ജി.എസ്.ടി കുറയുമെന്ന് കേട്ടപാടേ വാഹന കമ്പനി ഓഹരികള്‍ ടോപ് ഗിയറില്‍, കാറിന്റെയും ബൈക്കിന്റെയും വില കുറയുമോ, എത്രത്തോളം?

10 ലക്ഷം രൂപ വിലയുള്ള വാഹനത്തിന്റെ നികുതിയില്‍ ഒരു ലക്ഷം രൂപയോളം കുറവുണ്ടാകുമെന്നാണ് കരുതുന്നത്
A red sports bike and a red Maruti Suzuki WagonR car displayed with the word ‘Taxes’ in the background, symbolizing vehicle tax and GST on automobiles in India
Canva, Maruti Suzuki, Hero moto corp
Published on

ചരക്കു സേവന നികുതിയിലെ (ജി.എസ്.ടി) പുതിയ മാറ്റങ്ങള്‍ വാഹന വിപണിക്ക് ഗുണമാകുമെന്ന് വിലയിരുത്തല്‍. ജി.എസ്.ടിയുമായി ബന്ധപ്പെട്ട നിലവിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഉതകുന്നതാണ് പുതിയ പരിഷ്‌ക്കാരങ്ങള്‍. ഇത് സാധാരണക്കാര്‍ക്ക് ഗുണം ചെയ്യുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നു.

ജി.എസ്.ടിയിലെ ഏറ്റവും ഉയര്‍ന്ന സ്ലാബായ 28 ശതമാനമാണ് നിലവില്‍ വാഹനങ്ങളുടെ നികുതി. ഇതിന് പുറമെ സെസ് ഇനത്തില്‍ വാഹന വിലയുടെ 1 മുതല്‍ 22 ശതമാനം വരെയും ഈടാക്കുന്നുണ്ട്. വാഹനത്തിന്റെ എഞ്ചിന്‍ ശേഷി, നീളം എന്നിവ അടിസ്ഥാനമാക്കിയാണ് ഇവ കണക്കാക്കുന്നത്. അതായത് ചെറിയ പെട്രോള്‍ കാറുകള്‍ക്ക് 29 ശതമാനവും എസ്.യു.വികള്‍ക്ക് 50 ശതമാനം വരെയുമാണ് നികുതിയും സെസും ചേർത്ത് നല്‍കേണ്ടത്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 5 ശതമാനവും നികുതി നല്‍കണം. കേരളത്തില്‍ 5 ശതമാനം ജി.എസ്.ടിക്ക് പുറമെ വാഹനത്തിന്റെ വില അനുസരിച്ച് 3 മുതല്‍ അഞ്ച് ശതമാനം വരെ അധികം നല്‍കേണ്ടി വരും.

നിലവിലെ നികുതി ഘടന അനുസരിച്ച് ഇരുചക്ര വാഹനങ്ങള്‍ക്കും 28 ശതമാനം ജി.എസ്.ടി അടക്കണം. 350 സി.സിക്ക് താഴെ എഞ്ചിന്‍ ശേഷിയുള്ളവക്ക് സെസ് നല്‍കേണ്ടതില്ല. അതിന് മുകളില്‍ ശേഷിയുണ്ടെങ്കില്‍ വാഹന വിലയുടെ 3 ശതമാനം സെസ് നല്‍കണം.

മാറ്റം ഇങ്ങനെ

നിലവില്‍ 0,5,12,18,28 എന്നിങ്ങനെ അഞ്ച് സ്ലാബുകളായാണ് ജി.എസ്.ടി നിരക്കുകള്‍ നിശ്ചയിച്ചിരിക്കുന്നത്. ഇനി മുതല്‍ 5,18 എന്നിങ്ങനെ രണ്ട് സ്ലാബുകളും ആഢംബര വസ്തുക്കള്‍ക്ക് 40 ശതമാനം നികുതിയും ഈടാക്കുമെന്നാണ് കരുതുന്നത്. അങ്ങനെയാണെങ്കില്‍ ചെറുകാറുകള്‍ക്കും 350 സി.സിയില്‍ താഴെയുള്ള ഇരുചക്ര വാഹനങ്ങള്‍ക്കുമുള്ള ജി.എസ്.ടി 18 ശതമാനമായി കുറയുമെന്നാണ് പ്രതീക്ഷ. 10 ലക്ഷം രൂപ വിലയുള്ള ഒരു കാറിന് നിലവില്‍ നല്‍കേണ്ട ജി.എസ്.ടി 2.8 ലക്ഷം രൂപയാണ്. ജി.എസ്.ടി 18 ശതമാനമാക്കി കുറച്ചാല്‍ 1.8 ലക്ഷം രൂപ നല്‍കിയാല്‍ മതി. ഒരു ലക്ഷം രൂപയോളം നികുതി ഇനത്തില്‍ മാത്രം കുറയും. ഇത് വാഹനത്തിന്റെ എക്‌സ് ഷോറൂം വിലയിലും പ്രതിഫലിക്കും. ആഢംബര കാറുകള്‍ക്കുള്ള നികുതി നിലവിലെ 28 ശതമാനത്തില്‍ നിന്നും 40ലേക്ക് ഉയര്‍ത്താനും സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അന്തിമ തീരുമാനം ഇതുവരെ പുറത്തുവന്നിട്ടില്ല.

