പെട്രോള്‍ കുടിക്കാത്ത ആക്ടിവ 27ന്, പ്രമുഖന്മാര്‍ക്ക് പണിയുമായി ഹോണ്ട! ഇ.വികളെ മടുപ്പിക്കുന്ന പ്രശ്‌നത്തിനും പരിഹാരം

ഏറെക്കാലത്തെ കാത്തിരിപ്പുകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ഒടുവില്‍ ഹോണ്ടയുടെ ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ഇരുചക്ര വാഹനം ഈ മാസം 27ന് എത്തും. വിപണിയില്‍ സൂപ്പര്‍ ഹിറ്റായ ഹോണ്ട ആക്ടിവയുടെ ഇലക്ട്രിക് പതിപ്പാകും കമ്പനി നിരത്തിലെത്തിക്കുകയെന്നാണ് സൂചന. വാട്‌സ് എഹഡ് (Watts ahead) എന്ന ടാഗ് ലൈനോടെ വാഹനത്തിന്റെ ടീസര്‍ ഹോണ്ട പുറത്തുവിട്ടിട്ടുണ്ട്.
കുറച്ച് വര്‍ഷങ്ങളായി ഇന്ത്യന്‍ വിപണിക്ക് വേണ്ടി ഇലക്ട്രിക് വാഹനം നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് ഹോണ്ട. ഇതിനായി മോട്ടോര്‍, ബാറ്ററി പാക്ക്, ചാര്‍ജര്‍, കണ്‍ട്രോള്‍ തുടങ്ങിയ വികസിപ്പിക്കാനുള്ള പേറ്റന്റിനും കഴിഞ്ഞ വര്‍ഷം ഹോണ്ട അപേക്ഷിച്ചിരുന്നു. ഇലക്ട്രിക് ആക്ടിവയുടേതെന്ന് തോന്നിപ്പിക്കുന്ന ഒരു വാഹനത്തിന്റെ ഡിസൈനും കമ്പനി പേറ്റന്റ് നേടിയിരുന്നു. പിന്‍ടയറില്‍ ഘടിപ്പിച്ചിരിക്കുന്ന ഹബ്ബ് മോട്ടോറിന്റെ സഹായത്താല്‍ ചലിക്കുന്ന രീതിയിലായിരുന്നു വാഹനത്തിന്റെ ഡിസൈന്‍. ആദ്യഘട്ടത്തില്‍ ഇളക്കി മാറ്റാന്‍ കഴിയാത്ത ബാറ്ററി പാക്കാകും വാഹനത്തിലുണ്ടാവുക. അടുത്ത ഘട്ടത്തില്‍ രാജ്യമാകെ ബാറ്ററി സ്വാപിംഗ് ശൃംഖല സ്ഥാപിച്ച് ഊരിമാറ്റാവുന്ന ബാറ്ററിയിലേക്ക് ആക്ടിവ മാറും. ഇത് രാജ്യത്തെ ഇവി മേഖലയില്‍ വിപ്ലവം സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. സ്വാപിംഗ് സ്റ്റേഷനുകളില്‍ നിന്ന് ബാറ്ററി മാറ്റിയിട്ട് യാത്ര തുടരാമെന്നതിനാല്‍ ദീര്‍ഘദൂര യാത്രകള്‍ക്കും ഇവി സ്‌കൂട്ടറുകള്‍ ഉപയോഗിക്കാവുന്നതാണ്. യാത്രക്കിടയില്‍ ചാര്‍ജിംഗ് സ്‌റ്റേഷനുകളില്‍ അധിക സമയം ചെലവഴിക്കേണ്ടിയും വരില്ല.

പുതിയ പ്ലാറ്റ്‌ഫോം

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വേണ്ടി ഹോണ്ട വികസിപ്പിച്ച പുതിയ പ്ലാറ്റ്‌ഫോം ഇ (Platform E)യിലായിരിക്കും പുതിയ ആക്ടിവയെത്തുന്നത്. മിഡ് റേഞ്ചിലായിരിക്കും വാഹനത്തിന്റെ എന്‍ട്രി. ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കാന്‍ കര്‍ണാടകയിലെ നരസപുരയില്‍ ഹോണ്ട പുതിയ ഫാക്ടറിയും സ്ഥാപിച്ചിട്ടുണ്ട്. 2030 ആകുമ്പോള്‍ ഇവിടെ നിന്നും പ്രതിവര്‍ഷം 10 ലക്ഷം യൂണിറ്റെങ്കിലും ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.

എത്രയോടും

നിലവില്‍ വിപണിയിലുള്ള ആക്ടിവ 110ന്റേതിന് സമാനമായ പവര്‍ ഫിഗറുകളിലാകും പുതിയ താരവുമെത്തുന്നത്. ഒറ്റച്ചാര്‍ജില്‍ 100 കിലോമീറ്റര്‍ റേഞ്ച് ലഭിക്കും. മുന്നില്‍ ടെലിസ്‌കോപ്പിക്ക് സസ്‌പെന്‍ഷനും പിന്നില്‍ മോണോഷോക്കുമായിരിക്കും നല്‍കുക. മുന്നില്‍ ഡിസ്‌ക് ബ്രേക്കും പിന്നില്‍ ഡ്രം ബ്രേക്കുമായിരിക്കും പുതിയ ആക്ടിവയിലുണ്ടായിരിക്കുകയെന്നും കരുതുന്നു.

പ്രമുഖന്മാര്‍ക്ക് പണി

നിലവില്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലെ രാജാക്കന്മാരായ ഓല അടക്കമുള്ള കമ്പനികള്‍ക്ക് കനത്ത തിരിച്ചടി നല്‍കാന്‍ ഇലക്ട്രിക് ആക്ടിവക്ക് കഴിയുമെന്നാണ് വാഹന ലോകത്തിന്റെ പ്രതീക്ഷ. ടി.വി.എസ് ഐക്യൂബ്, ഏതര്‍ റിറ്റ്‌സ, ഏതര്‍ 450 എക്‌സ്, ബജാജ് ചേതക്, ഓല എസ് വണ്‍ തുടങ്ങിയ മോഡലുകളാകും വിപണിയിലെ എതിരാളികള്‍. രാജ്യത്താകെ വ്യാപിച്ചുകിടക്കുന്ന ഹോണ്ടയുടെ സര്‍വീസ് ശൃംഖല, മികച്ച സര്‍വീസ്, ബ്രാന്‍ഡിന്റെ വിശ്വസ്ത തുടങ്ങിയ ഘടകങ്ങള്‍ വില്‍പ്പനയില്‍ നിര്‍ണായകമാകും. 1-1.5 ലക്ഷം രൂപ വരെ വിലയുണ്ടാകുമെന്നാണ് പ്രതീക്ഷ.
Related Articles
Next Story
Videos
Share it