എസ്.യു.വി പോരിന് ഹോണ്ട എലവേറ്റ് എത്തി; ഒറ്റ പെട്രോള്‍ എന്‍ജിന്‍, ഹൈബ്രിഡ് ഇല്ല

കാത്തിരിപ്പിനൊടുവില്‍ ഹോണ്ടയുടെ ഇടത്തരം എസ്.യു.വിയായ എലവേറ്റ് (Honda Elevate) ഇന്ത്യയിലെത്തി. മികച്ച സ്വീകാര്യതയുള്ള ഇന്ത്യയുടെ എസ്.യു.വി വിപണിയില്‍ മത്സരം കൊഴുപ്പിക്കാന്‍ ഒറ്റ എന്‍ജിന്‍ ഓപ്ഷന്‍ മാത്രമായാണ് എലവേറ്റ് എത്തുന്നതെന്ന കൗതുകമുണ്ട്.

1.5 ലിറ്റര്‍ ഐ-വിടെക് (i-VTEC) പെട്രോള്‍ എന്‍ജിനാണുള്ളത്. 121 പി.എസ് കരുത്തും 145 എന്‍.എം ടോര്‍ക്കുമുള്ള എന്‍ജിനാണിത്. ഹോണ്ട സിറ്റിയുടെ അതേ പ്ലാറ്റ്‌ഫോമിലാണ് നിര്‍മ്മാണമെങ്കിലും എലവേറ്റിന് സിറ്റിയിലെപ്പോലെ ഹൈബ്രിഡ് പതിപ്പ് ഇല്ല. മൂന്നുവര്‍ഷത്തിനകം എലവേറ്റിന്റെ ഇലക്ട്രിക് പതിപ്പ് (ഇ.വി) എത്തും.
ബുക്കിംഗ് ജൂലായില്‍
എലവേറ്റിനെ ഇന്ത്യയിലാണ് ഹോണ്ട ആദ്യമായി അവതരിപ്പിച്ചിരിക്കുന്നത്. ബുക്കിംഗ് ജൂലായില്‍ തുടങ്ങും. വിതരണം തുടര്‍മാസങ്ങളിലും ആരംഭിക്കും. വില ജൂലായില്‍ പ്രഖ്യാപിക്കും. എങ്കിലും 12-20 ലക്ഷം രൂപ ശ്രേണിയിലായിരിക്കുമെന്ന് അനുമാനിക്കുന്നു.
എതിരാളികള്‍ ധാരാളം
6-സ്പീഡ് മാനുവല്‍, കണ്ടിന്യുവസ്‌ലി വേരിയബിള്‍ ട്രാന്‍സ്മിഷന്‍ (സി.വി.ടി) ഗിയര്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളാണ് എലവേറ്റിനുള്ളത്. ഹ്യുണ്ടായ് ക്രെറ്റ, കിയ സെല്‍റ്റോസ്, മാരുതി ഗ്രാന്‍ഡ് വിറ്റാര, സ്‌കോഡ കുഷാക്ക്, ഫോക്‌സ് വാഗന്‍ ടൈഗൂണ്‍, എം.ജി ആസ്റ്റര്‍, ടൊയോട്ട ഹൈറൈഡര്‍ എന്നിവയാണ് എലവേറ്റിനെ വിപണിയില്‍ കാത്തിരിക്കുന്ന മുഖ്യ എതിരാളികള്‍.
സി.ആര്‍-വിയെ ഓര്‍മ്മിപ്പിക്കുന്ന എലവേറ്റ്
ഇന്ത്യ ഇപ്പോള്‍ എസ്.യു.വികള്‍ക്ക് ഏറെ പ്രിയമുള്ള നാടാണ്. എസ്.യു.വികള്‍ ഹോണ്ടയ്ക്കും പുതുമയൊന്നുമല്ല. ഹോണ്ട സി.ആര്‍-വി., ബി.ആര്‍-വി എന്നിവ ഒരുകാലത്ത് നിരത്തുകള്‍ വാണിരുന്നവയാണ്.
