Begin typing your search above and press return to search.
ഇലക്ട്രിക് വിഭാഗത്തിലേക്ക് കാല്‍വയ്പ്പിനൊരുങ്ങി ഹീറോ
രാജ്യത്തെ ഇരുചക്ര വാഹന വമ്പന്മാരായ ഹീറോ മോട്ടോകോര്‍പ്പ് ഇലക്ട്രിക് വിഭാഗത്തിലേക്കുള്ള ആദ്യ കാല്‍വയ്പ്പിനൊരുങ്ങുന്നു. അടുത്ത വര്‍ഷത്തോടെ ഹീറോ തങ്ങളുടെ ആദ്യ ഇലക്ട്രിക് ഇരുചക്ര വാഹനം പുറത്തിറക്കുമെന്നാണ് വിവരം. രാജസ്ഥാനിലെ ജയ്പൂര്‍, സ്റ്റെഫാന്‍സ്‌കിര്‍ചെന്‍ (ജര്‍മനി) എന്നീ യൂണിറ്റുകളില്‍ ഇതിന്റെ ഭാഗമായുള്ള റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. കൂടാതെ, തായ്വാന്‍ ആസ്ഥാനമായുള്ള ഗോഗോറോ ഇങ്കുമായി ചേര്‍ന്ന് ബാറ്ററി സ്വാപ്പിംഗ് പ്ലാറ്റ്ഫോം ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളും ഹീറോ നടത്തുന്നുണ്ട്.
'2022 സാമ്പത്തിക വര്‍ഷത്തില്‍ ഒരു ഇലക്ട്രിക് വാഹനം പുറത്തിറക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നത്. അത് ചിലപ്പോള്‍ തങ്ങളുടെ സ്വന്തം ഉല്‍പ്പന്നമോ സ്വാപ്പ് ഉല്‍പ്പന്നമോ ആയിരിക്കും' ഹീറോ മോട്ടോകോര്‍പ്പ് സിഎഫ്ഒ നിരഞ്ജന്‍ ഗുപ്ത പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഹീറോ മോട്ടോകോര്‍പ്പ് ഇതിനകം തന്നെ ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിച്ച ബെംഗളൂരു ആസ്ഥാനമായുള്ള ഇവി സ്റ്റാര്‍ട്ടപ്പായ ആതര്‍ എനര്‍ജിയില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. സ്ഥിരമായ ചാര്‍ജിംഗ് സംവിധാനത്തെ അടിസ്ഥാനമാക്കിയുള്ള ഉല്‍പന്നങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള പരീക്ഷണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഗോഗോറോയുമായുള്ള പങ്കാളിത്തത്തിലൂടെ സ്വാപ്പ് അധിഷ്ഠിത സംവിധാനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഗുപ്ത പറഞ്ഞു.
പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നതില്‍ കാലതാമസമുണ്ടാവില്ല. അടുത്ത മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തേക്കുള്ള എല്ലാ ലോഞ്ചിംഗുകളും ആസൂത്രണങ്ങളും കൃത്യമായി തന്നെ തുടരുമെന്നും ഗുപ്ത പറഞ്ഞു. 202021 സാമ്പത്തിക വര്‍ഷത്തില്‍ 58 ലക്ഷം യൂണിറ്റ് മോട്ടോര്‍സൈക്കിളുകളും സ്‌കൂട്ടറുകളുമാണ് ഹീറോ മോട്ടോകോര്‍പ്പ് രാജ്യത്ത് വിറ്റഴിച്ചത്.
Next Story
Videos