ഹോണ്ടയുടെ എലിവേറ്റ് എത്തി, കോംപാക്റ്റ് എസ്.യു.വിയില്‍ പോരാട്ടം കടുക്കും

കോംപാക്റ്റ് എസ്.യു.വി (sport utility vehicle/SUV)) വിഭാഗത്തില്‍ മത്സരം ശക്തമാക്കാന്‍ ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ ഹോണ്ടയുടെ എലിവേറ്റ് എത്തി. 10,99,900 രൂപ മുതലാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. ഉയര്‍ന്ന വിഭാഗത്തിന് 16 ലക്ഷം രൂപയും. നാല് വേരിയന്റുകളില്‍ മാനുവല്‍ സി.വി.ടി ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സുകളില്‍ വാഹനം ലഭ്യമാണ്.

ശക്തമായ തിരിച്ചു വരവ്

കോവിഡിന്റെ പശ്ചാത്തലത്തില്‍ വെറും മൂന്ന് മോഡലുകളിലേക്ക് ചുരുങ്ങിയ ഹോണ്ട, എലിവേറ്റിന്റെ അവതരണത്തോടെ പൂര്‍വാധികം ശക്തിയായി ഇന്ത്യന്‍ നിരത്തിലേക്ക് തിരിച്ചുവരികയാണ്. വിലയാണ് ഹോണ്ടയുടെ എലിവേറ്റിനെ കൂടുതല്‍ മത്സരാത്മകമാക്കുന്നത്. കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ വില ഒരു ഘടകമാകുമെന്ന് ഹോണ്ട പ്രതീക്ഷിക്കുന്നു. ഇന്ത്യയിലിപ്പോള്‍ ഏറ്റവും വേഗത്തില്‍ വളര്‍ച്ചപ്രാപിക്കുന്ന വാഹന വിഭാഗമാണ് എസ്.യു.വി. ഓരോ വര്‍ഷവും തുടര്‍ച്ചയായി നിരവധി മോഡലുകള്‍ വിപണിയിലെത്തുന്നുണ്ട്‌. ചെറുകാറുകളെ അപേക്ഷിച്ച് അടുത്ത കാലത്തായി കൂടുതല്‍ ജനപ്രീതി നേടുന്ന കോംപാക്ട് എസ്.യു.വികളില്‍ സ്ഥാനം നേടാനാണ് ഹോണ്ട ലക്ഷ്യം വയ്ക്കുന്നത്‌

എന്‍ജിന്‍ കരുത്ത്

ഹോണ്ട സിറ്റിയില്‍ ഉപയോഗിച്ചിരിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് എലിവേറ്റിന്റേയും ശക്തി. 119 എച്ച് കരുത്തും 145.1 എന്‍.എം ടോര്‍ക്കും എന്‍ജിന്‍ പ്രദാനം ചെയ്യുന്നു. 6 സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളില്‍ വാഹനം ലഭ്യമാണ്.

പെട്രോള്‍ മാനുവല്‍ വേരിയന്റിന് ലിറ്ററിന് 15.31 കിലോമീറ്ററും പെട്രോള്‍ സി.വി.റ്റി വേര്‍ഷന് 16.92 കിലോമീറ്ററുമാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്.

4,312 മില്ലിമീറ്റര്‍ നീളവും 1,790 മില്ലിമീറ്റര്‍ വീതിയും 1,650 മില്ലിമീറ്റര്‍ ഉയരവുമാണ് വാഹനത്തിനുള്ളത്. 2,650 മില്ലിമീറ്റര്‍ വീല്‍ ബേസുള്ള വാഹനത്തിന് 220 മില്ലീമീറ്റര്‍ ഗ്രൗണ്ട്‌ ക്ലിയറന്‍സുമുണ്ട്. ഈ വിഭാഗത്തിലെ മികച്ച ഗ്രൗണ്ട് ക്ലിയറന്‍സാണിത്.

ഇന്റീരിറും സവിശേഷതകളും

ഇന്റീരിയറില്‍ കസ്റ്റമൈസേഷനും എലിവേറ്റ് സൗകര്യം നല്‍കുന്നു. പ്ലാറ്റിനം വൈറ്റ് പേള്‍, ലൂണാര്‍ സില്‍വര്‍ മെറ്റാലിക്, ഒബ്‌സിഡിയന്‍ ബ്ലൂ പേള്‍, റേഡിയന്റ് റെഡ് മെറ്റാലിക്, ഗോള്‍ഡന്‍ ബ്രൗണ്‍ മെറ്റാലിക്, മെറ്റ്രോയ്ഡ് ഗ്രേ മെറ്റാലിക്,ഫീനിക്‌സ് ഓറഞ്ച് പേള്‍ എന്നിങ്ങനെ വിവിധ കളര്‍ ഓപ്ഷനുകളില്‍ എക്സ്റ്റീരിയര്‍ ലഭ്യമാണ്.

ഇതുകൂടാതെ ടോപ്പ് എന്‍ഡ് വേരിയന്റുകളില്‍ ഫീനിക്‌സ് ഓറഞ്ച് പേള്‍ വിത്ത് ക്രിസ്റ്റല്‍ ബ്ലാക്ക് പേള്‍ റൂഫ്, പ്ലാറ്റിനം വൈറ്റ് പേള്‍ വിത്ത് ക്രിസ്റ്റല്‍ ബ്ലാക്ക് പേള്‍ റൂഫ്, റേഡിയന്റ് റെഡ് മെറ്റാലിക് വിത്ത് ക്രിസ്റ്റല്‍ ബ്ലാക്ക് പേള്‍ റൂഫ് എന്നിങ്ങനെ മൂന്ന് ഡ്യുവല്‍ ടോണ്‍ ഓപ്ഷനുകളുമുണ്ടാകും.

10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ക്രൂസ് കണ്‍ട്രോള്‍, വയര്‍ലെസ് ചാര്‍ജര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഇലക്ട്രിക് സണ്‍റൂഫ്, സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി എന്നിവയാണ് സവിശേഷതകള്‍. ആറ് എയര്‍ബാഗുകള്‍, ഓട്ടോമാറ്റിക് ഹെഡ്‌ലാംപ്‌സ്, റെയിന്‍ സെന്‍സിംഗ് വൈപേഴ്‌സ്, സെന്‍സറുകളോടു കൂടിയ റിവേഴ്‌സ് പാര്‍ക്കിംഗ് കാമറ, എ.ഡി.എ.എസ് സ്യൂട്ട് തുടങ്ങിയ നിരവധി ADAS (advanced Driver Assistant Systems) സവിശേഷതകളും എലിവേറ്റിലുണ്ട്.

മത്സരത്തിനിവര്‍

ഹ്യൂണ്ടായുടെ ക്രെറ്റയോടാണ് (വില 10.87 ലക്ഷം മുതൽ) എലിവേറ്റ് പ്രധാനമായും മത്സരിക്കേണ്ടി വരിക. കൂടാതെ മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാറ (10.70 ലക്ഷം മുതൽ), കിയ സെല്‍റ്റോസ് (10.90 ലക്ഷം മുതൽ), ടാറ്റ നെക്‌സണ്‍, സ്‌കോഡ കുശാഖ്, ഫോക്‌സ്‌വാഗന്റെ ടൈഗൂണ്‍ തുടങ്ങിയവരും എലിവേറ്റിനോട് മത്സരത്തിനുണ്ട്. ഇതിനകം തന്നെ ബുക്കിംഗ് ആരംഭിച്ച എലിവേറ്റ് ഇന്ന് മുതല്‍ ഉടമകള്‍ക്ക് ലഭ്യമായി തുടങ്ങും.

Related Articles
Next Story
Videos
Share it