ഒടുവില്‍ ഇ-സ്‌കൂട്ടറുമായി ഹീറോ മോട്ടോകോര്‍പ്പ് എത്തി, പക്ഷെ വില...
ഇന്ത്യന്‍ വാഹന ലോകം കാത്തിരുന്ന ഹീറോ മോട്ടോ കോര്‍പ്പിന്റെ (Hero MotoCorp) ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചു. വിഡ (Vida) എന്ന ബ്രാന്‍ഡിന് കീഴില്‍ Vida V1 Plus , Vida V1 Pro എന്നിങ്ങനെ രണ്ട് മോഡലുകളാണ് ഹീറോ അവതരിപ്പിച്ചത്. വി1 പ്രൊയ്ക്ക് 1.59 ലക്ഷം രൂപയും വി1 പ്ലസിന് 1.45 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില.
ബംഗളൂരു, ജയ്പൂര്‍, ന്യൂഡല്‍ഹി എന്നീ നാല് നഗരങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ വിഡ സ്‌കൂട്ടറുകളുടെ വില്‍പ്പന ആരംഭിക്കുന്നത്. ഡിസംബറില്‍ സ്‌കൂട്ടറുകളുടെ വിതരണം ആരംഭിക്കും. ലോകത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പിന്റെ ഇലക്ട്രിക് സ്‌കൂട്ടര്‍ ബജറ്റ് വിലയില്‍ എത്തുമെന്നായിരുന്നു പ്രതീക്ഷ.
165 കിലോമീറ്റര്‍ ആണ് വി1 പ്രോയുടെ റേഞ്ച്. 3.2 സെക്കന്‍ഡില്‍ സ്‌കൂട്ടര്‍ പുജ്യത്തില്‍ നിന്ന് 40 km/h വേഗത കൈവരിക്കും. വി1 പ്ലസിന് 143 കി.മീറ്റര്‍ റേഞ്ച് ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്. ഇരു സ്‌കൂട്ടറുകളുടെയും ഉയര്‍ന്ന വേഗപരിധി 80 Km/h ആണ്. പോര്‍ട്ടബിള്‍ ബാറ്ററിയാണ് മോഡലുകള്‍ക്ക് നല്‍കിയിരിക്കുന്നത്. സ്‌കൂട്ടറിലെ ചാര്‍ജിംഗ് പോര്‍ട്ട് കൂടാതെ പോര്‍ട്ടബിള്‍ ബാറ്ററി പ്രത്യേകം ഊരിയെടുത്തും ചാര്‍ജ് ചെയ്യാം.
ടിഎഫ്ടി സ്‌ക്രീന്‍, സ്മാര്‍ട്ട് കണക്ടിവിറ്റി, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങി ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ കാണുന്ന എല്ലാ സവിശേഷതകളും വിഡ മോഡലുകളിലും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഓല, ഏതര്‍, ടിവിഎസ് ഐക്യൂബ്. ബജാജ് ചേതക് എന്നിവയോടാണ് വിഡ മത്സരിക്കുന്നത്.