ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക പിന്തുണ ഉറപ്പിച്ച് ഹോണ്ടയും ഹീറോ ഇലക്ട്രിക്കും

വാഹനം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സാമ്പത്തിക പിന്തുണ ഉറപ്പുവരുത്തി ഹോണ്ടയും ഹീറോ ഇലക്ട്രിക്കും. ഇന്‍ഡസ്ഇന്‍സ് ബാങ്കുമായി കൈകോര്‍ത്താണ് ഹോണ്ട ഉപഭോക്താക്കള്‍ക്ക് ഫിനാന്‍സിംഗ് സൗകര്യം ലഭ്യമാക്കുന്നത്. ഇതിലൂടെ മോഡലിന്റെ എക്‌സ് ഷോറൂം വിലയുടെ 100 ശതമാനവും വായ്പയായി ലഭിക്കും. ''ഉത്സവസീസണ്‍ കാലത്ത് വാഹനങ്ങളുടെ ആവശ്യകത വര്‍ധിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, ഈ പങ്കാളിത്തത്തിലൂടെ എളുപ്പത്തില്‍ കാറുകള്‍ വാങ്ങുന്നതിനെ പ്രോത്സാഹിപ്പിക്കുകയാണ്. അവരുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമായിരിക്കുമിത്'' ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് സീനിയര്‍ വൈസ് പ്രസിഡന്റും ഡയറക്ടറുമായ (മാര്‍ക്കറ്റ് & സെയില്‍സ്) രാജേഷ് ഗോയല്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്റെ വിശാലമായ ശൃംഖലകളിലൂടെ കമ്പനി രാജ്യമെമ്പാടും അതിന്റെ വില്‍പ്പന വര്‍ധിപ്പിക്കുകയും ഉപഭോക്താക്കള്‍ക്ക് വാങ്ങല്‍ പ്രക്രിയ എളുപ്പമാക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, വെഹിക്ക്ള്‍ ഫിനാന്‍സിംഗ് കമ്പനിയായ വീല്‍സ് ഇഎംഐയുമായി ചേര്‍ന്നുകൊണ്ടാണ് ഹീറോ ഇലക്ട്രിക് ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക പിന്തുണ ലഭ്യമാക്കുക. ഈ പങ്കാളിത്തത്തിലൂടെ ഹീറോ ഇലക്ട്രിക് സ്വന്തമാക്കുന്നവര്‍ക്ക് ആകര്‍ഷകമായ പലിശ നിരക്കുകളില്‍ ഉപഭോക്തൃ യോഗ്യത അനുസരിച്ച് താങ്ങാനാവുന്ന ഇഎംഐയും മറ്റ് ആനുകൂല്യങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നു. തങ്ങള്‍ക്കനുയോജ്യമായ തവണ കാലാവധിയും ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാവുന്നതാണ്. ഒരു മുന്‍ഗണനയുള്ള സാമ്പത്തിക പങ്കാളിയെന്ന നിലയില്‍, വീല്‍സ് ഇഎംഐ ഹീറോ ഇലക്ട്രിക് ഉപഭോക്താക്കള്‍ക്ക് ഏറ്റവും കുറഞ്ഞ രേഖകളില്‍ വേഗത്തില്‍ ഇഎംഐകള്‍ ലഭ്യമാക്കുമെന്ന് വീല്‍സ് ഇഎംഐ വ്യക്തമാക്കി.

നിലവില്‍ 10,000-ലധികം ഇരുചക്രവാഹനങ്ങളാണ് ഹീറോ ഇലക്ട്രിക് പ്രതിമാസം വില്‍ക്കുന്നത്. ഇതില്‍ 40 ശതമാനം പങ്കും ഇന്ത്യയിലെ ഗ്രാമീണ മേഖലയില്‍നിന്നാണ്. ഈ പങ്കാളിത്തത്തോടെ, കമ്പനിയുടെ വില്‍പ്പനയില്‍ വര്‍ധനവ് പ്രതീക്ഷിക്കുന്നതായും 2021 ഓടെ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടി വില്‍പ്പന നേടാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഹീറോ ഇലക്ട്രിക് പ്രസ്താവനയില്‍ പറഞ്ഞു. 13 സംസ്ഥാനങ്ങളിലുടനീളമുള്ള നൂറിലധികം നഗരങ്ങളിലാണ് വീല്‍സ് ഇഎംഐയുടെ സേവനം ലഭ്യമാകുന്നത്.


Related Articles

Next Story

Videos

Share it