ഹിമാലയന് പണി വരുന്നു! ഒരുങ്ങുന്നത് ഹീറോയുടെ വജ്രായുധം, 250 സിസി കരുത്തില്‍ എക്സ്പള്‍സ് ഉടനെത്തും

കുറച്ച് കാലം മുമ്പ് വരെ ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയ്ക്ക് പരിചിതമല്ലാത്ത മുഖമായിരുന്നു അഡ്വഞ്ചര്‍ ബൈക്കുകളുടേത്. ഇന്ത്യക്കാരെ കാടും മലയും കയറാന്‍ പ്രേരിപ്പിച്ചത് 2016ല്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്റെ വരവോടു കൂടിയാണ്. 411 സിസി എഞ്ചിന്റെ കരുത്തുമായി ഹിമാലയന്‍ മുരണ്ടപ്പോള്‍ ഇന്ത്യയിലെ യുവത്വം മയങ്ങിയെന്ന് വേണം പറയാന്‍. പക്ഷേ സാഹസിക പ്രേമികള്‍ക്കിടയില്‍ അഡ്വഞ്ചര്‍ ബൈക്കുകളെ ജനകീയമാക്കിയത് 2019ല്‍ നിരത്തുകളിലെത്തിയ ഹീറോ എക്‌സ്പള്‍സ് 200 ആയിരുന്നു. 2017ലെ മിലാന്‍ മോട്ടോര്‍ സൈക്കിള്‍ ഷോയിലായിരുന്നു ഹീറോ ഈ വാഹനത്തെ ആദ്യമായി ലോകത്തിന് മുന്നില്‍ കാണിച്ചത്. നവംബര്‍ അഞ്ചിന് ഇറ്റലിയില്‍ തുടങ്ങുന്ന ഇക്കൊല്ലത്തെ മിലാന്‍ മോട്ടോര്‍ സൈക്കിള്‍ ഷോയ്ക്ക് മുന്നോടിയായി മറ്റൊരു എ.ഡി.വിയുടെ ചിത്രം ടീസ് ചെയ്താണ് ഹീറോ ഇപ്പോള്‍ വാഹനഭ്രാന്തന്മാരുടെ നെഞ്ചിടിപ്പേറ്റിയിരിക്കുന്നത്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ 250 സിസിയിലോ 210 സിസിയിലോ നിര്‍മിക്കുന്ന പുതിയ എക്‌സ്പള്‍സാകും ഇത്.

ഹീറോ ഞെട്ടിക്കുമോ?

വാഹനത്തിന്റെ ഹെഡ്‌ലൈറ്റും ബോഡി ലാംഗ്വേജും മനസിലാകുന്ന തരത്തിലുള്ള ചിത്രമാണ് ടീസറായി ഹീറോ പുറത്തുവിട്ടിരിക്കുന്നത്. വട്ടത്തിലുള്ള ഹെഡ്‌ലാംപാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്. കിടിലന്‍ ഇന്‍ഡിക്കേറ്ററുകളും ദീര്‍ഘദൂര യാത്രയ്ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുന്ന വിന്‍ഡ് വൈസറുകളും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന കരിസ്മയില്‍ ഉപയോഗിക്കുന്ന 250 സിസി എഞ്ചിന്‍ പുതിയ എക്‌സ്പള്‍സിലും ഉള്‍പ്പെടുത്തുമെന്നാണ് കരുതുന്നത്. നിലവില്‍ 210 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് എക്‌സ്പള്‍സിന് കരുത്തു പകരുന്നത്. 18.9 ബി.എച്ച്.പി കരുത്തും 17.35 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള എഞ്ചിനാണിത്. എന്നാല്‍ ദീര്‍ഘദൂര യാത്രകള്‍ക്ക് പറ്റിയ എഞ്ചിനല്ലെന്ന പരാതി വ്യാപകമായുണ്ട്. ഇത് പരിഹരിക്കാന്‍ ദീര്‍ഘദൂര യാത്രകള്‍ക്കും ഓഫ്‌റോഡ് സാഹസികയ്ക്കും ഉതകുന്ന വിധത്തില്‍ പുതിയ ഷാസിയും സസ്‌പെന്‍ഷനും വാഹനത്തില്‍ നല്‍കുമെന്നാണ് കരുതുന്നത്. പുതിയ കരുത്തുറ്റ എഞ്ചിന്‍ കൂടിയാകുമ്പോള്‍ വാഹനം വേറെ ലെവലാകുമെന്നാണ് വാഹനലോകത്തിന്റെ പ്രതീക്ഷ.

വിലയെത്ര

നിലവിലെ എക്‌സ്പള്‍സിന് 1.47 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. പുതിയ മോഡലിനും വലിയ മാറ്റങ്ങളില്ലാത്ത വിലയാകും നല്‍കുക. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് രണ്ട് ലക്ഷം രൂപയില്‍ താഴെയാകും പുതിയ മോഡലിന്റെ വില. 2025ന്റെ തുടക്കത്തില്‍ നിരത്തുകളിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന വാഹനം ഇന്ത്യയില്‍ പരീക്ഷണയോട്ടം നടത്തുന്ന ചിത്രങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

ഏറ്റുമുട്ടാന്‍ ഇവര്‍

അഡ്വഞ്ചര്‍ സെഗ്‌മെന്റില്‍ നിലവിലുള്ള മോഡലുകളായ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍, ഗറില്ല, യെസ്ഡി അഡ്വഞ്ചര്‍, സുസുക്കി വി സ്‌ട്രോം എസ്.എക്‌സ്, കെ.ടി.എം 250 അഡ്വഞ്ചര്‍ തുടങ്ങിയവരാകും പുതിയ എക്‌സ്പള്‍സിന്റെ എതിരാളികള്‍.
Related Articles
Next Story
Videos
Share it