തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ്: ഓട്ടോയ്ക്കും സ്‌കൂള്‍ ബസിനും പ്രീമിയം കുറയും

ഓട്ടോറിക്ഷ, വൈദ്യുത വാഹനങ്ങള്‍, ഹൈബ്രിഡുകള്‍, സ്‌കൂള്‍ ബസുകള്‍ തുടങ്ങിയവയുടെ നടപ്പുവര്‍ഷത്തെ (2023-24) അടിസ്ഥാന തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ ഇളവുകള്‍ക്ക് ശുപാര്‍ശയുമായി കേന്ദ്ര ഗതാഗത മന്ത്രാലയം. ഇതുപ്രകാരം, വിദ്യാലയ ബസുകള്‍ക്ക് 15 ശതമാനം ഇളവ് (ഡിസ്‌കൗണ്ട്) അടിസ്ഥാന പ്രീമിയംതുകയില്‍ ലഭിക്കും.

നിലവില്‍ വിദ്യാലയ ബസുകള്‍ക്ക് നിരക്ക് 13,729 രൂപയും മറ്റ് ബസുകള്‍ക്ക് 14,343 രൂപയുമാണ്. വിന്റേജ് കാറുകള്‍ക്ക് 50 ശതമാനമാണ് ഇളവ്. പാസഞ്ചര്‍ ഓട്ടോറിക്ഷകള്‍ക്ക് 6.8 ശതമാനവും വൈദ്യുത വാഹനങ്ങള്‍ക്ക് 15 ശതമാനവും ഹൈബ്രിഡുകള്‍ക്ക് 7.5 ശതമാനവുമാണ് ഇളവ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
വൈദ്യുത ഓട്ടോകള്‍ക്ക് നിലവില്‍ പ്രീമിയം 1,648 രൂപയാണ്. ശുപാര്‍ശ പ്രകാരം ഇത് 1,539 രൂപയായി കുറയും. മറ്റ് ഓട്ടോറിക്ഷകളുടേത് 2,539 രൂപയില്‍ നിന്ന് 2,371 രൂപയായും താഴും. അതേസമയം, പുതിയ നിരക്കുകള്‍ എന്ന് മുതല്‍ നടപ്പാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.

തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ്

ഇരുചക്രം മുതല്‍ വലിയ ചരക്ക് വാഹനം വരെ, ഏത് ശ്രേണിയില്‍പ്പെട്ട പൊതു, സ്വകാര്യ വാഹനമായാലും തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്. ഇന്‍ഷുറന്‍സില്ലാതെ വാഹനം നിരത്തിലിറക്കാനാവില്ല. പോളിസി ഉടമയ്ക്കല്ല, പകരം അദ്ദേഹത്തിന്റെ വാഹനം മൂലം നിസാരമോ സാരമോ ആയ അപകടം സംഭവിക്കുന്ന മൂന്നാംകക്ഷിക്കാണ് ഇതുപ്രകാരം ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുക.

മറ്റ് വാഹനങ്ങളുടെ നിരക്കില്‍ മാറ്റമില്ല
പാസഞ്ചര്‍ കാര്‍, ടൂവീലര്‍, ചരക്കുവാഹനങ്ങള്‍ തുടങ്ങിയവയുടെ അടിസ്ഥാന പ്രീമിയം നിലനിറുത്തിക്കൊണ്ടുള്ള 2023-24 വര്‍ഷത്തെ ശുപാര്‍ശയാണ് ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുള്ളത്. 75 സി.സിക്ക് താഴെയുള്ള ടൂവീലറുകളുടെ നിരക്ക് 538 രൂപയായി തുടരും. 75-150 സി.സിക്ക് 714 രൂപ, 150-350 സി.സിക്ക് 1,366 രൂപ, 350 സി.സിക്ക് മുകളില്‍ 2,804 രൂപ എന്നിങ്ങനെയുമാണ് നിരക്ക്.
1,000 സി.സിക്ക് താഴെയുള്ള കാറുകള്‍ക്ക് അടിസ്ഥാന പ്രീമിയം നിരക്ക് 2,904 രൂപ. 1,000-1,500 സി.സിക്ക് 3,416 രൂപയും 1,500 സി.സിക്ക് മുകളില്‍ 7,897 രൂപയുമാണ് പ്രീമിയം. പൊതു ചരക്ക് വാഹനങ്ങള്‍ക്ക് (പബ്ലിക് ഗുഡ്‌സ് കാരിയര്‍) 16,049 രൂപ മുതല്‍ 44,242 രൂപവരെയാണ് ഭാരശേഷി അനുസരിച്ച് നിരക്ക്. സ്വകാര്യ ചരക്ക് വാഹനങ്ങളുടേതും 8,510 മുതല്‍ 25,038 രൂപ പ്രീമിയം നിരക്ക് നിലനിറുത്തി.

Related Articles

Next Story

Videos

Share it