Begin typing your search above and press return to search.
2022 ഓടെ 10,000 ഇവി ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍, സ്റ്റാര്‍ട്ടപ്പുമായി കൈകോര്‍ത്ത് ഹീറോ ഇലക്ട്രിക്
രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ ഇലക്ട്രിക്, കൂടുതല്‍ ഇവി ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ ഒരുക്കാന്‍ പദ്ധതിയുമായി രംഗത്ത്. 2022 ഓടെ രാജ്യത്തുടനീളം 10,000 ഇവി ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സജ്ജീകരിക്കാനാണ് ഹീറോ ഇലക്ട്രിക് ലക്ഷ്യമിടുന്നത്. ഡല്‍ഹി ആസ്ഥാനമായുള്ള ഇവി ചാര്‍ജിംഗ് സൊല്യൂഷന്‍സ് സ്റ്റാര്‍ട്ടപ്പായ മാസിവ് മൊബിലിറ്റിയുമായുള്ള പങ്കാളിത്തത്തിലാണ് പുതിയ നീക്കം ഹിറോ ഇലക്ട്രിക് പ്രഖ്യാപിച്ചിരിക്കുന്നത്.
കമ്പനിയുടെ പുതിയ സജ്ജീകരണം എല്ലാ ഇവി ഉടമകള്‍ക്കും ഉപയോഗിക്കാനാകുമെന്നും അങ്ങനെ 'നിര്‍മ്മാതാക്കള്‍ തമ്മിലുള്ള സ്റ്റാന്‍ഡേര്‍ഡൈസേഷനെ' സഹായിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ത്രീ വീലര്‍, ടു വീലര്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ചാര്‍ജിംഗ് പോയിന്റും പാര്‍ക്കിംഗ് സേവനങ്ങളുമാണ് മാസിവ് മൊബിലിറ്റി നല്‍കിവരുന്നത്.
''ഇന്ത്യന്‍ സര്‍ക്കാരിന്റെ സമീപകാല പ്രഖ്യാപനങ്ങള്‍ ഇവി വ്യവസായത്തെ അടുത്ത തലത്തിലേക്ക് നയിക്കാന്‍ സഹായിച്ചു. ഇവി സെഗ്മെന്റിലെ ഒരു മുന്‍നിര ബ്രാന്‍ഡ് എന്ന നിലയില്‍, ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനായി കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കുറഞ്ഞ നിരക്കില്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ നിര്‍മ്മിക്കാന്‍ ഹീറോ നിക്ഷേപം നടത്തിയിട്ടുണ്ട്. 'ഹീറോ ഇലക്ട്രിക് സിഇഒ സോഹിന്ദര്‍ ഗില്‍ പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍, 1650 ചാര്‍ജിംഗ് സ്റ്റേഷനുകളാണ് ഹിറോ ഒരുക്കിയിട്ടുള്ളത്. മാസിവ് മൊബിലിറ്റിയുമായുള്ള ഈ ബന്ധം ഞങ്ങളുടെ ലക്ഷ്യത്തിലെത്താനുള്ള ശ്രമങ്ങള്‍ക്ക് ഊര്‍ജമേകും. ഈ പങ്കാളിത്തം ഒരു കമ്പനി എന്ന നിലയില്‍ ഹീറോയ്ക്ക് മാത്രമല്ല, വ്യവസായത്തിനും ഗുണം ചെയ്യും, ''ഗില്‍ കൂട്ടിച്ചേര്‍ത്തു.
Next Story
Videos