

20 ശതമാനം എഥനോള്‍ ചേര്‍ത്ത പെട്രോള്‍ (ഇ20) ഉപയോഗിക്കുമ്പോള്‍ വാഹനത്തിന്റെ മൈലേജില്‍ ആനുപാതികമായ കുറവുണ്ടാകുമെന്ന് സമ്മതിച്ച് കേന്ദ്രസര്‍ക്കാര്‍. എഥനോള്‍ ചേര്‍ത്ത പെട്രോള്‍ ഉപയോഗിക്കുന്നത് വാഹനത്തിന് ദോഷമാണെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ഇതോടെയാണ് ഇക്കാര്യത്തില്‍ കേന്ദ്ര പെട്രോളിയം ആന്‍ഡ് ന്യാചുറല്‍ ഗ്യാസ് മന്ത്രാലയം വ്യക്തത വരുത്തിയത്.
പെട്രോളിനേക്കാള്‍ ഊര്‍ജ്ജ സാന്ദ്രത കുറഞ്ഞ എഥനോള്‍ കൂടി ചേര്‍ക്കുമ്പോള്‍ വാഹനത്തിന്റെ മൈലേജില്‍ ആനുപാതികമായ കുറവുണ്ടാകും. ഇ10, ഇ20 പെട്രോളിനായി ഡിസൈന്‍ ചെയ്ത വാഹനത്തില്‍ 1-2 ശതമാനം വരെയാണ് മൈലേജ് കുറയുക. മറ്റ് വാഹനങ്ങളില്‍ 3-6 ശതമാനം വരെ മൈലേജ് കുറയുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഫലപ്രദമായി എഞ്ചിന്‍ ട്യൂണ്‍ ചെയ്യുന്നതിലൂടെയും ഇ20ക്ക് അനുസൃതമായ എഞ്ചിന്‍ ഘടകങ്ങള്‍ ഉപയോഗിക്കുന്നതിലൂടെയും ഇത് ഒഴിവാക്കാനാകും. ഇക്കാര്യം പ്രധാന വാഹന നിര്‍മാതാക്കള്‍ ഇതിനോടകം ചെയ്തുവരുകയാണ്. ഇ20 പെട്രോള്‍ ഉപയോഗിക്കുന്നത് മൂലം വാഹനത്തിന്റെ ഘടകങ്ങള്‍ തുരുമ്പെടുക്കുന്നത് ചില റബ്ബര്‍ ഭാഗങ്ങള്‍ മാറ്റിയാല്‍ പരിഹരിക്കാമെന്നും ഇവക്ക് വലിയ വിലയാകില്ലെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
കരിമ്പ്, ചോളം, ബാര്‍ലി എന്നിവയുടെ കാര്‍ഷികാവശിഷ്ടത്തില്‍ നിന്ന് വാറ്റിയെടുക്കുന്ന എഥനോള്‍ (ഈഥൈല്‍ ആല്‍ക്കഹോള്‍) ചേര്‍ത്ത പെട്രോളാണിത്. 10 ശതമാനം എഥനോള്‍ ചേര്‍ത്ത പെട്രോളിനെ ഇ10 എന്നും 20 ശതമാനം ചേര്‍ത്തതിനെ ഇ20 എന്നും വിളിക്കുന്നു. അതായത് ഇതില്‍ 20 ശതമാനം എഥനോളും 80 ശതമാനം പെട്രോളുമായിരിക്കും. ഇതിലൂടെ ക്രൂഡ് ഓയില്‍ ഇറക്കുമതി കുറക്കാനും പ്രാദേശിക കര്‍ഷകരെ സഹായിക്കാനും കഴിയുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം.
