ചൈനീസ് വമ്പന്‍ ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ് ഇന്ത്യയിലേക്ക്, എംജി മോട്ടോഴ്‌സിന് ഭീഷണിയാകുമോ?
എസ്.യു.വി മേഖലയിലെ ചൈനീസ് വമ്പനായ ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ് ഇന്ത്യയിലെത്തുന്നു. എന്നാല്‍ എന്ന് ഇന്ത്യയില്‍ അവതരിപ്പിക്കും എന്നതിന്റെ വിശദാംശങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഓട്ടോ ഷോ 2020ല്‍ ഹവാല്‍ ബ്രാന്‍ഡ് അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സിന്റെ വരവ് ഏറ്റവും കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുക എംജി മോട്ടോഴ്‌സിനായിരിക്കും. പ്രത്യേകിച്ചും എംജി ഹെക്ടര്‍ വിപണിയില്‍ മികച്ച വില്‍പ്പന കാഴ്ചവെക്കുന്ന സാഹചര്യത്തില്‍. കമ്പനി ഈയിടെ ഇലക്ട്രിക് എസ്.യു.വിയായ എംജി ZS EV വിപണിയിലിറക്കിയിരുന്നു. ബ്രിട്ടീഷ് കമ്പനിയായ എംജി മോട്ടോഴ്‌സ് ഇപ്പോള്‍ ചൈനീസ് സ്ഥാപനമായ SAICന്റെ ഉടമസ്ഥതയിലാണ്.
ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സിന്റെ ട്വിറ്റര്‍ പേജില്‍ ലോകത്തിലെ ഏറ്റവും വിലക്കുറഞ്ഞ ഇലക്ട്രിക് കാറായ ഓറ ഇലക്ട്രിക് കാറിനെക്കുറിച്ചും ട്വീറ്റ് ചെയ്തിരിക്കുന്നു. പക്ഷെ ഈ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്ന കാര്യം പരാമര്‍ശിച്ചിട്ടില്ല.
2016ലാണ് കമ്പനി ഇന്ത്യയിലേക്ക് കടക്കുന്നതിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ആദ്യമായി അവര്‍ ബാംഗ്ലൂരില്‍ റിസര്‍ച്ച് & ഡെവലപ്‌മെന്റ് സെന്റര്‍ ആരംഭിച്ചു. അന്നുമുതല്‍ ഇവര്‍ ഇന്ത്യയില്‍ എസ്.യു.വി മേഖലയിലേക്ക് കടക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. നാല് വര്‍ഷത്തിനുശേഷം മാനുഫാക്ചറിംഗ് പ്ലാന്റ് ആരംഭിക്കാന്‍ ഗുജറാത്തില്‍ സ്ഥലം അന്വേഷിക്കുകയാണ് കമ്പനി.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline