

നാളെമുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് കേന്ദ്ര ഗതാഗത മന്ത്രാലയം നീട്ടി. പുതിയ അറിയിപ്പ് പ്രകാരം ഫെബ്രുവരി 15 മുതലാവും ഫാസ് ടാഗ് നിര്‍ബന്ധമാക്കുക. നിലവില്‍ 75 ശതമാനം മുതല്‍ 80 ശതമാനം വരെ മാത്രമാണ് ഫാസ്ടാഗ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ നടക്കുന്നത്. ഇത് 100 ശതമാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തിലാണ് പുതിയ ഉത്തരവ്. എന്നിരുന്നാലും ഫാസ്റ്റാഗിലേക്ക് മാറാനുള്ള നിര്‍ദേശങ്ങള്‍ വാഹന ഉടമകള്‍ക്ക് നല്‍കിക്കൊണ്ടേ ഇരിക്കും.
നേരത്തെ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ടോളുകളിലെ പണമിടപാട് ജനുവരി ഒന്നു മുതല്‍ പൂര്‍ണമായും ഫാസ്ടാഗിലേക്ക് മാറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിലേക്ക് മാറാത്തവര്‍ക്ക് 500 രൂപയും ടോള്‍ പ്ലാസയില്‍ നിന്നുതന്നെ ടാഗ് ചെയ്യാനുള്ള നിര്‍ബന്ധിത ഉത്തരവും ആയിരുന്നു നിര്‍ദേശം.
ടോള്‍ പ്ലാസയിലെ പണമിടപാടുകള്‍ നിരുത്സാഹപ്പെടുത്തുന്നതിനായി, ഓരോ വശത്തും ഒരെണ്ണം ഒഴികെയുള്ള എല്ലാ പാതകളും 'ഫാസ്റ്റ് ടാഗ് പാതകള്‍' എന്നായി മാറ്റിയിരുന്നു. അതോടെ നിലവില്‍ ഫാസ് ടാഗ് ഇല്ലാതെയുള്ള വാഹനങ്ങള്‍ക്ക് ടോള്‍ പ്ലാസയിലെ ഈ ഒരു ലൈനിലൂടെ മാത്രമേ കടന്നു പോകുവാന്‍ സാധിക്കൂ. കൂടാതെ ഫാസ്റ്റ് ടാഗ് ഇല്ലാതെ മറ്റു പാതകളിലേക്ക് പ്രവേശിക്കുന്ന ഏത് വാഹനവും സാധാരണ ടോള്‍ ഫീസിന്റെ ഇരട്ടി നല്‍കേണ്ടിയും വരുന്നുണ്ട്. ഇത് തുടരും.
Read DhanamOnline in English
Subscribe to Dhanam Magazine