
പരിസ്ഥിതി മലിനീകരണം കുറയ്ക്കാന്‍ രാജ്യത്തെ വാഹനങ്ങള്‍ക്കു ബിഎസ് 6 മാനദണ്ഡം നടപ്പാക്കുന്നതിനൊപ്പം പെട്രോളിനും ഡീസലിനും വില വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടി എണ്ണ കമ്പനികള്‍. കമ്പനികളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചാല്‍ 2020 ഏപ്രിലില്‍ ബിഎസ് 6 നിര്‍ബന്ധിതമാകുന്നതിന്റെ അനുബന്ധമായി പെട്രോളിന് 80 പൈസയും ഡീസലിന് 1.50 രൂപയും 'പ്രീമിയം' ഇനത്തില്‍ കൂടുതലായി ഉപഭോക്താക്കള്‍ നല്‍കേണ്ടിവരും.
ബിഎസ് 6 നിലവാരമുള്ള ഇന്ധനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് നിക്ഷേപിക്കുന്ന അധിക തുക വസൂലാക്കാന്‍ കമ്പനികളെ സഹായിക്കുന്ന നിര്‍ദേശങ്ങള്‍ നടപ്പാക്കാതിരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനാകില്ലെന്ന് വിദഗ്ധര്‍ പറയുന്നു. ഇതിനായി റിഫൈനറികളില്‍ മാറ്റംവരുത്താന്‍ നിക്ഷേപിക്കുന്ന തുകയില്‍ ഒരുഭാഗം ഉപഭോക്താക്കളില്‍ നിന്ന് തിരികെ പിടിക്കാന്‍ അനുവദിക്കണമെന്നാണ് പൊതു,സ്വകാര്യ മേഖലകളിലെ എണ്ണ കമ്പനികള്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.
വരുന്ന അഞ്ച് വര്‍ഷത്തേക്ക് പ്രീമിയം ഈടാക്കാനുള്ള ശിപാര്‍ശയാണ് പെട്രോളിയം മന്ത്രാലയത്തിന്റെ പരിഗണനയിലുള്ളത്. ഈ ശിപാര്‍ശ നടപ്പിലായാല്‍ പിന്നെ ഇന്ത്യന്‍ വിപണികളിലെ പെട്രോള്‍, ഡീസല്‍ വില ആഗോള വിപണിയിലെ വിലയേക്കാള്‍ എപ്പോഴും ഉയര്‍ന്നിരിക്കും. നിലവില്‍ ആഗോള വിലയോട് ബന്ധപ്പെടുത്തി പ്രതിദിനം നിരക്ക് പുതുക്കിവരുന്നു. ജനങ്ങളുടെ മേല്‍ അമിതഭാരം വരാതിരിക്കാന്‍ പ്രീമിയം ഒറ്റയടിക്ക് വര്‍ധിപ്പിക്കാതെ അന്താരാഷ്ട്രവില താഴുമ്പോള്‍ ആനുപാതികമായി വിലക്കുറവ് ഒഴിവാക്കുന്നതിനു പകരം പ്രീമിയം വര്‍ധിപ്പിക്കണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നിട്ടുണ്ട്.
എന്നാല്‍ ഇന്ത്യന്‍ ഓട്ടോ വിപണി ഇലക്ട്രോണിക് വാഹനങ്ങളിലേക്ക് കൂടുമാറുന്ന സാഹചര്യത്തില്‍ എണ്ണ കമ്പനികള്‍ക്ക് ബിഎസ് 6 നിക്ഷേപങ്ങള്‍ പ്രീമിയമായി തിരിച്ചുപിടിക്കുന്നത് എത്രമാത്രം പ്രായോഗികമാകുമെന്ന ആശങ്കയുമുണ്ട്. ഇന്ത്യന്‍ ഓയില്‍ ,ഹിന്ദുസ്ഥാന്‍ ,ഭാരത് പെട്രോളിയം കമ്പനികള്‍ 80000 കോടി രൂപയാണ് അധിക മുതല്‍ മുടക്കു നടത്തിയിരിക്കുന്നത്. റിലയന്‍സ്,നയാര എനര്‍ജി പോലെയുള്ള സ്വകാര്യ കമ്പനികളും എണ്ണ ശുദ്ധീകരണ ശാലകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് വന്‍ നിക്ഷേപം നടത്തിക്കഴിഞ്ഞു.
എണ്ണക്കമ്പനികള്‍ ആവശ്യങ്ങള്‍ മുന്നോട്ടു വെച്ചിട്ടുണ്ടെങ്കിലും തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് പെട്രോളിയം മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു. ഇന്ധന വില ഫോര്‍മുല പുനഃക്രമീകരിക്കുന്നതിന് മുന്‍പ് മറ്റെല്ലാ മാര്‍ഗങ്ങളും പരിശോധിക്കുമെന്നാണ് മന്ത്രാലയം അറിയിച്ചിട്ടുള്ളത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine