ഇ.വിയും കടന്ന് എഥനോള്‍ വാഹനങ്ങളിലേക്ക് കണ്ണുവെച്ച് സര്‍ക്കാര്‍, ഫ്‌ളെക്‌സ് ഫ്യുവല്‍ വാഹനങ്ങള്‍ ഇന്ത്യയില്‍ എത്രത്തോളം സാധ്യമാണ്?

ഉയര്‍ന്ന എഥനോള്‍ മിശ്രിതത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന വാഹനങ്ങളുടെ ടെസ്റ്റിംഗും സര്‍ട്ടിഫിക്കേഷനും സംബന്ധിച്ച മാനദണ്ഡങ്ങള്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ചുവടു വെക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളെപ്പോലെ നികുതി 18ല്‍ നിന്ന് അഞ്ചു ശതമാനമാക്കുന്നതും ആലോചനയിലുണ്ട്
Ethanol Filling Station, Brazil
Ethanol Filling Station, Brazil
Published on

പശ്ചിമേഷ്യന്‍ യുദ്ധം മൂലം ക്രൂഡ് ഓയില്‍ ലഭ്യത വലിയൊരു വിഷയമായി മാറിയതോടെ വാഹനങ്ങളില്‍ ബദല്‍ ഇന്ധന ഉപയോഗം വിപുലമാക്കുന്നതിന്റെ സാധ്യതകള്‍ തേടി കേന്ദ്രസര്‍ക്കാര്‍. ഉയര്‍ന്ന എഥനോള്‍ ഇന്ധനങ്ങളിലേക്കുള്ള (E85, E100) മാറ്റം വേഗത്തിലാക്കാന്‍ കരട് ചട്ടം വൈകാതെ കൊണ്ടുവരാനാണ് ഒരുക്കം. പെട്രോളിനെ ആശ്രയിക്കുന്നതു കഴിവതും കുറക്കുക, പരിസ്ഥിതി സൗഹൃദ ഗതാഗതം പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യങ്ങളാണ്. 85 മുതല്‍ 100 ശതമാനം വരെ എഥനോള്‍ ഉപയോഗിച്ച് ഓടിക്കുന്ന വാഹനങ്ങള്‍ ഇന്ത്യന്‍ നിരത്തുകളില്‍ എത്തിക്കുക എത്രത്തോളം പ്രായോഗികമാണ്?

ഉയര്‍ന്ന എഥനോള്‍ മിശ്രിതത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന വാഹനങ്ങളുടെ ടെസ്റ്റിംഗും സര്‍ട്ടിഫിക്കേഷനും സംബന്ധിച്ച മാനദണ്ഡങ്ങള്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ചുവടു വെക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളെപ്പോലെ നികുതി 18ല്‍ നിന്ന് അഞ്ചു ശതമാനമാക്കുന്നതും ആലോചനയിലുണ്ട്. ഇതോടെ എഥനോള്‍-പെട്രോള്‍ മിശ്രിതങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഫ്ളക്സ് ഫ്യൂവല്‍ വാഹനങ്ങളുടെ (FFV) നിര്‍മാണം കമ്പനികള്‍ വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷ.

E20ക്ക് അപ്പുറത്തെ നീക്കം

രാജ്യത്ത് ഇതിനോടകം തന്നെ 20% എഥനോള്‍ ചേര്‍ത്ത E20 ഇന്ധനം വ്യാപകമായി നടപ്പിലാക്കിയിട്ടുണ്ട്. ഇത് ഇന്ത്യയുടെ ബയോഫ്യൂവല്‍ നയത്തില്‍ വലിയ ചുവടുവെയ്പായിരുന്നു. അവിടവും കടന്നാണ് ഇപ്പോള്‍ E85 (85% എഥനോള്‍ + 15% പെട്രോള്‍), E100 (സമ്പൂര്‍ണ എഥനോള്‍) വാഹനങ്ങളെക്കുറിച്ച ചര്‍ച്ച. ഇന്ധന ഇറക്കുമതി ചെലവും മലിനീകരണവും കുറക്കാം എന്നതിനു പുറമെ, കരിമ്പ് ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകളില്‍ നിന്ന് എഥനോള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനാല്‍ കര്‍ഷകര്‍ക്കും ഗുണകരമാകും.

ഫ്ളക്സ് ഫ്യൂവല്‍ വാഹനങ്ങളുടെ വ്യാപനം ഉറപ്പാക്കാന്‍ ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികളുമായും വാഹന നിര്‍മാതാക്കളുമായും സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ഇ-85 പോലുള്ള ഉയര്‍ന്ന എഥനോള്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കാന്‍ പ്രത്യേക എന്‍ജിനുകളും അനുബന്ധ സൗകര്യങ്ങളും ആവശ്യമാണ്. രാജ്യത്ത് ഇത്തരം അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും വ്യാപകമല്ല എന്നതാണ് പ്രധാന വെല്ലുവിളി. നികുതി, പ്രോത്സാഹനങ്ങള്‍, ചട്ടങ്ങളുടെ വ്യക്തത തുടങ്ങിയ വിഷയങ്ങളില്‍ വാഹന നിര്‍മാതാക്കള്‍ക്ക് ആശങ്കകളും നിലനില്‍ക്കുന്നു. E20യില്‍ നിന്ന് E85ലേക്കുള്ള ഇന്ത്യയുടെ യാത്രക്ക് വേഗം കൂടുന്നതിന് നയപരമായ പിന്തുണ,വ്യാവസായിക തയ്യാറെടുപ്പ്, ഉപഭോക്തൃ സ്വീകാര്യത എന്നിവ നിര്‍ണായകമാകും.