സി.ആര്‍-വിയെ അനുസ്മരിപ്പിക്കുന്നതാണ് എലവേറ്റിന്റെ സ്റ്റൈലിംഗ്. 4.31 മീറ്ററാണ് നീളം. വീതി 1.79 മീറ്ററും ഉയരം 1.65 മീറ്ററും. വീല്‍ബേസ് 2.65 മീറ്റര്‍. ക്രെറ്റയ്ക്കും ഏതാണ്ട് ഇതേ വീല്‍ബേസാണ്. 458 ലിറ്ററാണ് ബൂട്ട് സ്‌പേസ്. 220 എം.എം. ഗ്രൗണ്ട് ക്ലിയറന്‍സാണ് മറ്റൊരു മികവ്. ക്രെറ്റയ്ക്ക് 190 എം.എം ആണ്.
വേറിട്ട രൂപകല്‍പന
എലവേറ്റിലെ വലിപ്പമേറിയതും പരന്നതുമായ ഗ്രില്‍ ഹോണ്ടയുടെ ഇന്ത്യന്‍ ആരാധകര്‍ക്ക് പുതുമയാകും. ഗ്രില്ലില്‍ വലിയ ഹോണ്ട ലോഗോയും ഇടംപിടിച്ചിട്ടുണ്ട്. വളരെ നേര്‍ത്തതാണ് എല്‍.ഇ.ഡി ഹെഡ്‌ലൈറ്റുകള്‍. അതിനുതാഴെ എല്‍.ഇ.ഡി ഡേടൈം റണ്ണിംഗ് ലൈറ്റ് (ഡി.ആര്‍.എല്‍). അവയ്ക്ക് ചുറ്റും സിറ്റിയിലെ പോലെ ക്രോമിന്റെ അതിര്‍വരമ്പുകളുണ്ട്.
പ്ലാസ്റ്റിക് ക്ലാഡിംഗോട് കൂടിയ വീല്‍ ആര്‍ച്ചുകള്‍ എലവേറ്റിനെ തികഞ്ഞ എസ്.യു.വിയാക്കുന്നു. 17 ഇഞ്ചാണ് അലോയ് വീലുകള്‍. പിന്‍ഭാഗം ഒതുക്കമുള്ളതെങ്കിലും ഭംഗിയുള്ളതാക്കാന്‍ ഹോണ്ടയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
അകത്തളഭംഗി
10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ്, 7-ഇഞ്ച് സെമി ഡിജിറ്റല്‍ ഇന്‍ട്രുമെന്റ് ക്ലസ്റ്റര്‍, സണ്‍റൂഫ്, ലെയിന്‍-വാച്ച് ക്യാമറ, വയര്‍ലെസ് ചാര്‍ജിംഗ്, റിയര്‍പാര്‍ക്കിംഗ് ക്യാമറ എന്നിങ്ങനെ നിരവധി ആകര്‍ഷണങ്ങള്‍ അകത്തളത്തില്‍ കാണാം.
മികച്ച സുരക്ഷ ഉറപ്പാക്കാന്‍ കൊളീഷന്‍ മിറ്റിഗേഷന്‍ ബ്രേക്കിംഗ് സിസ്റ്റം, ലെയിന്‍ ഡിപ്പാര്‍ച്ചര്‍ വാണിംഗ്, അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍, ലെയിന്‍ കീപ്പ് അസിസ്റ്റ്, റോഡ് ഡിപ്പാര്‍ച്ചര്‍ വാണിംഗ് അസിസ്റ്റ്, ഓട്ടോമാറ്റിക് ഹൈ ബീം അസിസ്റ്റ് എന്നിവയുടെ പിന്തുണയുള്ള സെന്‍സിംഗ് എ.ഡി.എ.എസ് (ADAS) എലവേറ്റിലുണ്ട്.
5 എസ്.യു.വികള്‍ കൂടി ഇന്ത്യയിലേക്ക്
ഇന്ത്യന്‍ വിപണിയില്‍ 2030നകം 5 എസ്.യു.വികള്‍ കൂടി എത്തിക്കുമെന്ന് ഹോണ്ട വ്യക്തമാക്കിയിട്ടുണ്ട്. എസ്.യു.വി വിപണിയിലെ അപ്രമാദിത്തം തിരിച്ചുപിടിക്കുകയാണ് ഇതുവഴി കമ്പനി ഉന്നമിടുന്നത്.
Related Articles
Next Story
Videos
Share it