

ജി.എസ്.ടി ഇളവിന് തുടക്കമായതോടെ കേരളത്തിലെ വാഹന വില്‍പ്പന ടോപ് ഗിയറില്‍. സെപ്റ്റംബര്‍ 16 മുതലുള്ള ദിവസങ്ങളില്‍ മാരുതി സുസുക്കിക്ക് സംസ്ഥാനത്ത് ലഭിച്ചത് 10,000ത്തിലധികം ബുക്കിംഗുകള്‍. തിരുവനന്തപുരത്തെ ടാറ്റയുടെ ഒരു ഷോറൂമില്‍ മാത്രം കഴിഞ്ഞ ദിവസം ബുക്ക് ചെയ്തത് 15 വാഹനങ്ങള്‍. പ്രതിദിനം ശരാശരി അഞ്ച് വാഹനങ്ങളുടെ ബുക്കിംഗ് മാത്രം നടന്നിടത്ത് നിന്നാണ് മാറ്റം. ഇന്ന് മുതല്‍ ഏതാണ്ടെല്ലാ വാഹന കമ്പനികളുടെയും ഷോറൂമുകളില്‍ നടക്കുന്നത് റെക്കോഡ് ഡെലിവറി.
ജി.എസ്.ടി ഇളവിന് വേണ്ടിയുള്ള കാത്തിരിപ്പിനിടയില്‍ വാഹനം വാങ്ങാനുള്ള പദ്ധതി ആളുകള്‍ മാറ്റിവെച്ചതോടെ ഓണക്കാലത്തെ വണ്ടിക്കച്ചവടം ഇടിഞ്ഞിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ ഉപയോക്താക്കള്‍ ഷോറൂമുകളിലേക്കെത്തുമെന്നും വില്‍പ്പന വര്‍ധിക്കുമെന്നുമാണ് പ്രതീക്ഷയെന്നും കേരള ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍.രഞ്ജിത്ത് ധനം ഓണ്‍ലൈനോട് പറഞ്ഞു.
28 ശതമാനം ജി.എസ്.ടിയും 1-22 ശതമാനം വരെ നഷ്ടപരിഹാര സെസുമാണ് ഇതുവരെ വാഹനങ്ങള്‍ക്ക് നല്‍കേണ്ടിയിരുന്നത്. പുതിയ നിരക്ക് അനുസരിച്ച് 1,200 സിസിക്ക് താഴെ എഞ്ചിന്‍ ശേഷിയുള്ളതും നാല് മീറ്ററില്‍ താഴെ നീളമുള്ളതുമായ പെട്രോള്‍ കാറുകള്‍ക്ക് 18 ശതമാനമാണ് ജി.എസ്.ടി. 1,500 സിസി വരെയുള്ള ഡീസല്‍ കാറുകള്‍ക്കും സമാനമായ നിരക്കിലാണ് നികുതി ഈടാക്കുക. ഇവയുടെ സെസും ഒഴിവാക്കി. കൂടുതല്‍ ശേഷിയുള്ള കാറുകള്‍ക്കും എസ്.യു.വികള്‍ക്കും 40 ശതമാനമാണ് ഇനി മുതല്‍ ജി.എസ്.ടി.
ജി.എസ്.ടി നിരക്കിനൊപ്പം ഉത്സവ ഓഫറും പ്രഖ്യാപിച്ചതോടെ മാരുതി സുസുക്കി വാഹനങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ധിച്ചെന്ന് പോപുലര്‍ മാരുതി അറീന റീജിയണല്‍ സെയില്‍സ് ഹെഡ് നിഷാദ് പറഞ്ഞു. ചെറുകാറുകളുടെ വില 2018ലേതിന് തുല്യമായി മാറി. എന്‍ട്രി മോഡലായ എസ്പ്രസോക്ക് 1,29,600 കുറഞ്ഞതോടെ 3,49,900 രൂപയിലാണ് ഇപ്പോള്‍ വില ആരംഭിക്കുന്നത്. സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ക്ക് പകരം ഇപ്പോള്‍ പുതിയ വാഹനം വാങ്ങുന്നതാണ് ഉചിതമെന്ന വിലയിരുത്തലിലാണ് ജനങ്ങള്‍. സെപ്റ്റംബര്‍ 16 മുതലുള്ള ദിവസങ്ങളില്‍ കേരളത്തില്‍ മാരുതിക്ക് 10,000ത്തോളം ബുക്കിംഗ് ലഭിച്ചു. ആകെ ബുക്കിംഗില്‍ 45 ശതമാനം വര്‍ധനയുണ്ടായി. കഴിഞ്ഞ ദിവസങ്ങളില്‍ മാത്രം 5,000ത്തോളം ബുക്കിംഗുണ്ടായി. വരും ദിവസങ്ങളില്‍ വില്‍പ്പന വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. കേരളത്തിലെ ഓണം വില്‍പ്പനയില്‍ 54 ശതമാനം വിപണി വിഹിതം നേടാന്‍ മാരുതിക്കായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ വാഹന വില്‍പ്പന നടക്കുന്ന സമയമാണ് ഓണക്കാലം. ഇക്കുറി ഓഗസ്റ്റിന്റെ തുടക്കത്തില്‍ തന്നെ കിടിലന്‍ ഓഫറുകളുമായി ഡീലര്‍മാര്‍ സജീവമായിരുന്നു. എന്നാല്‍ ജി.