നെക്സോണിനും കിയ സോണറ്റിനും വെല്ലുവിളിയുമായി കുറഞ്ഞ വിലയില്‍ ഇതാ മഹീന്ദ്രയുടെ പുത്തന്‍ താരം

ഏഴു നിറങ്ങളിലാണ് ഇതെത്തിയിരിക്കുന്നത്
Image courtesy: Mahindra
Image courtesy: Mahindra
Published on

നെക്സോണിനും കിയ സോണറ്റിനും വെല്ലുവിളിയുമായി ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ പുതിയ എക്‌സ്.യു.വി. 3എക്‌സ്.ഒ (മഹീന്ദ്ര XUV 3XO) വിപണിയിലെത്തി. വിപണിയില്‍ 7.49 ലക്ഷം രൂപ (എക്‌സ്‌ഷോറൂം) മുതല്‍ 15.49 ലക്ഷം രൂപ വരെയാണ് വില. ഒട്ടേറെ മാറ്റങ്ങളോടെ എത്തിയ മഹീന്ദ്ര എക്സ്.യു.വി 300 എന്ന് പറയാം പുത്തന്‍ എക്‌സ്.യു.വി. 3എക്‌സ്.ഒ.

ഓട്ടമാറ്റിക് ഓപ്ഷന്‍ കൂടി ഉള്‍പ്പെടുത്തിയാണ് മഹീന്ദ്ര എക്സ്.യു.വി 3എക്സ്.ഒ അവതരിപ്പിച്ചിരിക്കുന്നത്. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളിലാണ് എത്തിയിരിക്കുന്നത്. പെട്രോളില്‍ 111 എച്ച്.പി, 130 എച്ച്.പി കരുത്തുള്ള മാനുവല്‍, ഓട്ടോമാറ്റിക് മോഡലുകളും ഡീസലില്‍ 117 എച്ച്.പി കരുത്തുള്ള മാനുവല്‍ ഓട്ടമാറ്റിക് മോഡലുകളുമാണുള്ളത്. എക്സ്.യു.വി 700ലേതിനു സമാനമാണ് പുതിയ മോഡലിന്റെ സുരക്ഷ. എല്ലാ മോഡലുകളിലും 6 എയര്‍ബാഗുകളുണ്ട്.

എക്‌സ്.യു.വി 3എക്‌സ് ഒയ്ക്ക് 10.25 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സ്‌ക്രീനും ഡ്രൈവര്‍ ഡിസ്പ്ലേയും പനോരമിക് റൂഫ്, ഡ്യുവല്‍ ടോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നീ ഫീച്ചറുകളുണ്ട്. ഉയര്‍ന്ന മോഡലുകളില്‍ ഓള്‍ എല്‍.ഇ.ഡി ലൈറ്റിംഗ്, സെവന്‍ സ്പീക്കര്‍ ഹര്‍മന്‍ കാര്‍ഡോണ്‍ ഓഡിയോ സിസ്റ്റം, അഡ്രെനോക്സ് കണക്ട് കണക്ടിവിറ്റി സ്യൂട്ട്, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ ആപ്പിള്‍ കാര്‍പ്ലേ, 65w ടൈപ്പ് സി ചാര്‍ജിംഗ് പോട്ട്, വയര്‍ലസ് ചാര്‍ജര്‍ തുടങ്ങിയ സവിശേഷതകളുണ്ട്.

വിലയുടെ കാര്യത്തില്‍

ഇന്ത്യന്‍ വിപണിയില്‍ 7.49 ലക്ഷം രൂപയിലാണ് വില ആരംഭിക്കുന്നത്. ഏറ്റവും ഉയര്‍ന്ന മോഡലിന് 15.49 ലക്ഷം രൂപയാണ് മഹീന്ദ്ര വിലയിട്ടിരിക്കുന്നത്. കടുത്ത മത്സരം നടക്കുന്ന കോംപാക്ട് എസ്.യു.വി വിഭാഗത്തിലെ കിയ സോണറ്റിനേക്കാളും (7.99 ലക്ഷം- 15.75 ലക്ഷം രൂപ) ടാറ്റ നെക്സോണിനേക്കാളും(8.15 ലക്ഷം- 15.80 ലക്ഷം രൂപ) കുറഞ്ഞ വിലയിലാണ് മഹീന്ദ്ര എക്സ്.യു.വി 3എക്സ്.ഒ എത്തിയിരിക്കുന്നത്.

സ്റ്റെല്‍ത്ത് ബ്ലാക്ക്, സിട്രൈന്‍ യെല്ലോ, ഡ്യൂണ്‍ ഡസ്റ്റ്, നെബുല ബ്ലൂ, ഡീപ്പ് ഫോറസ്റ്റ്, എവറസ്റ്റ് വൈറ്റ് എന്നിവ അടക്കം ഏഴു നിറങ്ങളിലാണ് എത്തിയിരിക്കുന്നത്. എക്‌സ്.യു.വി 3എക്‌സ് ഒയ്ക്ക് 18 വേരിയന്റുകളാണുള്ളത്.  ബുക്കിംഗ് ഓണ്‍ലൈനിലും മഹീന്ദ്ര ഡീലര്‍ഷിപ്പുകളിലുമായി മെയ് 15 മുതല്‍ ആരംഭിക്കും. ഡെലിവറികള്‍ മെയ് 26 മുതല്‍ ആരംഭിക്കും. 

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com