വിപണിക്ക് ദീപാവലി സമ്മാനം

നികുതി പരിഷ്‌ക്കാരത്തിലൂടെ ഇന്ത്യക്കാര്‍ക്ക് ഇരട്ട ദീപാവലി സമ്മാനം നല്‍കുമെന്നാണ് സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. വാഹന മേഖലയിലെ ജി.എസ്.ടി കുറക്കാന്‍ തീരുമാനിച്ചാല്‍ ഉത്സവ സീസണ്‍ അടുത്തിരിക്കെ പുതുതായി വാഹനം എടുക്കുന്നവര്‍ക്ക് കോളടിക്കുമെന്ന് ഉറപ്പാണ്. ഡിമാന്‍ഡ് കുത്തനെ ഇടിഞ്ഞ എന്‍ട്രി ലെവല്‍ യാത്രാ വാഹനങ്ങള്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കുമാകും നീക്കം കൂടുതല്‍ പ്രയോജനമാകുന്നത്. ചെറു കാറുകളുടെ വില്‍പ്പന വര്‍ധിപ്പിക്കാന്‍ നികുതി കുറക്കണമെന്ന് അടുത്തിടെ മാരുതി, ഹീറോ മോട്ടോകോര്‍പ്പ്, ബജാജ് ഓട്ടോ തുടങ്ങിയ കമ്പനികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അനുകൂല തീരുമാനമുണ്ടായാല്‍ കഴിഞ്ഞ മാസങ്ങളിലെ വില്‍പ്പന ക്ഷീണം ഉത്സവ കാലത്ത് മറികടക്കാമെന്നാണ് വാഹന കമ്പനികളുടെ പ്രതീക്ഷ.

ഓഹരി വിപണിയിലും കുതിപ്പ്

ജി.എസ്.ടി പരിഷ്‌ക്കാരത്തിന്റെ ചുവട് പിടിച്ച് വാഹന മേഖലയിലെ കമ്പനികള്‍ക്ക് ഓഹരി വിപണിയിലും മികച്ച നേട്ടമാണ്. വാഹന മേഖലയിലെ കമ്പനികളുടെ പ്രകടനം അളക്കുന്ന നിഫ്റ്റി ഓട്ടോ സൂചിക നാല് ശതമാനത്തിലേറെ കുതിച്ചു. രാവിലെ 11 മണിക്ക് 4.80 ശതമാനം (1,157 പോയിന്റുകള്‍) വര്‍ധിച്ച് 25,274.80 എന്ന നിലയിലാണ് നിഫ്റ്റി ഓട്ടോ. ഹീറോ മോട്ടോകോര്‍പ്പ് ലിമിറ്റഡ്, മാരുതി സുസുക്കി ഓഹരികളാണ് മുന്നില്‍. ഏഴ് ശതമാനത്തോളമാണ് ഈ ഓഹരികള്‍ ഉയര്‍ന്നത്. അശോക് ലെയ്‌ലാന്‍ഡ്, ടി.വി.എസ് മോട്ടോര്‍ കമ്പനി, ബജാജ് ഓട്ടോ ലിമിറ്റഡ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് തുടങ്ങിയ ഓഹരികളും മികച്ച നേട്ടത്തിലാണ്. വാഹന വായ്പാ ചട്ടങ്ങളില്‍ ഇളവ് നല്‍കുമെന്ന വാര്‍ത്തകളും വിപണിയെ സ്വാധീനിച്ചെന്നാണ് കരുതുന്നത്.

India’s proposed GST overhaul may lower tax rates for small cars to 18% (from 28%) and place SUVs under a 40% slab. Read on to understand what it means for buyers, automakers, and the auto market.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com