ഇരുചക്ര വാഹന വിപണിയില്‍ പ്രതാപം നഷ്ടപ്പെട്ട് ഹീറോ മോട്ടോകോര്‍പ്പ്

വിപണി വിഹിതം കുത്തനെ ഇടിഞ്ഞു
ഇരുചക്ര വാഹന വിപണിയില്‍ പ്രതാപം നഷ്ടപ്പെട്ട് ഹീറോ മോട്ടോകോര്‍പ്പ്
Published on

രാജ്യത്തെ ഇരുചക്ര വാഹന വിപണി അടക്കി വാണിരുന്ന ഹീറോ മോട്ടോകോര്‍പ്പിന് പ്രതാപം നഷ്ടപ്പെടുന്നു. പുതിയ മോഡലുകള്‍ പുറത്തിറക്കി വിപണി തിരിച്ചു പിടിക്കാനുള്ള ശ്രമവും പരാജയപ്പെട്ടതോടെ രാജ്യത്തെ ഏറ്റവും വലിയ വില്‍പ്പന-സേവന ശൃംഖലയുള്ള ഹീറോ മോട്ടോകോര്‍പ്പിന്റെ വിപണി വിഹിതം കുത്തനെ ഇടിഞ്ഞു.

സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സിന്റെ(SIAM) കണക്കുകള്‍ പ്രകാരം രാജ്യത്തെ ഇരുചക്ര വാഹന വിപണിയുടെ പകുതിയിലധികവും കൈയ്യടക്കിയിരുന്ന ഹീറോ മോട്ടോകോര്‍പ്പിന്റെ വിപണി വിഹിതം മൂന്നിലൊന്നായി കുറഞ്ഞു.

പ്രമീയം സെഗ്മെന്റില്‍ പച്ചപിടിച്ചില്ല

കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളുകള്‍, സ്‌കൂട്ടര്‍ തുടങ്ങിയ എന്‍ട്രി ലെവല്‍ ഇരുചക്ര വാഹനങ്ങളില്‍ നിന്ന് പ്രീമിയം സെഗ്മെന്റില്‍ മേധാവിത്വം നേടാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതാണ് വിപണി വിഹിതം നഷ്ടമാകാനിടയാക്കിയതെന്ന് നിരീക്ഷകര്‍ പറയുന്നു. ഇന്ധനക്ഷമതയില്‍ മുന്നിലുള്ള 100 സി.സി മോട്ടോര്‍സൈക്കിളുകളില്‍ പേരെടുത്ത ഹീറോയ്ക്ക് 125-200 സിസി ബൈക്ക് വിഭാഗത്തില്‍ 4 ശതമാനം വിപണി വിഹിതം മാത്രമാണ് സ്വന്തമാക്കാനായത്. 125 സി.സി വരെയുള്ള വിഭാഗത്തില്‍ 21 ശതമാനവും.

കമ്പനിയുടെ പടക്കുതിരയായ 100 സിസി ബൈക്കായ സ്‌പ്ലെന്‍ഡറാണ് ഇപ്പോഴും വില്‍പ്പനയില്‍ മുന്നില്‍. എക്‌സ് പ്ലിസ് 200 4വി. എക്‌സ് പ്ലസ് 200ടി, എക്‌സ്ട്രീം 160ആര്‍, എക്‌സ്ട്രീം 200എസ് തുടങ്ങിയ മോഡലുകളിലൂടെ പ്രീമിയം കാറ്റഗറിയില്‍ മേധാവിത്വം നേടാന്‍ ഹീറോ ലക്ഷ്യമിട്ടെങ്കിലും പ്രതീക്ഷിച്ച പ്രതികരണം നേടാന്‍ സാധിച്ചില്ല.

മത്സരം ശക്തം

100 സി.സി വിഭാഗത്തില്‍ മത്സരം ശക്തമാണ്. ഹീറോയുടെ മുന്‍ പങ്കാളി ഹോണ്ടയാണ് ഈ വിഭാഗത്തിലെ മുഖ്യ എതിരാളി. ഹോണ്ട ഷൈനാണ് മോട്ടോര്‍ സൈക്കിളില്‍ മുന്നില്‍. 125 സി.സി വിഭാഗത്തിലാകട്ടെ ഹോണ്ട, ടി.വി.എസ്, സുസുക്കി എന്നിവയ്ക്ക് പിന്നില്‍ നാലാം സ്ഥാനത്താണ് ഹീറോ ഇപ്പോള്‍. ഈ സെഗ്മെന്റിലെ വിഹിതം 2019 സാമ്പത്തിക വര്‍ഷത്തിലെ 11 ശതമാനത്തില്‍ നിന്ന് ആറ് ശതമാനമായി.

മേയില്‍ ആഭ്യന്തര സ്‌കൂട്ടര്‍ വിപണി 16 ശതമാനം വളര്‍ന്നപ്പോള്‍ ഹീറോയുടെ വില്‍പ്പന 8 ശതമാനം ഇടിഞ്ഞു. ടി.വി.എസ്, റോയല്‍ എന്‍ഫീല്‍ഡ്, സുസുക്കി എന്നിവരാണ് ഹീറോയുടെ വിപണി വിഹിതം സ്വന്തമാക്കിയത്. സിയാമിന്റെ കണക്കുകള്‍ പ്രകാരം ടി.വി.എസ്, റോയല്‍ എന്‍ഫീല്‍ഡ്, സുസുക്കി എന്നിവയുടെ വിപണി വിഹിതം യഥാക്രമം 16%, 5%,5% എന്നിങ്ങനെയാണ്. 2020 സാമ്പത്തിക വര്‍ഷത്തില്‍ ഇത് യഥാക്രമം 14%, 4%, 4% എന്നിങ്ങനെയായിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com