

ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നത് ഡിസംബര്‍ 15 വരെ നീട്ടിയതില്‍ ആശ്വാസവുമായി ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥരും ടോള്‍ പ്ലാസ നടത്തിപ്പുകാരും.ആദ്യം നിശ്ചയിച്ചിരുന്ന പ്രകാരം ഡിസംബര്‍ 1 മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കിയിരുന്നെങ്കില്‍ ടോള്‍ പ്ലാസകളില്‍ സാരമായ പ്രശ്‌നങ്ങളുണ്ടാകുമെന്ന ഭീതിയിലായിരുന്നു അവര്‍. ഫാസ്ടാഗ് കാര്‍ഡ് വിതരണത്തില്‍ പ്രതീക്ഷിച്ച പുരോഗതി ദൃശ്യമാകാതിരുന്നതാണ് കാരണം.
സംസ്ഥാനത്തെ ടോള്‍ ബൂത്തുകളിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ നാലിലൊന്നു പോലും ഫാസ്ടാഗ് എടുത്തിട്ടില്ലെന്ന് ജീവനക്കാര്‍ പറയുന്നു.ഫാസ്ടാഗുകള്‍ ദേശീയ പാത അതോറിറ്റിയുടെ കേന്ദ്രങ്ങള്‍ വഴി വിതരണം ചെയ്യുന്നതിനുള്ള സംവിധാനം കാര്യക്ഷമമല്ലെന്ന പരാതിയുമുണ്ട്. ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് ഏജന്‍സികള്‍ മാത്രമാണ് ടാഗ് ലഭ്യമാക്കുന്നത്.
ടാഗിന്റെ വിലയായ 100 രൂപയും ഡെപ്പോസിറ്റായി 150 രൂപയും സര്‍ക്കാര്‍ വഹിക്കുമെന്നായിരുന്നു കേന്ദ്ര ഗതാഗതമന്ത്രിയുടെ പ്രഖ്യാപനം. ദേശീയപാതാ അതോറിറ്റിയുടെ കേന്ദ്രങ്ങള്‍വഴി ഡിസംബര്‍ ഒന്നു വരെയാണ് സൗജന്യസേവനം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച അറിയിപ്പുകളൊന്നും ദേശീയപാതാ അതോറിറ്റിയുടെ ഓഫിസുകളില്‍ ലഭിച്ചിട്ടില്ല. ടാഗും ലഭ്യമാക്കിയിട്ടില്ല. ടോള്‍ പ്ലാസകളില്‍, കലക്ഷന്‍ കരാറെടുത്തിരിക്കുന്നവരും, ബാങ്കുകള്‍ അടക്കമുള്ള ഏജന്‍സികളുമാണ് നിലവില്‍ ടാഗ് ലഭ്യമാക്കിയിരിക്കുന്നത്. ടാഗിന്റെ വിലയടക്കം അഞ്ഞൂറു മുതല്‍ അറുന്നൂറ് രൂപവരെയാണ് വിവിധ ഏജന്‍സികളുടെ നിരക്ക്.
ഇതിനിടെ ഫാസ്റ്റ് ടാഗുകള്‍ ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍, സ്‌നാപ്ഡീല്‍ എന്നിവയുടെ പ്ലാറ്റ്‌ഫോമുകളില്‍ വില്‍ക്കുന്നതിന് ഒരു സേവന ദാതാവിനെ നിയമിക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. ഇലക്ട്രോണിക് ടാഗ് ഇതിനകം ആമസോണില്‍ ലഭ്യമാണ്. പേടിഎമ്മും ബാങ്ക് വെബ്സൈറ്റുകളും ഫാസ്റ്റ് ടാഗ് വില്‍ക്കുന്നുണ്ട്.
തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയ്ക്കു സമീപം ഫാസ്ടാഗ് കാര്‍ഡുകളുടെ വിതരണത്തിന് പ്രത്യേക കൗണ്ടര്‍ തുടങ്ങിയിട്ടുണ്ട്. ടോള്‍ പ്ലാസയുടെ പത്തു കിലോമീറ്റര്‍ ചുറ്റളവിലെ താമസക്കാര്‍ക്കു പ്രതിമാസം 150 രൂപ അടച്ചാല്‍ എത്ര തവണയും യാത്ര ചെയ്യാന്‍ കഴിയുന്ന പദ്ധതിയും ലഭ്യമാണ്. ഇരുപതു കിലോ മീറ്ററിനുള്ളില്‍ താമസിക്കുന്നവരാണെങ്കില്‍ പ്രതിമാസം 300 രൂപ അടച്ചാല്‍ സമാനമായ പദ്ധതിയില്‍ ചേരാം.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine