സെഗ്മെന്റ് പിടിക്കാന്‍ ഒരുങ്ങി ഹീറോ എക്സ്പള്‍സ്, ഹിമാലയനുള്ള പണിയാണെന്ന് വണ്ടിഭ്രാന്തന്മാര്‍

ഇതിന് പുറമെ എക്‌സ്ട്രീം 250ആര്‍, കരിസ്മ 250 എന്നീ വാഹനങ്ങളും ഹീറോ നിരത്തിലെത്തിച്ചിട്ടുണ്ട്
സെഗ്മെന്റ് പിടിക്കാന്‍ ഒരുങ്ങി ഹീറോ എക്സ്പള്‍സ്, ഹിമാലയനുള്ള പണിയാണെന്ന് വണ്ടിഭ്രാന്തന്മാര്‍
Published on

അഡ്വഞ്ചര്‍ (എ.ഡി.വി) സെഗ്‌മെന്റില്‍ എക്‌സ്പള്‍സിന്റെ പുതിയ പതിപ്പുമായി ഹീറോ മോട്ടോര്‍കോര്‍പ്പ്. അഞ്ച് വര്‍ഷമായി തുടരുന്ന എയര്‍/ഓയില്‍ കൂള്‍ഡ് എഞ്ചിന് പകരം കരിസ്മ എക്‌സ്എംആറില്‍ ഉപയോഗിച്ചിരുന്ന ലിക്വിഡ് കൂള്‍ഡ് എഞ്ചിന്‍ നല്‍കിയെന്നാണ് പ്രധാന പ്രത്യേകത. ഇതിന് പുറമെ എക്‌സ്ട്രീം 250ആര്‍, കരിസ്മ 250 എന്നീ വാഹനങ്ങളും ഹീറോ നിരത്തിലെത്തിച്ചിട്ടുണ്ട്. മിലാനിലെ ഓട്ടോ ഷോയുടെ ഭാഗമായാണ് വാഹനം പുറത്തിറക്കിയത്.

പുതിയ എഞ്ചിന്‍

ഹൈവേകളിലെ പ്രകടനം മെച്ചപ്പെടുത്താന്‍ പുതിയ എഞ്ചിന്‍ നല്‍കിയത് തന്നെയാണ് പ്രധാന ഹൈലൈറ്റ്. 24.6 ബി.എച്ച്.പി കരുത്തും 20.7 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിയുന്ന എഞ്ചിനാണിത്. നേരത്തെയുണ്ടായിരുന്ന എക്‌സ്പള്‍സ് 200നോട് സാമ്യം തോന്നുന്ന ഡിസൈനാണ് പുതിയ വാഹനത്തിനും നല്‍കിയിരിക്കുന്നത്. എന്നാല്‍ ചെറിയ മാറ്റങ്ങളുണ്ട് താനും. മുന്നില്‍ 210 എം.എമ്മിന്റെയും പിന്നില്‍ 205 എം.എമ്മിന്റെയും സസ്‌പെന്‍ഷന്‍ നല്‍കിയിട്ടുണ്ട്. സ്വിച്ചബിള്‍ എ.ബി.എസ് ഓഫ്‌റോഡിലെ പ്രകടനത്തെ കാര്യമായി സഹായിക്കും. മുന്നില്‍ 21 ഇഞ്ചിന്റെയും പിന്നില്‍ 18 ഇഞ്ചിന്റെയും ടയറും 4.2 ഇഞ്ച് ടി.എഫ്.ടി ഡിസ്‌പ്ലേയും നല്‍കിയിരിക്കുന്നതും ഓഫ് റോഡ് പ്രകടനം ഉദ്ദേശിച്ച് തന്നെയാണ്.

ഹൈവേയിലും ഓഫ്‌റോഡിലും പുലി

വട്ടത്തിലുള്ള ഹെഡ്ലാംപാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്. കിടിലന്‍ ഇന്‍ഡിക്കേറ്ററുകളും ദീര്‍ഘദൂര യാത്രയ്ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുന്ന വിന്‍ഡ് വൈസറുകളും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെയുണ്ടായിരുന്ന എക്‌സ്പള്‍സ് ദീര്‍ഘദൂര യാത്രകള്‍ക്ക് പറ്റിയതല്ലെന്ന പരാതി വ്യാപകമായിരുന്നു. ഇത് പരിഹരിക്കാന്‍ ദീര്‍ഘദൂര യാത്രകള്‍ക്കും ഓഫ്റോഡ് സാഹസികയ്ക്കും ഉതകുന്ന വിധത്തില്‍ പുതിയ ഷാസിയും സസ്പെന്‍ഷനും വാഹനത്തില്‍ ഉള്‍പ്പെടുത്തി. 6 സ്പീഡ് ഗിയര്‍ ബോക്‌സ് നല്‍കിയതും ഹൈവേ യാത്രകള്‍ ലക്ഷ്യം വച്ചാണ്.

വില

നിലവില്‍ വിപണിയിലുള്ള എക്‌സ്പള്‍സ് 200ന് 1.47 ലക്ഷം മുതല്‍ 1.55 ലക്ഷം രൂപ വരെയാണ് വില (ഡല്‍ഹി എക്‌സ്‌ഷോറൂം വില). ഇതിന് മുകളിലാകും പുതിയ വാഹനത്തിന്റെ വില നിശ്ചയിക്കുക. എന്തായാലും രണ്ട് ലക്ഷത്തിന് മുകളില്‍ പോകില്ലെന്ന് വാഹന ലോകം കരുതുന്നു. അധികം വൈകാതെ തന്നെ ഇന്ത്യയില്‍ വാഹനം പുറത്തിറക്കുമെന്നാണ് പ്രതീക്ഷ.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com