ബിപിസിഎല്ലുമായി കൈകോര്‍ത്ത് ഹീറോ മോട്ടോകോര്‍പ്പ് :ലക്ഷ്യം ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍

പൊതുമേഖലാ സ്ഥാപനമായ ഭാരത് പെട്രോളിയം കോര്‍പറേഷനുമായി( ബിപിസിഎല്‍) സഹകരിക്കാന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ്. ഇലക്ട്രിക് വാഹനങ്ങള്‍ക്കായി (EV) ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ വികസിപ്പിക്കുകയാണ് ലക്ഷ്യം. ചാര്‍ജിംഗ് സ്റ്റേഷനുകള്‍ക്കായി ഒരു പൊതുമേഖലാ സ്ഥാപനവുമായി സഹകരിക്കുന്ന ആദ്യ വാഹന നിര്‍മാതാക്കളാണ് ഹീറോ.

ലോകത്തെ തന്നെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ ഇതുവരെ ഇലക്ട്രിക് മോഡലുകള്‍ പുറത്തിറക്കിയിട്ടില്ല. ഇവികള്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായി ഉപഭോക്താക്കള്‍ക്ക് മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.ബിപിസില്‍ 2021 സെപ്റ്റംബറില്‍ തന്നെ നിലവിലുള്ള 7,000 പെട്രോള്‍ പമ്പുകളില്‍ ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ആരംഭിക്കുമെന്ന് അറിയിച്ചിരുന്നു. ബിപിസിഎല്‍ പമ്പുകളില്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഒരുക്കാനുള്ള സൗകര്യങ്ങളാണ് ഹിറോയും ഒരുക്കുന്നത്.
ചാര്‍ജിംഗ് മുതല്‍ പണമടയ്ക്കല്‍ വരെ ഹീറോമോട്ടോകോര്‍പ്പ് മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാവും നടക്കുക. ആദ്യ ഘടത്തില്‍ ബെംഗളൂരു, ഡല്‍ഹി ഉള്‍പ്പടെയുള്ള ഒമ്പത് നഗരങ്ങളിലാണ് ബിപിസിഎല്‍-ഹീറോ ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുന്നത്. പിന്നീട് ഈ സംവിധാനം രാജ്യം മുഴുവന്‍ വ്യാപിപ്പിക്കും. ഇരുചക്ര വാഹനങ്ങള്‍ക്ക്‌ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ചാര്‍ജിംഗ് സ്റ്റേഷനുകളാണ് ഒരുങ്ങുന്നത്.


Related Articles

Next Story

Videos

Share it