഗിക്കുന്ന ഫ്‌ളക്‌സ് ഫ്യുവല്‍ എഞ്ചിനുകള്‍ നിര്‍മിക്കാന്‍ വാഹന നിര്‍മാതാക്കളോടും, കൂടുതലായി അത് ഉപയോഗിക്കാന്‍ ഉപയോക്താക്കളോടും സര്‍ക്കാര്‍ ആഹ്വാനം ചെയ്യുന്നു. ഇതിനു പാകത്തില്‍ മോട്ടോര്‍ വാഹന ചട്ടത്തില്‍ ഭേദഗതികള്‍ ബ്ലെന്റ് ചെയ്യാനുള്ള കരട് നിര്‍ദേശങ്ങള്‍ പുറത്തിറക്കിക്കഴിഞ്ഞു.
എഥനോളില്‍ കുതിക്കുന്ന വാഹനങ്ങള്‍ കലശലായി വിപണിയില്‍ ഇറങ്ങാന്‍ പോകുന്നുവെന്നു തന്നെ സങ്കല്‍പിക്കുക. ഇത്രയധികം വാഹനങ്ങളില്‍ നിറക്കാന്‍ വേണ്ട എഥനോള്‍ ഉല്‍പാദിപ്പിക്കാന്‍ നമുക്ക് ശേഷിയുണ്ടോ എന്ന ക്രമപ്രശ്‌നം പിന്നാലെ വരുന്നു. എഥനോള്‍ ഉല്‍പാദിപ്പിക്കാന്‍ കരിമ്പും അരിയും ധാരാളം വെള്ളവും വേണം. അതിനായി ഇന്നുള്ള കൃഷി സ്ഥലങ്ങള്‍ കൂടുതലായി വിനിയോഗിച്ചാല്‍ അത് മറ്റു വിളകളുടെ ഉല്‍പാദനം കുറക്കും. ഭക്ഷ്യ സുരക്ഷയുടെയും ഭക്ഷണ വൈവിധ്യത്തിന്റെയും പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വന്നേക്കാം. എന്നാല്‍ കരിമ്പു കര്‍ഷകരെ ആഹ്‌ളാപ്പിക്കുന്നതും രാഷ്ട്രീയ നേട്ടം നല്‍കുന്നതുമാണ് എഥനോള്‍ ഉല്‍പാദന ചര്‍ച്ചകള്‍.
പെട്രോളിനെയും ഡീസലിനെയും ആശ്രയിക്കുന്നതു കുറക്കാന്‍ ഇലക്ട്രിക് വാഹനങ്ങളാണ് ഏറ്റവും യോജിച്ചതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇ.വിയില്‍ തന്നെ സൗരോര്‍ജം ഉപയോഗപ്പെടുത്തുന്ന എഞ്ചിനുകള്‍ വരണം. സോളാര്‍ ഇ.വിയില്‍ ഫോക്കസ് ചെയ്യുന്ന നയം മാത്രമല്ല, ബാറ്ററികളും അതിനു പാകത്തില്‍ ഉണ്ടായി വരണം. എഥനോളിനേക്കാള്‍ 180-250 മടങ്ങ് ശേഷിയുള്ളവയാണ് സോളാര്‍ ഇ.വി എഞ്ചിനുകള്‍. അതിനെല്ലാമിടയിലാണ് നിതിന്‍ ഗഡ്കരി ഹൈഡ്രജന്‍ ഇന്ധനമാക്കിയുള്ള വാഹനങ്ങള്‍ കൂടുതലായി ഇറക്കണമെന്ന് നിര്‍മാതാക്കളെ ഗഡ്കരി ആഹ്വാനം ചെയ്യുന്നത്. ഹെവി വിഭാഗത്തില്‍ പെടുന്ന വണ്ടികള്‍ക്ക് ഈ ഇന്ധനം കൂടുതലായി ഉപയോഗപ്പെടുത്താനാവും.
വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്ന ഒരു കാര്യമുണ്ട്. നമുക്ക് ഫോസില്‍ ഇന്ധന ആശ്രിതത്വം കുറച്ചേ മതിയാവൂ. പെട്രോളിനും ഡീസലിനും ശരി ബദല്‍ ഇ.വിയാണ്. എന്നാല്‍ അതിനൊത്ത അടിസ്ഥാന സൗകര്യവും സാങ്കേതിക മുന്നേറ്റവും ഉണ്ടാകാനുണ്ട്. വലിയ ചെലവ് എന്ന പ്രശ്‌നവുമുണ്ട്. ഇ.വിയിലേക്കുള്ള യാത്രയില്‍ ഹൈഡ്രജനും എഥനോളും സി.എന്‍.ജിയുമൊക്കെ പാലമായി നില്‍ക്കും. ആ നിലക്ക് എല്ലാം ഉപകാരപ്പെടും. അതേസമയം, ഇ.വിക്ക് പരമാവധി 'പുഷ്' കൊടുക്കുകയും വേണം. ഈ വഴിക്കാണോ സര്‍ക്കാര്‍ നീങ്ങുന്നത്? അല്ലെങ്കില്‍, ബദല്‍ ഇന്ധനത്തിനു വേണ്ടിയുള്ള വല്ലാത്ത കലപിലയായി അത് മാറിയേക്കാം.
Read DhanamOnline in English
Subscribe to Dhanam Magazine