അംബാസിഡര്‍ ഇലക്ട്രിക് രൂപത്തില്‍ തിരിച്ചെത്തുമോ..? ചര്‍ച്ചകള്‍ തുടങ്ങി ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ്
രാജ്യത്തെ ആദ്യ കാര്‍ നിര്‍മാതാക്കളായ ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് തിരിച്ചുവരവിന് ഒരുങ്ങുന്നു. ഒരു യൂറോപ്യന്‍ കമ്പനിയുമായി ചേര്‍ന്ന് ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. ഇതു സംബന്ധിച്ച ധാരണാ പത്രം ഇരുകമ്പനികളും ഒപ്പിട്ടെന്നാണ് വിവരം. 2-3 മാസത്തിനുള്ളില്‍ ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സിന്റെ തിരിച്ചുവരവ് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും.
ആദ്യ ഘട്ടത്തില്‍ ഇരുചക്ര വാഹനങ്ങളാവും ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് നിരത്തിലെത്തിക്കുക. പിന്നാലെ കമ്പനിയുടെ കാറുകളും വിപണിയിലേക്കെത്തും. പശ്ചിമ ബംഗാളിലെ ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സിന്റെ പ്ലാന്റിലായിരിക്കും വാഹനങ്ങള്‍ നിര്‍മിക്കുക. വിപണിയില്‍ നിന്ന് കമ്പനി പിന്‍വാങ്ങിയതോടെ 2014ല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച പ്ലാന്റാണിത്.
ബിര്‍ള ഗ്രൂപ്പിന് കീഴില്‍ 1942ല്‍ സികെ ബിര്‍ള ആരംഭിച്ച കമ്പനിയാണ് ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ്. 1970കളില്‍ 75 ശതമാനം വിപണി വിഹിതമാണ് കമ്പനിക്ക് ഉണ്ടായിരുന്നത്. 1983ല്‍ മാരുതി 800 എത്തിയതോടെയാണ് കമ്പനിയുടെ കഷ്ടകാലം ആരംഭിച്ചത്.
1984നും 1991നും ഇടയില്‍ കമ്പനിയുടെ വിപണി വിഹിതം 20 ശതമാനമായി ആണ് കുറഞ്ഞത്. കോണ്ടസ, അംബാസിഡര്‍ എന്നിവയായിരുന്നു കമ്പനി പുറത്തിറക്കിയിരുന്ന പ്രധാന മോഡലുകള്‍. 2002ല്‍ കോണ്ടസയുടെയും 2013 അവസാനത്തോടെ അംബാസിഡറിന്റെയും ഉല്‍പ്പാദനം കമ്പനി അവസാനിപ്പിച്ചു. 2017ല്‍ അംബാസിഡര്‍ ബ്രാന്‍ഡ് 80 കോടി രൂപയ്ക്കാണ് പൂഷോയ്ക്ക് (peugeot) ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് വിറ്റത്.