ട്രംപ് കണ്ണുരുട്ടി, കേന്ദ്രം തീരുവ കുറച്ചു! വിദേശ സൂപ്പര്‍ ബൈക്കുകള്‍ ഇനി 'ബജറ്റ്' വിലയില്‍

10 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള 1600 സിസിക്ക് മുകളിലുള്ള വാഹനത്തിന് നികുതി ഇനത്തില്‍ മാത്രം രണ്ട് ലക്ഷം രൂപയുടെ കുറവുണ്ടാകും
Prime minister Narendra Modi and Us president Donald trump in conversation -  Harley Davidosn Pan America tourer bike in the background
File ImageFacebook/Narendra modi , Harley Davidson
Published on

ഇറക്കുമതി ചെയ്യുന്ന വിദേശ ഇരുചക്ര വാഹനങ്ങളുടെ അടിസ്ഥാന ഇറക്കുമതി തീരുവ (Basic Customs Duty) കുറക്കാനുള്ള തീരുമാനത്തോടെ ഹാര്‍ളി ഡേവിഡ്‌സണ്‍, സുസുക്കി ഹയാബുസ തുടങ്ങിയ സൂപ്പര്‍ ബൈക്ക് മോഡലുകളുടെ വില ഇന്ത്യയില്‍ കുറയും. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന 1,600 സിസി വരെയുള്ള ബൈക്കുകളുടെ തീരുവ 50ല്‍ നിന്ന് 40 ശതമാനമായാണ് കുറച്ചത്. 1,600 സിസിക്ക് മുകളിലുള്ള വാഹനങ്ങളുടേത് അമ്പതില്‍ നിന്ന് 30 ശതമാനമായും കുറച്ചു. അതായത് 10 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള വാഹനത്തിന് നികുതി ഇനത്തില്‍ മാത്രം രണ്ട് ലക്ഷം രൂപയുടെ കുറവുണ്ടാകും. ഇതിന് പുറമെ ഭാഗികമായി അസംബിള്‍ ചെയ്തതും യന്ത്രഭാഗങ്ങള്‍ ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ കൂട്ടിയോജിപ്പിക്കുന്ന വാഹനങ്ങള്‍ക്കും തീരുവയില്‍ ഇളവ് നല്‍കിയിട്ടുണ്ട്.

ട്രംപിന് വഴങ്ങിയോ

യു.എസ് കമ്പനിയായ ഹാര്‍ളി ഡേവിഡ്‌സന്റെ ബൈക്കുകള്‍ക്ക് ഇന്ത്യയില്‍ ഉയര്‍ന്ന നികുതി ചുമത്തുന്നതിനെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിരുന്നു. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന നികുതി ചുമത്തുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കും തീരുവ ഈടാക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. ഇതിന് വഴങ്ങിയെന്നോണമാണ് ഉയര്‍ന്ന എഞ്ചിന്‍ ശേഷിയുള്ള വാഹനങ്ങളുടെ ഇറക്കുമതി തീരുവ കുറച്ചതെന്നാണ് സൂചന. ഹാര്‍ലി ഡേവിഡ്‌സന്റെ കൂടുതല്‍ മോഡലുകളും 1,600 സിസിക്ക് മുകളിലുള്ളതാണെന്നതും എടുത്ത് പറയേണ്ടതാണ്. അടുത്ത ദിവസങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദര്‍ശിക്കുന്നുണ്ട്. ഇതും ബജറ്റ് തീരുമാനത്തിന് കാരണമായെന്നാണ് വിലയിരുത്തല്‍.

2018ല്‍ ട്രംപ് യു.എസ് പ്രസിഡന്റായിരിക്കുമ്പോഴാണ് വിദേശ ബൈക്കുകളുടെ ഇറക്കുമതി തീരുവ 100 ശതമാനത്തില്‍ നിന്നും 50 ശതമാനമാക്കിയത്. ഇതിലും തൃപ്തി വരാത്ത ട്രംപ് നിരവധി തവണ ഇന്ത്യയിലെ നികുതി ഘടനയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ത്യയെ ആഗോള നിര്‍മാണ ഹബ്ബായി മാറ്റുന്നതിന് വേണ്ടിയാണ് വിദേശ കമ്പനികളുടെ മോഡലുകള്‍ക്ക് ഇറക്കുമതി തീരുവ കുറക്കുന്നതെന്നാണ് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ചത്. ട്രംപിന് വഴങ്ങിയാണ് തീരുവ കുറക്കുന്നതെന്ന ആരോപണത്തിന് തടയിടാന്‍ മന്ത്രി ഒരു മുഴം മുന്നേയെറിഞ്ഞു.

വണ്ടിപ്രേമികള്‍ക്ക് ആനന്ദം

സംഗതി എന്തായാലും നിര്‍മലാ സീതാരാമന്റെ തീരുമാനം രാജ്യത്തെ വാഹന പ്രേമികള്‍ക്ക് സന്തോഷം നല്‍കുന്നതാണ്. 1,600 സിസിക്ക് മുകളിലുള്ള ബൈക്ക് വാങ്ങാന്‍ പോകുന്നവര്‍ക്കാണ് ശരിക്കും കോളടിച്ചത്. തീരുവ 50ല്‍ നിന്നും 30 ശതമാനമാക്കിയതോടെ ഹാര്‍ലി ഡേവിഡ്‌സണ്‍ ഫാറ്റ് ബോയ്, സ്ട്രീറ്റ് ഗ്ലൈഡ്, ഹോണ്ട ഗോള്‍ഡ് വിംഗ് തുടങ്ങിയ വാഹനങ്ങളുടെ വില നന്നായി കുറയും. ഹീറോയുടെ പങ്കാളിത്തത്തോടെ ഹാര്‍ലി ഡേവിഡ്‌സണ്‍ ഇന്ത്യയിലെത്തിക്കുന്ന 1600 സിസിക്ക് താഴെയുള്ള സ്‌പോട്‌സ്റ്റര്‍, നൈറ്റ്‌സ്റ്റര്‍, പാന്‍അമേരിക്ക തുടങ്ങിയ മോഡലുകളുടെയും വിലകുറയും. ഇതിന് പുറമെ വണ്ടി പ്രേമികളുടെ ഇഷ്ട മോഡലുകളായ സുസുക്കി ഹയാബുസ, ഡ്യൂക്കാട്ടി പനഗേല്‍, കാവസാക്കി നിന്‍ജ എച്ച് 2ആര്‍, ഹോണ്ട ആഫ്രിക്ക ട്വിന്‍ തുടങ്ങിയ മോഡലുകള്‍ക്കും കാര്യമായ കുറവുണ്ടാകും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com