ഇലക്ട്രിക് വാഹനങ്ങളോട് മടുപ്പോ? ഉടമകളിൽ പകുതി പേർക്കും മനംമാറ്റം; കാരണം ഇതാണ്

ഇഷ്ടവാഹനം തെരഞ്ഞെടുക്കാനുള്ള കാരണവും ഉടമകള്‍ വെളിപ്പെടുത്തുന്നു
two cars is charging
image credit : canva
Published on

ഉണ്ടായിരുന്ന പെട്രോള്‍/ഡീസല്‍ വണ്ടികള്‍ വിറ്റ് ഇലക്ട്രിക് വാഹനം വാങ്ങി പെട്ടുപോയെന്ന് രാജ്യത്തെ പകുതിയോളം ഇവി ഉടമകളും. ഒരവസരം ലഭിച്ചാല്‍ പെട്രോള്‍/ഡീസല്‍ വാഹനങ്ങള്‍ വാങ്ങി ഉപയോഗിക്കുമെന്നും ഇവര്‍ സമ്മതിക്കുന്നു. ഡല്‍ഹി, ബംഗളൂരു, മുംബയ് നഗരങ്ങളില്‍, കാര്‍ ഉടമകള്‍ക്ക് വേണ്ടിയുള്ള ആപ്പായ, പാര്‍ക്ക് പ്ലസ് നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വെളിപ്പെട്ടത്.

ഇവി വിപ്ലവത്തിന് രാജ്യം തയ്യാറായില്ല

മതിയായ അടിസ്ഥാന സൗകര്യങ്ങളോ വേണ്ട ബോധവത്കരണമോ ഇല്ലാതെയാണ് വാഹനലോകം ഇലക്ട്രിക് വണ്ടികളിലേക്ക് മാറിയതെന്ന ആരോപണം കുറച്ച് കാലങ്ങളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കേള്‍ക്കുന്നുണ്ട്. ഇതിനെ ശരിവയ്ക്കുന്ന തരത്തിലാണ് ഇന്ത്യന്‍ ഇവി ഉടമകളുടെയും പ്രതികരണം. ശരിക്ക് സംവിധാനങ്ങളും സുരക്ഷയുമുള്ള ചാര്‍ജിംഗ് സ്റ്റേഷനുകള്‍ കണ്ടെത്തുന്നതും വാഹനത്തിന്റെ റേഞ്ചുമാണ് 88 ശതമാനം ഇവി ഉടമകളെയും അലട്ടുന്ന പ്രശ്‌നം. ഏതാണ്ട് 20,000 ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഇന്ത്യയിലുണ്ടെങ്കിലും ഇവ കണ്ടെത്തുന്നതും ഉപയോഗിക്കുന്നതും എളുപ്പമല്ല.

വാഹനത്തിന്റെ പരിപാലനത്തെയും അറ്റകുറ്റപ്പണികളെയും സംബന്ധിച്ച അവ്യക്തത ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് 73 ശതമാനം ഉടമകളും അഭിപ്രായപ്പെട്ടു. ഇലക്ട്രിക് വാഹനങ്ങളിലുണ്ടാകുന്ന തകരാറുകള്‍ പരിഹരിക്കുന്നതിലെ കാലതാമസവും ഇതിന് മതിയായ പരിശീലനം ലഭിച്ചവരുടെ അഭാവവും ഇവി വിപണിയെ പിന്നോട്ടടിക്കുന്നുണ്ട്.

സെക്കന്റ് ഹാന്റ് വിപണി

ലക്ഷങ്ങള്‍ കൊടുത്തു വാങ്ങുന്ന ഇലക്ട്രിക് വാഹനങ്ങള്‍ വില്‍ക്കാമെന്ന് വിചാരിച്ചാല്‍ പെട്ടത് തന്നെ. തങ്ങളുടെ വാഹനത്തിന്റെ റീസെയില്‍ വാല്യൂ വലിയ രീതിയില്‍ ഇടിഞ്ഞുവെന്ന് 33 ശതമാനം ഇവി ഉടമകളും പ്രതികരിച്ചു. രാജ്യത്തെ ഇവി ഇക്കോ സിസ്റ്റം കൂടുതല്‍ വിപുലമാകുന്നതോടെ ഇലക്ട്രിക് വാഹനങ്ങളുടെ സെക്കന്റ് ഹാന്‍ഡ് വിപണിയിലെ വില ഉയരുമെന്നാണ് കരുതുന്നത്. പക്ഷേ വാഹനത്തിന്റെ ബാറ്ററി മാറ്റിസ്ഥാപിക്കേണ്ട കാലയളവിനെക്കുറിച്ചുള്ള ആശങ്കയാണ് വില കുറയാന്‍ ഇടയാക്കുന്നതെന്നാണ് വിലയിരുത്തല്‍. ഇന്ത്യന്‍ വാഹന വിപണിയില്‍ സെക്കന്റ് ഹാന്റ് ഇവികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തില്‍ ഇതുവരെയും ധാരണയായിട്ടില്ല.

മുന്നില്‍ ടാറ്റ

കറണ്ടുവണ്ടി ഉടമകളുടെ ഇഷ്ടവാഹനം ടാറ്റ നെക്‌സോണ്‍ ആണെന്ന് 61 ശതമാനം പേരും അഭിപ്രായപ്പെട്ടു. 19 ശതമാനം പേര്‍ക്കിഷ്ടം ടാറ്റയുടെ പഞ്ച് ഇവിയാണ്. ഡിസൈന്‍, സുരക്ഷ, കൂടുതല്‍ കാലം ഈടുനില്‍ക്കുമെന്ന ഉറപ്പ് തുടങ്ങിയ ഗുണങ്ങളാണ് ടാറ്റ വാഹനങ്ങളുടെ ജനപ്രീതിക്ക് കാരണം. മറ്റൊരു ഇവി കമ്പനിയായ ബി.വൈ.ഡിയുടെ വാഹനങ്ങള്‍ ആകര്‍ഷകമാണെങ്കിലും ഉയര്‍ന്ന വില മൂലം ആളുകള്‍ വാങ്ങാന്‍ തയ്യാറാകുന്നില്ല.

ഇവി നയം പാളിയോ

രാജ്യത്ത് വേണ്ടത്ര തയ്യാറെടുപ്പുകളോ പഠനങ്ങളോ നടത്താതെയാണ് ഇവി നയം നടപ്പിലാക്കിയതെന്നുള്ള ആരോപണം പ്രതിപക്ഷ പാര്‍ട്ടികളും വാഹന വിദഗ്ധരും ഉന്നയിക്കുന്ന കാര്യമാണ്. ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ രാജ്യത്തെ മിക്ക സംസ്ഥാനങ്ങള്‍ക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. വൈദ്യുത വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സബ്‌സിഡി പിന്‍വലിച്ചതും ഇവി വിപണിയെ പിന്നോട്ടടിച്ചു.

വൈദ്യുത വാഹനങ്ങളിലേക്കുള്ള പൂര്‍ണമായ മാറ്റം ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും വേണ്ടത് ഹൈബ്രിഡ് വണ്ടികളാണെന്നുമുള്ള ആവശ്യവും ഉയര്‍ന്നിരുന്നു. ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് ചുമത്തിയിരിക്കുന്ന അമിത നികുതി കുറയ്ക്കാനുള്ള പ്രഖ്യാപനം ബജറ്റിലുണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com