ജൂലൈയിലെ ഹീറോ മോട്ടോകോര്‍പ്പിന്റെ വില്‍പ്പനയില്‍ ഇടിവ്

കോവിഡ് രണ്ടാം തംരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ പ്രദേശിക നിയന്ത്രണങ്ങള്‍ മിക്ക സംസ്ഥാനങ്ങളും പിന്‍വലിച്ചെങ്കിലും വില്‍പ്പനയില്‍ നേട്ടം കൈവരിക്കാനാകാതെ രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോ കോര്‍പ്പ്. മറ്റ് വാഹന നിര്‍മാതാക്കള്‍ വളര്‍ച്ച കൈവരിച്ചപ്പോഴാണ് ഹീറോയ്ക്ക് 12 ശതമാനം ഇടിവാണ്‌ ജുലൈയിലെ വില്‍പ്പനയില്‍ നേരിടേണ്ടിവന്നത്. 4,54,398 യൂണിറ്റുകളാണ് കമ്പനി കഴിഞ്ഞമാസം വിറ്റഴിച്ചത്.

അതേസമയം 2020 ജൂലൈയില്‍ കമ്പനി 5,20,104 യൂണിറ്റുകള്‍ വിറ്റു. കമ്പനിയുടെ മിക്ക ടച്ച് പോയിന്റുകളും രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും, ഇടയ്ക്കിടെയുള്ള കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ പ്രാദേശിക ലോക്ക്ഡൗണുകള്‍ ഏര്‍പ്പെടുത്തുന്നത് ഉപഭോക്തൃ ചലനത്തെ നിയന്ത്രിക്കുന്നത് തുടരുമെന്ന് ഹീറോ മോട്ടോകോര്‍പ്പ് ഒരു പ്രസ്താവനയില്‍ പറഞ്ഞു.
2020 ജൂലൈയില്‍ 4,84,260 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞമാസം 4,24,126 യൂണിറ്റ് മോട്ടോര്‍സൈക്കിളുകള്‍ മാത്രമാണ് കമ്പനി വിറ്റഴിച്ചത്. അതേസമയം സ്‌കൂട്ടറുകളുടെ വില്‍പ്പന 30,272 യൂണിറ്റാണ്, കഴിഞ്ഞ കാലയളവില്‍ ഇത് 35,844 യൂണിറ്റായിരുന്നു. ആഭ്യന്തര വിപണിയിലാണ് ഇരുചക്ര വാഹന നിര്‍മാതാക്കള്‍ക്ക് വലിയ തിരിച്ചടി നേരിട്ടത്. വില്‍പ്പന 16 ശതമാനം കുറഞ്ഞ് 4,29,208 യൂണിറ്റായി. അതേസമയം, കയറ്റുമതി 2020 ജൂലൈയിലെ 7,563 യൂണിറ്റില്‍ നിന്ന് 200 ശതമാനം വളര്‍ച്ച നേടി 25,190 യൂണിറ്റായി.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it