ഹാര്‍ലി ഡേവിഡ്‌സണ്‍ ഇന്ത്യ വിടുന്നു ഹീറോ മോട്ടോകോര്‍പുമായി ധാരണയ്ക്കും ശ്രമം

ഹാര്‍ലി ഡേവിഡ്‌സണ്‍ ഇന്ത്യ വിടുന്നു ഹീറോ മോട്ടോകോര്‍പുമായി ധാരണയ്ക്കും ശ്രമം
Published on

ലോകപ്രശസ്ത അമേരിക്കന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണ്‍ ഒടുവില്‍ ഇന്ത്യ വിടാന്‍ തന്നെ തീരുമാനിച്ചു. ഇന്ത്യന്‍ വിപണിയില്‍ തിളങ്ങാനാകാതെ പോയതാണ് കമ്പനിയെ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ പ്രേരിപ്പിച്ചത്.

ഹരിയാനയിലെ ബാവലിലുള്ള കമ്പനിയുടെ നിര്‍മാണ യൂണിറ്റ് അടച്ചു പൂട്ടുകയാണെന്നും ഗുഡ്ഗാവിലെ സെല്‍യ്‌സ് ഓഫീസിന്റെ പ്രവര്‍ത്തനം ചുരുക്കുകയാണെന്നും കമ്പനി പത്രക്കുറിപ്പില്‍ പറയുന്നു. നിലവിലുള്ള ഉപഭോക്താക്കള്‍ക്കു വേണ്ടി നിശ്ചിതകാലത്തേക്ക് കൂടി ഡീലര്‍ നെറ്റ്‌വര്‍ക്ക് തുടരും.

അതേസമയം, രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പുമായി തന്ത്രപരമായ ധാരണയ്ക്ക് ഹാര്‍ലി ഡേവിഡ്‌സണ്‍ ശ്രമിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ലോകത്തെ ഏറ്റവും വലിയ നാലാമത്തെ വാഹന വിപണിയായ ഇന്ത്യയില്‍ തിളങ്ങാനാകാതെ ഹാര്‍ലി ഡേവിഡ്‌സണ്‍ രാജ്യം വിടുമ്പോള്‍ അത് ഇന്ത്യയെ ഉല്‍പ്പാദന കേന്ദ്രമാക്കി മാറ്റുകയെന്ന കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങള്‍ക്കുള്ള തിരിച്ചടി കൂടിയായി മാറുന്നു.

ഇന്ത്യയില്‍ നിന്ന് പിന്‍വാങ്ങുന്നതിലൂടെ 169 മില്യണ്‍ ഡോളര്‍ ചെലവ് കണക്കാക്കുന്ന റിസ്ട്രക്ചറിംഗ് പദ്ധതിക്കാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ ഒരുങ്ങുന്നത്. ഇന്ത്യയിലെ 70 ലേറെ തൊഴിലാളികളെ ഒഴിവാക്കുന്നതിനുള്ള ചെലവും ഇതില്‍പെടുന്നു.

ഓഗസ്റ്റില്‍ തന്നെ കമ്പനി, മോശം പ്രകടനം നടത്തുന്ന വിപണികളില്‍ നിന്ന് പിന്‍വാങ്ങാനും അമേരിക്കയുള്‍പ്പടെയുള്ള വിപണിയില്‍ കൂടുതല്‍ ശ്രദ്ധയൂന്നാനുമുള്ള തീരുമാനം അറിയിച്ചിരുന്നു. റിവയര്‍ സ്ട്രാറ്റജിയുടെ ഭാഗമായി പ്രോഡക്റ്റ് പോര്‍ട്ട്‌ഫോളിയോ 30 ശതമാനം വര്‍ധിപ്പിക്കാനും വടക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യാ പസിഫിക്കിലെ ഏതാനും ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്നുമാണ് കമ്പനി അറിയിക്കുന്നത്.

ഇന്ത്യന്‍ വിപണിയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനിക്ക് വിറ്റഴിക്കാനായത് കേവലം 2470 ബൈക്കുകള്‍ മാത്രമാണ്. 2014-15 സാമ്പത്തിക വര്‍ഷം 4641 ബൈക്കുകള്‍ വിറ്റിരുന്നു. തൊട്ടടുത്ത വര്‍ഷം ഇത് 4708 യൂണിറ്റുകളായി വര്‍ധിച്ചുവെങ്കിലും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ വില്‍പ്പന കുറഞ്ഞു കൊണ്ടേയിരുന്നു. ഇതു വരെയായി കമ്പനി രാജ്യത്ത് വിറ്റത് 27000ത്തോളം ബൈക്കുകളാണ്. ഈ സെഗ്മെന്റില്‍ വില്‍പ്പനയില്‍ മുന്നിലുള്ള റോയല്‍ എന്‍ഫീല്‍ഡ് ഒരു മാസം വിറ്റഴിക്കുന്ന ബൈക്കിന്റെ പകുതി മാത്രമേ ഇതാകുന്നുള്ളൂ.

കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ഇന്ത്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന മൂന്നാമത്തെ അമേരിക്കന്‍ വാഹന നിര്‍മാതാക്കളാണ് ഹാര്‍ലി ഡേവിഡ്‌സണ്‍. 2017 ല്‍ ജനറല്‍ മോട്ടോഴ്‌സ് രാജ്യത്തെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയും ഗുജറാത്തിലെ പ്ലാന്റ് വില്‍ക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ഫോര്‍ഡ് മോട്ടോര്‍ കമ്പനി ഇന്ത്യയിലെ സ്വതന്ത്ര പ്രവര്‍ത്തനം അവസാനിപ്പിക്കുയും ആസ്തികളെല്ലാം മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുമായി ചേര്‍ന്നുള്ള കൂട്ടുസംരംഭത്തിലേക്ക് ചേര്‍ക്കുകയും ചെയ്തിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam YouTube Channel – youtube.com/dhanammagazine

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com