ഇന്ത്യന്‍ ഹാര്‍ലിക്ക് വമ്പന്‍ ഡിമാന്‍ഡ്; എന്‍ഫീല്‍ഡിന് കനത്ത വെല്ലുവിളി

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350യോട് മത്സരിക്കാന്‍ ഹാര്‍ലി-ഡേവിഡ്സണ്‍ X440 ഉടനെത്തും. ഇന്ത്യയിലെ ഏറ്റവും വലിയ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പിന്റെ ഹാര്‍ലി-ഡേവിഡ്സണ്‍ X440ന് ഇതുവരെ ലഭിച്ചത് 25,597 ബുക്കിംഗുകള്‍. ജൂലൈ 4ന് ആരംഭിച്ച ഇതിന്റെ ബുക്കിംഗ് ഓഗസ്റ്റ് 4ന് അവസാനിച്ചു. അടുത്ത് ബുക്കിംഗ് ഉടനെ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു.

രാജസ്ഥാനിലെ നീംറാണയിലുള്ള ഹീറോ മോട്ടോകോര്‍പ്പിന്റെ ഗാര്‍ഡന്‍ ഫാക്ടറിയില്‍ സെപ്റ്റംബറില്‍ ഹാര്‍ലി-ഡേവിഡ്സണ്‍ X440 ന്റെ ഉത്പാദനം ആരംഭിക്കുകയും ഒക്ടോബര്‍ മുതല്‍ ഇതിന്റെ വില്‍പ്പ്‌ന ആരംഭിക്കുകയും ചെയ്യുമെന്ന് കമ്പനി അറിയിച്ചു. ഹാര്‍ലി-ഡേവിഡ്സണ്‍ X440 ന്റെ ഡെനിം, വിവിഡ്, എസ് വേരിയന്റുകള്‍ക്ക് യഥാക്രമം 2,39,500 രൂപ, 2,59,500 രൂപ, 2,79,500 രൂപ എന്നിങ്ങനെയാണ് പുതുക്കിയ എക്സ്ഷോറൂം വില.

പ്രീമിയം മോഡലുകൾ

ഹാര്‍ലി-ഡേവിഡ്സണ്‍ X440 ന ഇത്രയേറേ ബുക്കിംഗുകള്‍ ലഭിച്ചതില്‍ സന്തുഷ്ടരാണെന്നും ബുക്കിംഗുകളില്‍ ഭൂരിഭാഗവും ഇത്തരം ടോപ്പ് എന്‍ഡ് മോഡലുകള്‍ക്കായാതിനാല്‍ കമ്പനിയുടെ പ്രീമിയം സെഗ്മെന്റില്‍ മികച്ച വില്‍പ്പന നേടാനുള്ള യാത്രയുടെ തുടക്കം മാത്രമാണിതെന്നും ഹീറോ മോട്ടോകോര്‍പ്പിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ നിരഞ്ജന്‍ ഗുപ്ത പറഞ്ഞു. ഹാര്‍ലി-ഡേവിഡ്സണ്‍ ബ്രാന്‍ഡും ഹീറോ മോട്ടോര്‍കോര്‍പ്പും തമ്മിലുള്ള സഹകരണത്തില്‍ പറത്തിറക്കുന്ന വാഹനമാണ് ഹാര്‍ലി-ഡേവിഡ്സണ്‍ X440.

എതിരാളി റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350

വിപണിയില്‍ ഹാര്‍ലി-ഡേവിഡ്സണ്‍ X440ന്റെ ഏറ്റവും വലിയ എതിരാളി റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 ആണ്. ഇവ രണ്ടും ആധുനിക-റെട്രോ സ്‌റ്റൈലിംഗിലാണ് എത്തുന്നത്. ഹാര്‍ലി-ഡേവിഡ്സണ്‍ X440 ഒരു റോഡ്സ്റ്റര്‍ പോലെയുള്ള ഡിസൈന്‍ അവതരിപ്പിക്കുമ്പോള്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 ഒരു റെട്രോ-സ്ട്രീറ്റ് ഡിസൈനിലാണ് എത്തുന്നത്.

ഉപഭോക്താക്കള്‍ക്ക് ഹാര്‍ലി ഡേവിഡ്സണ്‍ ബ്രാന്‍ഡിനോട് ആകര്‍ഷണം കൂടുകയാണെന്ന് പറയാം. കാരണം 440 സി.സി എന്‍ജിനുള്ള ഹാര്‍ലിക്ക് ഒരു മാസത്തിനുള്ളില്‍ 25,000 ബുക്കിംഗുകള്‍ നേടാന്‍ കഴിഞ്ഞു. ഈ ബുക്കിംഗ് കണക്കുകള്‍ റോയല്‍ എന്‍ഫീല്‍ഡിന് ഭീഷണിയാണ്. ബജാജുമായി ചേര്‍ന്ന് ട്രയംഫ് അടുത്തിടെ അവതരിപ്പിച്ച ട്രയംഫ് സ്പീഡ് 400 എന്ന മോഡലും വിപണിയില്‍ റോയല്‍ എന്‍ഫീല്‍ഡിന് ഭീഷണിയുയര്‍ത്തുന്നുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it