ടാറ്റയുടെ കുഞ്ഞന്‍ എസ്‌യുവി, എന്തുകൊണ്ട് ഹിറ്റാവും

2039 ഓടെ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ കാര്‍ വിപണിയായി മാറാന്‍ പോകുകയാണ് നമ്മുടെ സ്വന്തം ഇന്ത്യ. ഈ മുന്നേറ്റത്തിന് ചുക്കാന്‍ പിടിക്കുന്നത് എസ്‌യുവി സെഗ്്‌മെന്റാണ്. എസ്‌യുവികളില്‍ തന്നെ ഏറെ പ്രചാരത്തിലുണ്ടാകാന്‍ പോകുന്ന വിഭാഗമാണ് ചെറിയ എസ്‌യുവികള്‍. ഹാച്ച്ബാക്കിന്റെ അത്ര തന്നെ വിപണി സാന്നിധ്യമുണ്ടാകുമെന്നാണ് പ്രവചനം. ഈ വിഭാഗത്തിലേക്ക് ഇന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട വാഹന നിര്‍മാതാക്കളായ ടാറ്റയുടെ അവതാരമാണ് 'പഞ്ച്'. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ടാറ്റ പഞ്ച് വിപണിയില്‍ അവതരിപ്പിച്ചത്. 5.49 ലക്ഷം രൂപ മുതല്‍ 8.49 ലക്ഷം രൂപ വരെ വില വരുന്ന ടാറ്റ പഞ്ചിനെ പരിചയപ്പെടാം. 2020 ഓട്ടോ എക്‌സ്‌പോയില്‍ എച്ച്ബിഎക്‌സ് എന്ന പേരില്‍ അവതരിപ്പിച്ചിരുന്ന കോണ്‍സെപ്റ്റ് അടിസ്ഥാനമാക്കിയാണ് ടാറ്റ പഞ്ച് നിര്‍മിച്ചിരിക്കുന്നത്. ടാറ്റയുടെ വ്യത്യസ്ത ഡിസൈനോടുകൂടി വന്നിരിക്കുന്ന പഞ്ചിന് ടാറ്റ കാറുകളുടെ ഡിസൈന്‍ സ്വഭാവം നിലനിര്‍ത്തിയിട്ടുണ്ട്. പുഞ്ചിരിക്കുന്ന ഭാവമുള്ള ഹ്യുമാനിറ്റി ലൈനോടുകൂടിയ മുന്‍വശത്തിന് എസ്‌യുവിയുടെ ഗാംഭീര്യം ലഭിക്കുന്ന തരത്തിലുള്ള രൂപകല്‍പ്പനയാണ് നല്‍കിയിരിക്കുന്നത്. ഇരുവശങ്ങളിലും എസ്‌യുവിയുടെ പേശിനിര്‍ഭരമായിട്ടുള്ള ഭാവമാണ് നല്‍കിയിട്ടുള്ളത്. പിന്‍വശത്ത് ആകര്‍ഷണീയവും എന്നാല്‍ ലളിതവുമായിട്ടുള്ള ഡിസൈനാണ് ഉള്ളത്. 16 ഇഞ്ചുള്ള അലോയ് വീലുകളും 15 ഇഞ്ചുള്ള സ്റ്റീല്‍ റിമ്മുകളും പഞ്ചിനായി ടാറ്റ നല്‍കിയിട്ടുണ്ട്. നാല് വ്യത്യസ്ത ട്രിമ്മുകളില്‍ ടാറ്റ പഞ്ച് ലഭ്യമാണ്. ആകര്‍ഷണീയമായ ഏഴ് വ്യത്യസ്ത നിറങ്ങളില്‍ ടാറ്റ പഞ്ച് നമുക്ക് തെരഞ്ഞെടുക്കാവുന്നതുമാണ്.

