ടെസ്‌ലയെ വെല്ലുവിളിച്ച് ജിഎം, കാഡിലാക് ആയുധമാക്കും
ഇലക്ട്രിക്ക് വാഹനങ്ങളുടെ തമ്പുരാനായ ടെസ്‌ലയ്ക്കെതിരെ മത്സരിക്കാൻ ജനറൽ മോട്ടോർസ്. തങ്ങളുടെ അത്യാഡംബര കാറായ കാഡിലാക്കിനെ ഇലക്ട്രിക്ക് വാഹനങ്ങളുടെ നിരയിലേക്കെത്തിക്കാനാണ് ജിഎമ്മിന്റെ പദ്ധതി.
നിക്ഷേപകർക്ക് മുന്നിൽ തങ്ങളുടെ പദ്ധതി വെള്ളിയാഴ്ച അവതരിപ്പിക്കാനിരിക്കുകയാണ് കമ്പനി. ജിഎമ്മിന്റെ നെക്സ്റ്റ്-ജെൻ പ്ലാറ്റ് ഫോമായ 'ബിഇവി3' യിൽ നിർമ്മിക്കുന്ന ആദ്യ കാറായിരിക്കും ഇത്.
മാത്രമല്ല, പൂർണമായും വൈദ്യുതിയിലോടുന്ന കമ്പനിയുടെ ആദ്യ വാഹനവും ഇതാണ്. ഇതുനു മുൻപ് ഹൈബ്രിഡ് കാറുകൾ ജിഎം പുറത്തിറക്കിയിട്ടുണ്ട്.
ടെസ്‌ല ഈ വർഷം ഇന്ത്യയിലേക്ക് വരുമെന്ന് സ്ഥാപകനായ ഇലോൺ മസ്‌ക്ക് നേരത്തേ അറിയിച്ചിരുന്നു. ഇന്ത്യ, ആഫ്രിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിൽ 2019 ഓടെ കമ്പനിയുടെ സാന്നിധ്യം ഉറപ്പാക്കണമെന്ന് ടെസ്‌ലയുടെ സർവീസ് ടീമിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് മസ്‌ക്ക് പറഞ്ഞത്.
യുഎസിന് പുറമെ, കാനഡ, ചില യൂറോപ്യൻ രാജ്യങ്ങൾ, ചൈന, ജപ്പാൻ, ഹോങ്കോങ്ങ്, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ എന്നിവിടങ്ങളിലെല്ലാം ടെസ്‌ലയുണ്ട്.