എന്നാല്‍ ഇത്തരം ഇന്ധനം ഉപയോഗിക്കാവുന്ന വിധത്തില്‍ ഡിസൈന്‍ ചെയ്യാത്ത വാഹനങ്ങള്‍ക്ക് ഇ20 പെട്രോള്‍ ദോഷകരമാണെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. ഈര്‍പ്പത്തെ ആഗിരണം ചെയ്യാന്‍ കഴിവുള്ള പദാര്‍ത്ഥമാണ് എഥനോള്‍. ഇത് വാഹനത്തിന്റെ ഇന്ധന ടാങ്ക്, ഇന്‍ജെക്ടറുകള്‍, പൈപ്പുകള്‍, എഞ്ചിന്‍, എക്‌സ്‌ഹോസ്റ്റ് തുടങ്ങിയ ലോഹഭാഗങ്ങള്‍ തുരുമ്പെടുക്കുന്നതിലേക്ക് നയിക്കും. സീലുകള്‍, ഗാസ്‌കെറ്റുകള്‍, ഫ്യൂവല്‍ ഹോസുകള്‍ പോലുള്ള റബ്ബര്‍, പ്ലാസ്റ്റിക്ക് ഭാഗങ്ങള്‍ക്കും ഇവ നാശമുണ്ടാക്കും. കൂടാതെ എഥനോള്‍ വാഹനത്തിന്റെ എയര്‍-ഫ്യൂവല്‍ അനുപാതത്തിലും (വാഹനത്തിന്റെ എഞ്ചിനില്‍ വായുവും ഇന്ധനവും സംയോജിപ്പിക്കേണ്ട അനുപാതം) മാറ്റമുണ്ടാക്കും. ഇ-20 പെട്രോളിന് വേണ്ടി കാലിബറേറ്റ് ചെയ്യാത്ത ഇലക്ട്രോണിക് കണ്‍ട്രോള്‍ യൂണിറ്റും ഫ്യൂവല്‍ ഇഞ്ചക്ടര്‍ സംവിധാനവുമാണ് ഉള്ളതെങ്കില്‍ വാഹനത്തിന്റെ പ്രകടനത്തെ ബാധിക്കാനും സ്റ്റാര്‍ട്ടിംഗ് പ്രശ്‌നങ്ങളിലേക്ക് നയിക്കാനും സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇതിന് പുറമെ മറ്റ് ചില പ്രശ്‌നങ്ങളും ഉപയോക്താക്കള്‍ ഉന്നയിക്കുന്നുണ്ട്. നിലവില്‍ മിക്ക പെട്രോള്‍ പമ്പുകളിലും എഥനോള്‍ ചേര്‍ത്ത ഇ20 പെട്രോള്‍ അല്ലെങ്കില്‍ ഒക്ടേന്‍ ലെവല്‍ അധികമായ പ്രീമിയം പെട്രോള്‍ മാത്രമാണ് ലഭിക്കുന്നത്. ഉപയോക്താക്കള്‍ക്ക് മേല്‍ ഇ20 അടിച്ചേല്‍പ്പിക്കുന്നതിന് തുല്യമാണിതെന്നാണ് പ്രധാന വിമര്‍ശനം. 20 ശതമാനം എഥനോള്‍ ചേര്‍ത്തിട്ടും പെട്രോള്‍ വില കുറക്കാത്തതെന്താണെന്ന് മറ്റൊരു ചോദ്യം. മൈലേജ് ആനുപാതികമായി കുറയുമ്പോള്‍ ഇന്ധന ഉപയോഗം വര്‍ധിക്കുകയാണെന്നും വിമര്‍ശനങ്ങളുണ്ട്.
2023ന് മുമ്പ് നിര്‍മിച്ച വാഹനങ്ങള്‍ ഇ20ക്ക് അനുസൃതമായി മാറ്റാന്‍ ചില മോഡിഫിക്കേഷനുകള്‍ വരുത്തേണ്ടതുണ്ടെന്ന് ഇരുചക്ര വാഹന നിര്‍മാതാവായ ഹീറോ മോട്ടോകോര്‍പ്പ് പറയുന്നു.ഗ്യാസ്‌കെറ്റുകള്‍, ഒ റിംഗ്‌സ്, ഫ്യൂവല്‍ ട്യൂബ് പോലുള്ളവ മാറ്റണമെന്നാണ് ഹീറോയുടെ വെബ്‌സൈറ്റ് പറയുന്നത്. സമാനമായ നിര്‍ദ്ദേശം ടി.വി.എസ് മോട്ടോര്‍സും നല്‍കിയിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine