വിലയൊന്നും പ്രശ്‌നമേയല്ല, ഹൈ-എന്‍ഡ് ബൈക്കുകളുടെ വില്‍പ്പന ഉയരുന്നു, കേരളത്തിലോ ?

ഹൈ-ഏൻഡ് മോഡൽ ബൈക്കുകളെ കുറിച്ച് സംസാരിക്കുന്നിടത്ത് പെട്രോൾ വിലയും മൈലേജും ഒന്നും ഒരു വിഷയമേ അല്ല. പണ്ട് അപൂർവമായി മാത്രം കണ്ടിരുന്ന സൂപ്പർ ബൈക്കുകൾ ഇന്ന് നിരത്തിൽ സാധാരണമാണ്. രാജ്യത്തെ ഹൈ-എൻഡ്ബൈക്കുകളുടെ വില്‍പ്പന വീണ്ടും ഉയരുകയാണ്.

2022 ജനുവരി-മെയ് കാലയളവില്‍ ഇന്ത്യയിൽ 10,076 പ്രീമിയം ബൈക്കുകളാണ് വിറ്റുപോയത്. എന്‍ട്രി ലെവല്‍ ബൈക്കുകളുടെ വില്‍പ്പന ഇടിയുമ്പോഴാണ് പ്രീമിയം ബൈക്കുകള്‍ നേട്ടമുണ്ടാക്കുന്നത്.

2019ല്‍ ആണ് ഹൈ-എന്‍ഡ് സെഗ്മെന്റില്‍ ഇതുവരെ രാജ്യത്ത് ഏറ്റവും കൂടുതല്‍ ബൈക്കുകള്‍ (25,621) വിറ്റത്. ഈ വര്‍ഷം വില്‍പ്പനയില്‍ 2019നെ മറികടക്കും എന്നാണ് മേഖലയിലുള്ളവരുടെ പ്രതീക്ഷ. ഹോണ്ട, ട്രയംഫ്, കവാസാക്കി, ഹാര്‍ലി ഡേവിഡ്‌സണ്‍, സുസുക്കി, ബിഎംഡബ്യൂ, റോയല്‍ എന്‍ഫീല്‍ഡ് തുടങ്ങി ഒരു വമ്പൻ നിര തന്നെ ഹൈ എന്‍ഡ് സെഗ്മെന്റിലുണ്ട്.

ഒന്ന് പിന്നോട്ട് വലിഞ്ഞ ശേഷം തിരിച്ചെത്തിയ ഹാർലി ഡേവിഡ്സൺ ആണ് 1000 സിസിക്ക് മുകളിലുള്ള ബൈക്കുകളുടെ വിൽപ്പനയിൽ മുൻപിൽ. 15 ലക്ഷത്തിന് മുകളിൽ ഓൺ റോഡ് വിലവരുന്ന മോഡലുകൾ മാത്രമുള്ള കമ്പനി കേരളത്തിൽ ഒരു മാസം ശരാശരി 4 വണ്ടികൾ വിൽക്കുന്നുണ്ട്.

യുവാക്കൾ കൂടുതൽ താൽപ്പര്യം കാണിക്കുന്ന കവാസാക്കിയുടെ കേരളത്തിലെ പ്രതിമാസ വിൽപ്പന 10 യൂണിറ്റുകൾക്ക് മേലാണ്. എല്ലാ കമ്പനികളും കോവിഡിന് മുൻപുള്ള വിൽപ്പനയിലേക്ക് തിരിച്ചെത്തുകയാണ്.

ട്രയംഫ് എട്ടോളം യൂണിറ്റുകൾ ആണ് ഇപ്പോൾ വിൽക്കുന്നത്. നേരത്തെ വളരെ അപൂർവമായി മാത്രം വിറ്റിരുന്ന ട്രയംഫിന്റെ 20 ലക്ഷത്തിന് മുകളിലുള്ള മോഡലുകൾക്കും ഇപ്പോൾ ആവശ്യക്കാർ ഉണ്ട്.

അതെ സമയം അയൽ സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തിൽ വിൽപ്പന കുറവാണ്. ഷോറൂമുകളിൽ നിന്ന് ഇറങ്ങുന്നതിനെക്കാൾ കൂടുതൽ സൂപ്പർ ബൈക്കുകൾ സെക്കൻഡ് ഹാൻഡ് വിപണികളിലൂടെ സംസ്ഥാനത്ത് എത്തുന്നുണ്ട് എന്നാണ് ഡീലർമാർ പറയുന്നത്.

കേരളത്തിൽ നികുതി നിരക്ക് കൂടുതൽ ആയത്, പലരെയും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വണ്ടി എടുക്കാൻ പ്രേരിപ്പിക്കുന്നുണ്ടെന്ന് ട്രയംഫ് കൊച്ചി ഷോറൂം ജനറൽ മാനേജർ ജിബിൻ പീറ്റർ പറയുന്നു. തമിഴ്നാട്ടിൽ 8 % റോഡ് ടാക്സ് മാത്രമുള്ളപ്പോൾ കേരളത്തിൽ 2 ലക്ഷത്തിനു മുകളിലുള്ള ബൈക്കുകൾക്ക് 20 ശതമാനത്തിന് മുകളിൽ ആണ് നികുതി.

വാങ്ങുന്ന നികുതിക്ക് അനുസരിച്ചുള്ള സൗകര്യങ്ങൾ സർക്കാർ നൽകുന്നില്ല എന്നാണ് ഡീലർമാർ ചൂണ്ടിക്കാണിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, വടക്കൻ കേരളത്തിലെ ചില ജില്ലകൾ എന്നിവിടങ്ങളിൽ നിന്നാണ് സൂപ്പർ ബൈക്കുകൾക്ക് ആവശ്യക്കാർ കൂടുതലും. സംസ്ഥാനത്ത് ഹൈ എൻഡ് ബൈക്കുകൾ സ്വന്തമാക്കുന്ന ഭൂരിഭാഗം പേരും 30 വയസിന് മുകളിൽ ഉള്ളവരാണ്.

Amal S
Amal S  

Sub Editor

Related Articles
Next Story
Videos
Share it