രണ്ടും കല്‍പ്പിച്ച് ഹോണ്ട; സിബി 350 ആര്‍എസ് പുറത്തിറക്കി

ഇരുചക്രവാഹന വിപണിയില്‍ ക്ലാസിക്ക് മോഡലിലേക്ക് കടന്ന ഹോണ്ടയുടെ പുത്തന്‍ മോഡലായ സിബി 350 ആര്‍എസ് ഇന്ത്യയില്‍ പുറത്തിറക്കി. ക്ലാസിക് വിഭാഗത്തില്‍ ഏറെ ജനപ്രിയമായ ഹോണ്ട ഹൈനസ് 350 സിബി പുറത്തിറക്കിയതിന് പിന്നാലെയാണ് സിബി 350 ആര്‍എസ് കമ്പനി ഇന്ത്യയിലെത്തിക്കുന്നത്. 1.94 ലക്ഷം രൂപയാണ് ഇതിന്റെ എക്‌സ് ഷോറൂം വില. ഹൈനസിന്റെ അടിസ്ഥാന വാരിയന്റിനേക്കാള്‍ 10,000 രൂപ കൂടുതലാണിത്.

റേഡിയന്റ് റെഡ് മെറ്റാലിക്ക്, ബ്ലാക്ക് പേള്‍ സ്‌പോര്‍ട്‌സ് യെല്ലോ എന്നീ രണ്ട് കളര്‍ ഓപ്ഷനുകളിലാണ് ഹോണ്ട സിബി 350 ആര്‍എസ് ഉപഭോക്താക്കളിലേക്കെത്തുന്നത്. 'ആര്‍എസ്' എന്നതിലൂടെ റോഡ് സെയിലിംഗിനെയാണ് കമ്പനി സൂചിപ്പിക്കുന്നത്.
വാഹനം മികച്ച യാത്രാനുഭൂതി നല്‍കുന്നതാണെന്നും ദീര്‍ഘദൂര യാത്രകള്‍ക്ക് അനുകൂലവുമായാണ് ബൈക്ക് രൂപപ്പെടുത്തിയിരിക്കുന്നതെന്നുമാണ് കമ്പനി അവകാശപ്പെടുന്നത്.
ഹൈനസിന്റെ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി, അതേ എന്‍ജിനും ഘടകങ്ങളുമാണ് സിബി 350 ആര്‍എസില്‍ സജ്ജീകരിച്ചിരിക്കുന്നത്. 348 സിസി, സിംഗിള്‍ സിലിണ്ടര്‍, അഞ്ച്-സ്പീഡ് ട്രാന്‍സ്മിഷനുമായി ജോടി പങ്കിടുന്ന എയര്‍-കൂള്‍ഡ് എന്‍ജിന്‍ എന്നിവയാണ് ഇതിനുള്ളത്. ഇവ 20.8 എച്ച്പി പവറും 30 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു.
ഹൈനസ് പോലെ തന്നെ ഒരു സ്ലിപ്പും അസിസ്റ്റ് ക്ലച്ചും സിബി 350 ആര്‍എസിലുണ്ട്. മാത്രമല്ല, അടിസ്ഥാനപരമായി കമ്പനിയുടെ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റത്തിന്റെ പതിപ്പായ എച്ച്എസ്ടിസി (ഹോണ്ട സെലക്ടബിള്‍ ടോര്‍ക്ക് കണ്‍ട്രോള്‍) നിങ്ങള്‍ക്ക് ലഭിക്കും, അത് സ്വിച്ച് ഓഫ് ചെയ്യാനും കഴിയും.
ഹൈനസിന്റെ അതേ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് ഇതിനുള്ളത്. അതിനാല്‍ ഡിജിറ്റല്‍-അനലോഗ് യൂണിറ്റിലൂടെ നിരവധി വിവരങ്ങളും ലഭ്യമാകും. പുതിയ ഹോണ്ട സിബി 350 ആര്‍എസിന്റെ മുന്‍ഭാഗത്തെ ഫോര്‍ക്ക് ഗെയ്റ്ററുകളോടൊപ്പമുള്ള കണ്ണ് ആകൃതിയിലുള്ള എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ വാഹനത്തെ കൂടുതല്‍ ആകര്‍ഷണമാക്കുന്നു.
ഹൈനസിനേക്കാള്‍ മികച്ച സീറ്റിംഗാണ് സിബി 350 ആര്‍എസില്‍ ഒരുക്കിയിട്ടുള്ളത്.
റോയല്‍ എന്‍ഫീല്‍ഡ് മെറ്റിയര്‍ 350 മായി മത്സരിക്കുന്ന ഹോണ്ട ഹൈനസ് സിബി 350ന്റെ 10,000 യൂണിറ്റുകളാണ് ഇതിനകം വിറ്റുപോയത്.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it