കേന്ദ്ര ആനുകൂല്യങ്ങളുമായി 10 ലക്ഷം വൈദ്യുതി സ്‌കൂട്ടറുകള്‍ വിപണിയിലേക്ക്

വൈദ്യുത ഇരുചക്ര വാഹനോപയോഗം പ്രോത്സാഹിപ്പിക്കാനായി സബ്‌സിഡിക്ക് അര്‍ഹതയുള്ള ഗുണഭോക്താക്കളുടെ എണ്ണം പത്തുലക്ഷത്തിലേക്ക് ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍. ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ് സ്‌കീം രണ്ടാംഘട്ടം (ഫെയിം-2/FAME-II) പ്രകാരം 5.64 ലക്ഷം വൈദ്യുത സ്‌കൂട്ടറുകള്‍ക്ക് സബ്‌സിഡി നല്‍കാനാണ് കേന്ദ്രം ആദ്യം തീരുമാനിച്ചിരുന്നത്.

നടപ്പുവര്‍ഷം അഞ്ചുലക്ഷം വൈദ്യുത സ്‌കൂട്ടറുകളെ കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്താനാണ് പുതിയ തീരുമാനം. ഇതോടെ, ആനുകൂല്യം ലഭിക്കുന്ന ആകെ വാഹനങ്ങളുടെ എണ്ണം 10 ലക്ഷം കടക്കും.
പദ്ധതിപ്രകാരം ആനുകൂല്യം ലഭ്യമാക്കാന്‍ അനുവദിക്കുന്ന തുക 2,000 കോടി രൂപയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ ഇക്കഴിഞ്ഞ ഏപ്രില്‍-ജൂണ്‍പാദത്തില്‍ 75 ശതമാനം കൂട്ടി 3,500 കോടി രൂപയാക്കിയിരുന്നു.
7.27 ലക്ഷം ഇ-സ്‌കൂട്ടറുകള്‍
മുന്‍വര്‍ഷത്തേക്കാള്‍ മൂന്ന് മടങ്ങ് വര്‍ദ്ധനയോടെ 7.27 ലക്ഷം വൈദ്യുത സ്‌കൂട്ടറുകളാണ് 2022-23ല്‍ ഇന്ത്യയില്‍ വിറ്റഴിഞ്ഞത്. ഇവയില്‍ 40 ശതമാനം സ്‌കൂട്ടറുകള്‍ക്കാണ് ഫെയിം-2 പ്രകാരം ഇതിനകം സബ്‌സിഡി ലഭിച്ചത്.
സബ്‌സിഡി വെട്ടിക്കുറച്ചു, വില്‍പന ഇടിഞ്ഞു
വൈദ്യുത വാഹനോപയോഗം പ്രോത്സാഹിപ്പിക്കുമെന്ന് പറയുന്നതിനിടയിലും കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞമാസം മുതല്‍ സബ്‌സിഡി ആനുകൂല്യം കുത്തനെ വെട്ടിക്കുറച്ചിരുന്നു. എക്‌സ്‌ഷോറൂം വിലയുടെ 40 ശതമാനമെന്നത് 15 ശതമാനമായാണ് കുറച്ചത്.
ഇതോടെ, വാഹനങ്ങള്‍ക്ക് വില ഉയര്‍ന്നത് വില്‍പനയെയും സാരമായി ബാധിച്ചു. ദേശീയതലത്തില്‍ പ്രതിമാസം ശരാശരി 60,000 സ്‌കൂട്ടറുകള്‍ വിറ്റഴിഞ്ഞിരുന്നത് 46,000ഓളമായി കുറയുകയും ചെയ്തു. കേരളത്തിലും വൈദ്യുത ഇരുചക്ര വാഹന വില്‍പന കഴിഞ്ഞമാസം വന്‍തോതില്‍ ഇടിഞ്ഞിട്ടുണ്ട്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it