പുതുതലമുറ ടാറ്റ കാറുകളുടെ ഡിസൈന്‍ ഭാഷ്യത്തിലൂടെ രൂപകല്‍പ്പന ചെയ്തിട്ടുള്ള ഈ ഉള്‍വശത്തില്‍ നാല് മുതിര്‍ന്നവര്‍ക്കും ഒരു കുട്ടിക്കും സുഖകരമായി യാത്ര ചെയ്യാനുള്ള സൗകര്യമുണ്ട്. ഏഴ് ഇഞ്ചിന്റെ ടിഎഫ്ടി സ്‌ക്രീനോടുകൂടിയ ഡിജിറ്റല്‍ ഡിസ്‌പ്ലേയാണ് ഡാഷിലെ പ്രധാന ആകര്‍ഷണം. അതിന് അനുയോജ്യമായ എയര്‍വെന്റും സെന്റര്‍ കണ്‍സോളും സ്വിച്ചുകളുമാണ് പഞ്ചിലുള്ളത്. ആറ് സ്പീക്കറുകളുള്ള ഹര്‍മ്മനിന്റെ സൗണ്ട് സിസ്റ്റവും ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ എന്നിവ ബന്ധപ്പെടുത്താനുള്ള സൗകര്യവുമുണ്ട്. സുരക്ഷയുടെ കാര്യത്തില്‍ ടാറ്റ എടുക്കുന്ന മുന്‍കൈ ഈയിടെ വിപണിയിലെത്തിയിട്ടുള്ള മിക്ക മോഡലുകളിലും നാം കണ്ടിട്ടുള്ളതാണ്. ഈ പുതിയ പഞ്ചിനും 5 സ്റ്റാര്‍ സുരക്ഷാ റേറ്റിംഗാണ് ലഭിച്ചിട്ടുള്ളത്. കുട്ടികളുടെ സുരക്ഷയ്ക്ക് 4 സ്റ്റാര്‍ റേറ്റിംഗുമുണ്ട്. പുതിയ പഞ്ചില്‍ ടാറ്റ നല്‍കിയിട്ടുള്ളത് 1.2 ലിറ്റര്‍ റെവോട്രോണ്‍ എഞ്ചിനാണ്. 86 പിഎസ് കരുത്തും 113 എന്‍എം ടോര്‍ക്കുമാണ് ഈ എഞ്ചിന്‍ ഉല്‍പ്പാദിപ്പിക്കുന്നത്. 5 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സും 5 സ്പീഡ് എഎംടി ഗിയര്‍ ബോക്‌സും ലഭ്യമാണ്. വലിയ കരുത്തുള്ള എഞ്ചിനാണെന്ന് അവകാശപ്പെടാന്‍ സാധിക്കില്ലെങ്കിലും മോശമല്ലാത്ത പ്രവര്‍ത്തനക്ഷമതയാണ് ടെസ്റ്റ് ഡ്രൈവില്‍ കാഴ്ചവെച്ചിട്ടുള്ളത്. മുന്നില്‍ ഡിസ്‌ക് ബ്രേക്കും പിന്നില്‍ ഡ്രം ബ്രേക്കുമാണ് വരുന്നത്.
ഇന്ത്യന്‍ റോഡുകള്‍ക്ക് അനുയോജ്യമായ സസ്‌പെന്‍ഷന്‍ സിസ്റ്റമാണ് ടാറ്റ പഞ്ചിന് എഞ്ചിനീയര്‍മാര്‍ നല്‍കിയിട്ടുള്ളത്. ജാഗ്വര്‍ ലാന്‍ഡ് റോവറുമായുള്ള സഹകരണത്തിന്റെ ഫലമായാണ് ഇത്തരം മെച്ചപ്പെട്ട സസ്‌പെന്‍ഷനില്‍ അവതരിക്കപ്പെടുന്നത്. ഓട്ടോ ഹെഡ്‌ലാമ്പ്, റെയ്ന്‍ സെന്‍സിംഗ് വൈപ്പര്‍, ഓട്ടോ ഫോള്‍ഡ് സൈഡ് വ്യൂ മിറര്‍, റിയര്‍ വൈപ്പര്‍, റിമോട്ട് കീ, സ്റ്റാര്‍ട്ട് ബട്ടണ്‍, ജിയോ ഫെന്‍സിംഗ്, കണക്ടഡ് കാര്‍ സൗകര്യങ്ങള്‍ തുടങ്ങി ഒട്ടനവധി ഫീച്ചറുകളും പഞ്ചില്‍ കൂട്ടിയിണക്കിയിട്ടുണ്ട്. ഇന്ത്യക്കാരെ ഏറെ കണക്കിലെടുക്കുന്ന ടാറ്റ എന്ന കമ്പനിയുടെ ഈ പുതിയ എസ് യു വി മലയാളികളുടെ പ്രിയപ്പെട്ട വാഹനമാകുമെന്നതില്‍ യാതൊരു സംശയവും എനിക്കില്ല. നിങ്ങള്‍ക്കോ?




Related Articles

Next Story

Videos

Share it