പെട്രോള്‍ വില പ്രശ്‌നമാക്കേണ്ട, മികച്ച ഇന്ധനക്ഷമതയുള്ള അഞ്ച് ബൈക്കുകള്‍ ഇതാ

രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നത് നിങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ടോ? പ്രത്യേകിച്ച് നിങ്ങള്‍ പുതുതായി ഒരു ബൈക്ക് വാങ്ങാനൊരുങ്ങുകയാണെങ്കില്‍. തീര്‍ച്ചയായും നിങ്ങള്‍ ആശങ്കപ്പെടും. പെട്രോള്‍ വിലയോടൊപ്പം ചെലവും കൂടുമെന്നത് പലര്‍ക്കും ഒരു പ്രശ്‌നമാണ്. എന്നാല്‍ പെട്രോള്‍ വില വര്‍ധന അത്ര കാര്യമായി ബാധിക്കാത്ത നല്ല ഇന്ധനക്ഷമതയുള്ള ബൈക്കുകളും നമുക്കിടയിലുണ്ട്. അവ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

ഹീറോ സ്‌പ്ലെന്‍ഡര്‍ പ്ലസ്
രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോട്ടോര്‍സൈക്കിളായ ഹീറോ സ്‌പ്ലെന്‍ഡര്‍ പ്ലസ് ഇന്ധനക്ഷമതയുള്ള കാര്യത്തിലും മുന്നിലാണ്. അതുകൊണ്ട് തന്നെയാണ് ഹീറോ സ്‌പ്ലെന്‍ഡര്‍ പ്ലസ് ഇന്ത്യയില്‍ അത്ര സ്വീകാര്യമാകാനും കാരണം. ഏകദേശം രണ്ട് പതിറ്റാണ്ടിലധികമായി ഇന്ത്യന്‍ നിരത്തുകളിലുള്ള ഹീറോ സ്‌പ്ലെന്‍ഡര്‍ പ്ലസിന് ഒരു ലിറ്റര്‍ പെട്രോളിന് 80 കിലോമീറ്റര്‍ ഇന്ധനക്ഷമതായണ് ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എആര്‍എഐ) സാക്ഷ്യപ്പെടുത്തുന്നത്. 62,535 രൂപയാണ് (എക്‌സ്-ഷോറൂം, ഡല്‍ഹി) ഹീറോ സ്‌പ്ലെന്‍ഡര്‍ പ്ലസിന്റെ വില.
ഹീറോ സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍
ഹീറോയുടെ 125 സിസി ബൈക്കായ ഹീറോ സൂപ്പര്‍ സ്‌പ്ലെന്‍ഡറിന് എആര്‍എഐ ഒരു ലിറ്റര്‍ പെട്രോളിന് 83 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് സാക്ഷ്യപ്പെടുത്തുന്നത്. 125 സിസി വിഭാഗത്തില്‍ ഏറ്റവും മകച്ച ഇന്ധനക്ഷമത നല്‍കുന്നതും ഹീറോ സൂപ്പര്‍ സ്‌പ്ലെന്‍ഡറാണ്. നിലവില്‍ 71,100 രൂപയാണ് ഇതിന്റെ എക്‌സ്‌ഷോറൂം (ഡല്‍ഹി) വില. ഇതിന്റെ പ്രീമിയം ഡിസ്‌ക് ബ്രേക്ക് വേരിയന്റും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.
ബജാജ് പ്ലാറ്റിന
പൂനെ ആസ്ഥാനമായുള്ള നിര്‍മാതാക്കളായ ബജാജിന്റെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ബൈക്കുകളിലൊന്നായ പ്ലാറ്റിന ഇന്ധക്ഷമതയുടെ കാര്യത്തില്‍ മൂന്നാം സ്ഥാനത്താണ്. 110 സിസി ബൈക്കായ ബജാജ് പ്ലാറ്റിനയ്ക്ക് 84 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണുള്ളത്. ബജാജിന്റെ ഇന്ത്യയിലുടനീളമുള്ള ഷോറൂമുകളില്‍നിന്ന് 63,424 രൂപയ്ക്ക് (എക്‌സ്‌ഷോറൂം വില, ഡല്‍ഹി) ബജാജ് പ്ലാറ്റിന സ്വന്തമാക്കാവുന്നതാണ്.
ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ്
ഇന്ത്യയിലെ ഏറ്റവും മികച്ച ഇന്ധനക്ഷമത നല്‍കുന്നതില്‍ രണ്ടാം സ്ഥാനമാണ് ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസിനുള്ളത്. 110 സിസി ബൈക്കായ ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസിന് ഒരു ലിറ്റര്‍ പെട്രോളിന് 85 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് എആര്‍എഐ സാക്ഷ്യപ്പെടുത്തുന്നത്. 66,895 രൂപയാണ് ഈ ബൈക്കിന്റെ എക്‌സ്‌ഷോറൂം വില (ഡല്‍ഹി).
ബജാജ് സിടി 100
എആര്‍എഐയുടെ പട്ടികയില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ഇന്ധനക്ഷമതയുള്ള ബൈക്ക് ബജാജ് സിടി 100 ആണ്. ഒരു ലിറ്റര്‍ പെട്രോളിന് 104 കിലോമീറ്ററാണ് ഈ ബൈക്കിന്റെ ഇന്ധനക്ഷമത. 100 ന് മുകളില്‍ ഇന്ധനക്ഷമതയുള്ള ഇന്ത്യയിലെ ഏക ബൈക്കും ഇതാണ്. ബജാജ് സിടി 100ന്റെ അലോയ് വീല്‍ കിക്ക് സ്റ്റാര്‍ട്ട് വേരിയന്റ് 49,152 രൂപയ്ക്ക് (എക്‌സ്‌ഷോറൂം, ഡല്‍ഹി) സ്വന്തമാക്കാവുന്നത്.


Related Articles
Next Story
Videos
Share it