റോയല്‍ എന്‍ഫീല്‍ഡിനെ വെല്ലുവിളിച്ച് ഹീറോ-ഹാര്‍ലി സഖ്യം

ഹീറോ മോട്ടോകോര്‍പും ഹാര്‍ലി ഡേവിഡ്‌സണും ചേര്‍ന്ന് 350-800 സിസി വിഭാഗത്തില്‍ ബൈക്ക് അവതരിപ്പിക്കുന്നു
റോയല്‍ എന്‍ഫീല്‍ഡിനെ വെല്ലുവിളിച്ച് ഹീറോ-ഹാര്‍ലി സഖ്യം
Published on

ലോകത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പിന് (Hero Motocorp) സൂപ്പര്‍ ബൈക്കുകളില്‍ പ്രമുഖരായ ഹാല്‍ലി ഡേവിഡ്‌സണ്‍ (Harley Davidson) കൈകൊടുത്തിട്ട് വര്‍ഷം രണ്ട് കഴിഞ്ഞു. ഇന്ത്യയില്‍ ഹാര്‍ലിയുടെ ബൈക്കുകള്‍ വില്‍ക്കുന്നത് ഹീറോയാണ്. ഇരു കമ്പനികളും ചേര്‍ന്ന് പുറത്തിറക്കുന്ന ബൈക്ക് അന്ന് മുതല്‍ ചര്‍ച്ചകളിലുണ്ട്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഹീറോ-ഹാര്‍ലി സഖ്യത്തിലെ ആദ്യ മോഡല്‍ 2023-24 അവസാനത്തോടെ എത്തിയേക്കും.

മിഡില്‍ വെയ്റ്റ് സെഗ്മെന്റിലാണ് (350-850 സിസി) ഇരുകമ്പനികളും ചേര്‍ന്ന് മോഡലുകള്‍ വികസിപ്പിക്കുന്നത്. ഹീറോ മോട്ടോകോര്‍പ്, ഹാര്‍ലി ഡേവിഡ്‌സണ്‍ എന്നീ രണ്ട് ബ്രാന്‍ഡുകളിലും ബൈക്കുകള്‍ അവതരിപ്പിക്കും എന്നാണ് വിവരം. നിലവില്‍ 1.5 ലക്ഷത്തിന് മുകളില്‍ വിലവരുന്ന മിഡില്‍ വെയ്റ്റ് സെഗ്മെന്റില്‍ 75 ശതമാനം വിപണി വിഹിതവുമായി റോയല്‍ എന്‍ഫീല്‍ഡാണ് മുന്നില്‍. ഹോണ്ട, ടിവിഎസ്, കെടിഎം, ബിഎംഡബ്ല്യൂ, കവാസാക്കി ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് സാന്നിധ്യമുള്ള മിഡില്‍ വെയിറ്റ് സെഗ്മെന്റില്‍  6,700-7,000 യൂണീറ്റുകളാണ് ഇന്ത്യയില്‍ വില്‍ക്കുന്നത്.

രാജ്യത്തെ നമ്പര്‍ വണ്‍ ഇരുചക്ര നിര്‍മാതാക്കളാണെങ്കിലും ഹീറോ ഇതുവരെ 350 സിസി വാഹനങ്ങള്‍ അവതരിപ്പിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഈ സെഗ്മെന്റിലേക്കുള്ള ഹീറോയുടെ വരവ് ആകാംക്ഷയോടെയാണ് വാഹന വിപണി നോക്കിക്കാണുന്നത്. ഹാര്‍ലിയുടെ ഏറ്റവും വില കുറഞ്ഞ മോഡലും ഹീറോയുമായി ചേര്‍ന്ന് പുറത്തിറക്കുന്ന ബൈക്കുകളില്‍ ഇടംപിടിക്കും എന്നതാണ് മറ്റൊരു പ്രത്യേകത. നിലവില്‍ 11.97 ലക്ഷം മുതലാണ് ഇന്ത്യയില്‍ ഹാര്‍ലി ബൈക്കുകളുടെ വില ആരംഭിക്കുന്നത്. രാജ്യത്ത് 1000 സിസിക്ക് മുകളിലുള്ള വിഭാഗത്തില്‍ ഹാര്‍ലിയാണ് ഒന്നാമന്‍. 2022ലെ ആദ്യ 10 മാസം 287 ഹാര്‍ലി ബൈക്കുകളാണ് ഹീറോ ഇന്ത്യയില്‍ വിറ്റത്. ഹാര്‍ലി ഇന്ത്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് 2020 ഒക്ടോബറിലാണ് ഇന്ത്യയിലെ വിതരണം ഹീറോ ഏറ്റെടുത്തത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com