ചെറിയൊരു അശ്രദ്ധയില്‍ ഒരുവര്‍ഷം പൊലിഞ്ഞത് 16,715 ജീവനുകള്‍; നിയമം കടുപ്പിക്കാനൊരുങ്ങി കേന്ദ്രം

2025 ഏപ്രില്‍ ഒന്ന് മുതല്‍ പുറത്തിറങ്ങുന്ന വാഹനങ്ങളില്‍ കൂടുതല്‍ സുരക്ഷാ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തും
a number of vehicles in a busy highway
image credit : canva
Published on

വാഹനാ സുരക്ഷാ ചട്ടങ്ങളില്‍ മാറ്റം വരുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. അടുത്ത ഏപ്രില്‍ മുതല്‍ പുറത്തിറങ്ങുന്ന യാത്രാവാഹനങ്ങളില്‍ പിന്‍സീറ്റിലെ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് മുന്നറിയിപ്പ് നല്‍കുന്ന തരത്തില്‍ കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനാണ് നീക്കം. വാഹനാപകടങ്ങളില്‍ പിന്‍സീറ്റിലെ യാത്രക്കാരുടെ സുരക്ഷയുറപ്പാക്കാനാണ് 1989ലെ കേന്ദ്ര മോട്ടോര്‍ വെഹിക്കിള്‍ ചട്ടം കടുപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കരട് നിര്‍ദ്ദേശം കഴിഞ്ഞ ദിവസം പുറത്തിറക്കി.

2022ല്‍ പൊലിഞ്ഞത് 16,715 ജീവനുകള്‍

റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തിന്റെ റോഡ് ആക്‌സിഡന്റ്‌സ് ഇന്‍ ഇന്ത്യ -2022 റിപ്പോര്‍ട്ട് പ്രകാരം 2022ല്‍ നടന്ന വാഹനാപകടങ്ങളില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന്റെ പേരില്‍ 16,715 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. ഇതില്‍ 8,384 പേര്‍ ഡ്രൈവര്‍മാരും 8,331 പേര്‍ യാത്രക്കാരുമായിരുന്നു. കൂടാതെ 42,303 പേര്‍ക്ക് പരിക്കേറ്റതായും ഈ കണക്കുകള്‍ പറയുന്നു.

പുതിയ വ്യവസ്ഥകള്‍ ഇങ്ങനെ

ഡ്രൈവറുള്‍പ്പെടെ 8 യാത്രക്കാരെ കയറ്റാവുന്ന എം1 യാത്രാവാഹനങ്ങള്‍, നാല് യാത്രക്കാരെ കയറ്റാവുന്ന എല്‍7 മുച്ചക്ര വാഹനങ്ങള്‍, എം3, എം2 കാറ്റഗറിയിലെ ബസുകള്‍, 3.5 ടണ്ണിന് മുകളില്‍ ഭാരം കയറ്റാവുന്ന ഭാരവാഹനങ്ങള്‍ എന്നിവയ്ക്കാണ് മെച്ചപ്പെട്ട സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കേണ്ടത്. 2025 ഏപ്രില്‍ ഒന്നിന് ശേഷം നിര്‍മിക്കപ്പെടുന്ന ഇത്തരം വാഹനങ്ങള്‍ക്ക് ഐ.എസ് 15140: 2018, ഐ.എസ് 15139: 2022 പ്രകാരമുള്ള ഗുണമേന്മയുള്ള സീറ്റ് ബെല്‍റ്റുകള്‍ സ്ഥാപിക്കണമെന്നാണ് കരട് ഭേദഗതി നിര്‍ദ്ദേശിക്കുന്നത്. അപകട സമയത്ത് വാഹനത്തിലുള്ളവരുടെ ചലനം നിയന്ത്രിച്ച് ആഘാതം കുറയ്ക്കുന്ന റെസ്‌ട്രൈന്റ് സംവിധാനത്തിലും ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് 16,994:2018 പ്രകാരമുള്ള ഗുണമേന്മ പാലിക്കണം. സീറ്റ് ബെല്‍റ്റിന് പുറമെ എയര്‍ബാഗ്, സീറ്റ് ബെല്‍റ്റ് പ്രീ-ടെന്‍ഷണര്‍ (അടിയന്തര ഘട്ടങ്ങളില്‍ സീറ്റ് ബെല്‍റ്റ് മുറുകി യാത്രക്കാരന്റെ ചലനം നിയന്ത്രിക്കുന്ന സംവിധാനം) തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ഇത് കൂടാതെ സീറ്റ് ബെല്‍റ്റ് ധരിക്കാതിരുന്നാല്‍ മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം പുറകിലെ സീറ്റുകളിലും ഏര്‍പ്പെടുത്താനും നിര്‍ദ്ദേശമുണ്ട്.

ആരൊക്കെ സീറ്റ് ബെല്‍റ്റ് ധരിക്കണം, ചട്ടമിങ്ങനെ

1989ലെ കേന്ദ്ര മോട്ടോര്‍ വെഹിക്കിള്‍ ചട്ടമനുസരിച്ച് യാത്രാ വാഹനങ്ങളില്‍ ഡ്രൈവറുള്‍പ്പെടെ എല്ലാ യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിച്ചിരിക്കണം. അതായത് പിറകിലിരിക്കുന്ന യാത്രക്കാരനും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാണ്. കേന്ദ്ര മോട്ടോര്‍ വെഹിക്കിള്‍ ചട്ടത്തിലെ റൂള്‍ 138(3) പ്രകാരം സീറ്റ് ബെല്‍റ്റ് ധരിക്കാത്ത ഡ്രൈവര്‍ക്കും മുന്‍സീറ്റിലെ യാത്രക്കാരനും 1,000 രൂപ പിഴയും ചുമത്താം. അപകട സമയത്ത് വാഹനം മലക്കം മറിയുന്ന സാഹചര്യങ്ങളില്‍ യാത്രക്കാര്‍ തെറിച്ചുപോകാതെയും വാഹനത്തിന്റെ അടിയില്‍ പെടാതെയും സംരക്ഷിക്കാന്‍ എല്ലാ യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കേണ്ടത് നല്ലതാണെന്ന് അടുത്തിടെ കേരള മോട്ടോര്‍ വാഹന വകുപ്പും നിര്‍ദ്ദേശം നല്‍കിയിരുന്നു.

പിന്‍യാത്രക്കാരില്‍ 70 ശതമാനവും സീറ്റ് ബെല്‍റ്റ് ധരിക്കാറില്ല

നിലവില്‍ മുന്‍നിരയിലെ യാത്രക്കാരനും ഡ്രൈവര്‍ക്കും മാത്രമാണ് സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന്റെ പേരില്‍ പിഴ ലഭിക്കുന്നത്. നേരത്തെ 100 രൂപയുണ്ടായിരുന്ന പിഴ 1,000 രൂപയാക്കിയതോടെ മുന്‍നിരയിലെ സീറ്റ് ബെല്‍റ്റ് ഉപയോഗം സാധാരണയായി. എന്നാല്‍ പിന്‍നിരയിലെ യാത്രക്കാരില്‍ 70 ശതമാനവും സീറ്റ് ബെല്‍റ്റ് ധരിക്കാറില്ലെന്നാണ് അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ തെളിഞ്ഞത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com