10 കോടി നേട്ടവുമായി ഹീറോ മോട്ടോകോര്‍പ്പ്

രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹിറോ മോട്ടോകോര്‍പ്പ് അതിന്റെ ഉല്‍പാദനത്തില്‍ 10 കോടി പിന്നിട്ടു. 1984 മുതല്‍ 2021 വരെയുള്ള കാലയളവിലാണ് കമ്പനി 10 കോടി ഇരുചക്രവാഹനങ്ങള്‍ ഉപഭോക്താവിലേക്കെത്തിച്ചത്. കൂടാതെ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പ്രതിവര്‍ഷം പത്തിലധികം ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുമെന്നും കമ്പനി പ്രഖ്യാപിച്ചു.

ഹരിദ്വാറിലെ നിര്‍മാണ കേന്ദ്രത്തില്‍ നിന്നും 10 കോടി യൂനിറ്റായ എക്സ്ട്രീം 160 ആര്‍ മോഡല്‍ കമ്പനി പുറത്തിറക്കി. 1984 ജനുവരി 19 ന് ആരംഭിച്ച ഹീറോ മോട്ടോകോര്‍പ്പ് 1994 ല്‍ ആദ്യത്തെ ഒരുകോടി ഉല്‍പാദന നാഴികക്കല്ല് പിന്നിട്ടു. പിന്നീട് 2013 ല്‍ അഞ്ച് കോടി യൂണിറ്റുകളും 2017 ല്‍ 7.5 കോടി യൂണിറ്റുകളും മറികടന്നു.
'ഏഴ് വര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ 5 കോടി യൂണിറ്റില്‍ നിന്ന് 10 കോടി യൂണിറ്റിലേക്ക് സഞ്ചരിച്ചു. ഞങ്ങളുടെ സ്വപ്നങ്ങളുടെ സ്ഥിരോത്സാഹത്തിന്റെയും ഫലത്തിന്റെയും പ്രതീകമാണ് ഈ നാഴികക്കല്ല്,'' ഹീറോ മോട്ടോകോര്‍പ്പ് ചെയര്‍മാനും സി ഇ ഒയുമായ പവന്‍ മുഞ്ജല്‍ പറഞ്ഞു.
ഇന്ത്യയിലെ പാരമ്പര്യമായ കഴിവുകളുടെയും ഹീറോയുടെ ബ്രാന്‍ഡ് അപ്പീലിന്റെയും ഒരു സ്ഥിരീകരണം കൂടിയാണ് ഈ ലാന്‍ഡ്മാര്‍ക്ക് എന്ന് അദ്ദേഹം പറഞ്ഞു. 'ഞങ്ങള്‍ ഇന്ത്യയില്‍നിന്ന് ലോകത്തിനായി നിര്‍മ്മിക്കുകയാണ്. ഭൂമിയിലുടനീളം ഹീറോയ്ക്കുള്ള ഉപഭോക്താക്കളുടെ മുന്‍ഗണനയുടെ അംഗീകാരമാണ് ഈ നാഴികക്കല്ല്, ഇന്ത്യയെ കൂടാതെ, ഹീറോ മോട്ടോകോര്‍പ്പ് നിലവില്‍ ഏഷ്യ, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, തെക്ക്, മധ്യ അമേരിക്ക എന്നിവിടങ്ങളിലായി 40 ലധികം രാജ്യങ്ങളില്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നു. ഇന്ത്യയില്‍ ആറും കൊളംബിയ, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ ഒന്നുവീതമായി ആകെ എട്ട് ഉല്‍പ്പാദന യൂണിറ്റുകളാണ് ഹീറോ മോട്ടോകോര്‍പ്പിനുള്ളത്' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
10 കോടി നാഴികക്കല്ല് പിന്നിട്ടതിന്റെ അടയാളമായി ഗുരുഗ്രാമിലെ കമ്പനിയുടെ ഉല്‍പ്പാദന യൂണിറ്റില്‍ ആറ് പ്രത്യേക മോഡലുകള്‍ കമ്പനി പുറത്തിറക്കി.
സ്‌പ്ലെന്‍ഡര്‍ പ്ലസ്, എക്സ്ട്രീം 160 ആര്‍, പാഷന്‍ പ്രോ, ഗ്ലാമര്‍ (മോട്ടോര്‍സൈക്കിളുകള്‍), ഡെസ്റ്റിനി 125, മാസ്‌ട്രോ എഡ്ജ് 110 (സ്‌കൂട്ടറുകള്‍) എന്നിവയാണ് പുറത്തിറക്കിയത്. ഇവ 2021 ഫെബ്രുവരി മുതല്‍ വിപണിയിലെത്തും.


Related Articles

Next Story

Videos

Share it