26000 കോടിയുടെ പിഎല്‍ഐ സ്‌കീം വരുമ്പോള്‍ ഓട്ടൊമൊബൈല്‍ മേഖലയ്ക്ക് നേട്ടങ്ങളെന്തെല്ലാം?

ഓട്ടോ, അനുബന്ധ, ഡ്രോണ്‍ മേഖലയ്ക്ക് കേന്ദ്ര ക്യാബിനറ്റ് യോഗത്തില്‍ 26058 കോടി രൂപയുടെ ഉല്‍പാദന ബന്ധിത ആനുകൂല്യപദ്ധതി നടപ്പാക്കാന്‍ തീരുമാനമായി. 120 കോടി രൂപയാണ് ഇതില്‍ ഡ്രോണ്‍ നിര്‍മാണത്തിന് സബ്‌സിഡിയും മറ്റുമായി ലഭിക്കുക. രാജ്യത്ത് ആധുനിക ഓട്ടമോട്ടിവ് സാങ്കേതിക ഉല്‍പന്നങ്ങളുടെ നിര്‍മാണം പ്രോത്സാഹിപ്പിക്കാനാണു പദ്ധതി നടപ്പാക്കുന്നത്.

പദ്ധതി ഓട്ടോ, അനുബന്ധ മേഖലയ്ക്ക് നല്‍കാനിരിക്കുന്ന നേട്ടങ്ങള്‍ എന്തെല്ലാമെന്ന് ഒറ്റനോട്ടത്തില്‍:-
  • 42,500 കോടി രൂപയുടെ നിക്ഷേപം ഈ മേഖലയിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
  • വാഗ്ദാനം ചെയ്യുന്നത് 7.5 ലക്ഷം തൊഴിലവസരങ്ങള്‍. ഡ്രോണ്‍ മേഖലയില്‍ മാത്രം 10,000 പേര്‍ക്ക് തൊഴിലവസരങ്ങളും പ്രതീക്ഷിക്കുന്നു.
  • ബാറ്ററി ഇലക്ട്രിക് വാഹനങ്ങള്‍, ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ വാഹനങ്ങള്‍, എല്ലാത്തരം വാഹനങ്ങളുടെയും നിര്‍മാണത്തിനാവശ്യമായ ഉയര്‍ന്ന സാങ്കേതിക ഘടകങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണം വര്‍ധിപ്പിക്കും.
  • അഡ്വാന്‍സ്ഡ് കെമിസ്ട്രി സെല്‍, ഇലക്ട്രിക് വാഹന പദ്ധതി(ഫെയിം) എന്നിവയ്ക്കുള്ള ഉല്‍പാദന ബന്ധിത പദ്ധതികള്‍ വരും.
  • 5 വര്‍ഷം കൊണ്ട് ഡ്രോണ്‍ വ്യവസായ പ്രോത്സാഹന പദ്ധതിയില്‍ 5000 കോടിയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്.
  • വൈദ്യുത വാഹനങ്ങളുടെയും അവയ്ക്കാവശ്യമായ ബാറ്ററി ഉള്‍പ്പെടെയുള്ള ഘടകങ്ങളുടെയും നിര്‍മാണത്തിന് ആനുകൂല്യം ലഭിക്കും.
മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയും ഓല ക്യാബ്‌സ് സ്ഥാപകനും സിഇഒയുമായ ഭവിഷ് അഗര്‍വാളും ഓട്ടോ മേഖലയ്ക്കുള്ള PLI സ്‌കീം നടപ്പാക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തെ പ്രശംസിച്ച് രംഗത്തെത്തി. ഓട്ടോമേഖലയ്ക്കുള്ള PLI പദ്ധതിയെ ആനന്ദ് മഹീന്ദ്ര 'പരിവര്‍ത്തന നയ മാറ്റം' എന്നാണ് വിശേഷിപ്പിച്ചത്. അതിനെ ഒരു 'വിഷനറി സ്റ്റെപ്പ്' എന്ന് വിളിച്ചു.
ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ് ഇങ്ങനെയായിരുന്നു 'ഈ പദ്ധതി പുനരുല്‍പ്പാദിപ്പിക്കാവുന്ന ഊര്‍ജം ഉപയോഗപ്പെടുത്തിയുള്ള വാഹനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ ഞങ്ങളെപ്പോലുള്ള OEM കള്‍ നിരാശരാകുമെന്ന് ചിലര്‍ കരുതുന്നു. സത്യസന്ധമായി, ഇതൊരു പരിവര്‍ത്തന നയ മാറ്റമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു'.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it