എസ്.ടി നിരക്ക് കുറക്കുമെന്ന് സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതോടെ കാര്യങ്ങളെല്ലാം മാറി. വാഹനങ്ങള്‍ക്കുള്ള ജി.എസ്.ടി കുറക്കുമെന്ന റിപ്പോര്‍ട്ടുകള്‍ കൂടി പുറത്തുവന്നതോടെ വണ്ടിവാങ്ങാന്‍ ഇരുന്നവരെല്ലാം പ്ലാന്‍ മാറ്റി. ഓണക്കാലത്തെ വില്‍പ്പനയിലും ഇടിവ് വന്നു. എന്നാല്‍ ഇലക്ട്രിക് വാഹനങ്ങളെ ഈ ആശയക്കുഴപ്പം കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓണക്കാലത്ത് 1,026 ഇലക്ട്രിക് വാഹനങ്ങള്‍ ടാറ്റ ഷോറൂമില്‍ നിന്ന് മാത്രം പുറത്തുവന്നതായും ഈ രംഗത്തുള്ളവര്‍ പറയുന്നു.
അതേസമയം, ഇപ്പോഴും ആളുകള്‍ക്ക് ആശയക്കുഴപ്പം മാറിയിട്ടില്ലെന്നാണ് ചില ഡീലര്‍മാര്‍ പറയുന്നത്. കൂടുതലെന്തെങ്കിലും ഇളവുണ്ടാകുമോയെന്നാണ് ആളുകള്‍ ചോദിക്കുന്നത്. ഇളവ് നിലവില്‍ വന്നതല്ലേയുള്ളൂ കുറച്ച് ദിവസം കൂടി കാത്തിരുന്ന ശേഷം വാങ്ങിയാല്‍ മതിയെന്ന് കരുതുന്നവരുമുണ്ടെന്നും ഇവര്‍ പറയുന്നു.
ഇപ്പോഴത്തെ ഡിസ്‌ക്കൗണ്ടുകള്‍ എത്ര കാലം വരെ നിലനില്‍ക്കുമെന്ന ചോദ്യമാണ് ഉപയോക്താക്കള്‍ ഉന്നയിക്കുന്നത്. ജി.എസ്.ടി നിരക്കിളവ് വാഹന വിപണിയില്‍ ഡിമാന്‍ഡ് വര്‍ധിപ്പിക്കുമെന്നും ഇതോടെ കമ്പനികള്‍ ഡിസ്‌ക്കൗണ്ട് നല്‍കുന്നത് കുറക്കുമെന്നുമാണ് മോത്തിലാല്‍ ഓസ്‌വാളിന്റെ വിലയിരുത്തല്‍. നടപ്പുസാമ്പത്തിക വര്‍ഷവും അടുത്ത വര്‍ഷവും എല്ലാ ശ്രേണികളിലും വാഹന വിപണി കൂടുതല്‍ വളരും. ആദ്യഘട്ടത്തില്‍ ചെറുകാറുകളുടെ ഡിമാന്‍ഡ് വര്‍ധിക്കും. പിന്നീട് കുറയും. എന്നാല്‍ പ്രീമിയം വാഹനങ്ങളോടുള്ള ട്രെന്‍ഡില്‍ മാറ്റം വരാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ട് തുടരുന്നു. വരുന്ന ജനുവരിയില്‍ മിക്ക വാഹന കമ്പനികളും നിരക്ക് വര്‍ധന നടപ്പിലാക്കുമെന്നും വിലയിരുത്തലുണ്ട്. വാഹനം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള മികച്ച സമയമാണ് ഇപ്പോഴെന്നും വിദഗ്ധര്‍ പറയുന്നു.
GST rate cuts fuel car sales surge in Kerala. Maruti Suzuki crosses 10,000 bookings, small car prices roll back to 2018 levels, dealers hopeful of revival.
Read DhanamOnline in English
Subscribe to Dhanam Magazine