സാധ്യതയും വെല്ലുവിളികളും

ഈ സാങ്കേതിക വിദ്യ എന്താണ്, ലോകം എങ്ങനെ സ്വീകരിച്ചു, ഇന്ത്യയില്‍ എന്ത് വെല്ലുവിളികളുണ്ട്-ഇവയെല്ലാം വിശദമായി പരിശോധിക്കാം.

എന്താണ് E85 ഫ്‌ളെക്സ്-ഫ്യൂവല്‍ വാഹനം? ഫ്‌ലെക്സ്-ഫ്യൂവല്‍ വാഹനം (FFV) എന്നത് പെട്രോള്‍ മുതല്‍ ഉയര്‍ന്ന എഥനോള്‍ മിശ്രിതങ്ങള്‍ വരെ (E85, E100) ഉപയോഗിച്ച് ഓടാന്‍ കഴിയുന്ന വാഹനമാണ്. ഇവയില്‍ പ്രത്യേക സെന്‍സറുകളും എഞ്ചിന്‍ മാനേജ്‌മെന്റ് സംവിധാനവും ഉണ്ടാകും. ഇവ ഇന്ധനത്തിലുള്ള എഥനോള്‍ അളവ് തിരിച്ചറിഞ്ഞ് എഞ്ചിന്റെ പ്രവര്‍ത്തനം സ്വയം ക്രമീകരിക്കും.

സാധാരണ പെട്രോള്‍/ഡീസല്‍ വാഹനങ്ങളില്‍ നിന്നുള്ള വ്യത്യാസം എന്താണ്? സാധാരണ വാഹനങ്ങള്‍ പരമാവധി E10-E20 വരെ മാത്രമേ പിന്തുണയ്ക്കൂ.

ഫ്‌ളെക്സ്-ഫ്യൂവല്‍ വാഹനങ്ങളില്‍ E85 വരെ അല്ലെങ്കില്‍ അതിലും കൂടുതല്‍ മിശ്രിതങ്ങള്‍ ഉപയോഗിക്കാം. വ്യത്യസ്ത ഇന്ധനങ്ങളിലേക്ക് സ്വയം അഡ്ജസ്റ്റ് ചെയ്യുന്ന എഞ്ചിന്‍, എഥനോള്‍ പ്രതിരോധ ശേഷിയുള്ള സാമഗ്രികള്‍, ഇന്ധന സെന്‍സര്‍, സോഫ്റ്റ്‌വെയര്‍ എന്നവ ഇതിന്റെ പ്രത്യേകതകളാണ്.

എവിടെയൊക്കെയുണ്ട് ഈ വാഹനങ്ങള്‍?

ഫ്‌ളെക്സ്-ഫ്യൂവല്‍ മോഡല്‍ പുതിയ ആശയം അല്ല. ബ്രസീലാണ് ലോകത്ത് ഏറ്റവും വിജയകരമായ മാതൃക. ഭൂരിഭാഗം കാറുകളും ഫ്‌ളെക്സ്-ഫ്യൂവലാണ്. യു.എസിലും E85 വാഹനങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നു. സ്വീഡന്‍, തായ്‌ലന്റ്, ഫിലി്െപ്പെന്‍സ് എന്നിവിടങ്ങളില്‍ പരീക്ഷണം പുരോഗമിക്കുന്നു. ഇന്ത്യ നിലവില്‍ E20 നടപ്പിലാക്കി, E85 അടുത്ത ഘട്ടമായി പരിഗണിക്കുന്നു.

ഇന്ധന കാര്യക്ഷമത

എഥനോളിന് പെട്രോളിനെക്കാള്‍ energy density കുറവാണ്. E20യില്‍ തന്നെ 1-4% വരെ മൈലേജ് കുറയാം. E85ല്‍ ഇത് കൂടുതലാകാം. എങ്കിലും എഥനോള്‍ high-octane fuel ആയതിനാല്‍ combustion മെച്ചപ്പെടും. അതുകൊണ്ട് ഇന്ധന ഉപയോഗം കൂടും. എഞ്ചിന്റെ ആരോഗ്യത്തെ ബാധിക്കാം.

നടപ്പാക്കാനുള്ള തടസങ്ങള്‍

1. സംവിധാനമില്ല: E85 സംഭരണം, വിതരണം എന്നിവയ്ക്ക് പുതിയ സൗകര്യങ്ങള്‍ വേണം

2. എഥനോള്‍ ഉത്പാദനം: കരിമ്പ്, മൈസ് എന്നിവ ആശ്രയം

3. വാഹന ലഭ്യത കുറവ്: FFV മോഡലുകള്‍ ഇപ്പോഴും പരിമിതം

4. വില പ്രശ്‌നം: മൈലേജ് കുറയുന്നതിനാല്‍ എഥനോളിന് പെട്രോളിനെക്കാള്‍ വില കുറഞ്ഞിരിക്കണം

5. ഉപഭോക്തൃ ആശങ്കകള്‍: പുതിയ സാങ്കേതിക വിദ്യയോടുള്ള സംശയം

6. നികുതി ആനുകൂല്യങ്ങള്‍: ബ്രസീല്‍ പോലുള്ള രാജ്യങ്ങളില്‍ എഥനോള്‍ ഇന്ധനത്തിന് നികുതി ഇളവുകള്‍ നല്‍കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com