ആദ്യ ഇലക്ട്രിക് എസ്.യു.വിയുമായി മാജിക് കാണിക്കാന്‍ ഹോണ്ട; '0 ആല്‍ഫ'യുടെ റോഡ് ടെസ്റ്റിംഗ് ആരംഭിച്ചു

2025-ലെ ജപ്പാന്‍ മൊബിലിറ്റി ഷോയില്‍ അവതരിപ്പിച്ച മോഡലാണിത്
Honda 0 Alpha Road testing
Published on

ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയില്‍ ചുവടുറപ്പിക്കാന്‍ ജാപ്പനീസ് വാഹന ഭീമന്മാരായ ഹോണ്ട തയ്യാറെടുക്കുന്നു. വരാനിരിക്കുന്ന അത്യാധുനിക ഇലക്ട്രിക് എഎസ്.യു.വിയായ 'ഹോണ്ട 0 ആല്‍ഫ'യുടെ (Honda 0 Alpha) രാജ്യവ്യാപകമായ റോഡ് ടെസ്റ്റിംഗിന് കമ്പനി തുടക്കം കുറിച്ചു. ഇന്ത്യയിലെ വൈവിധ്യമാര്‍ന്ന റോഡ് സാഹചര്യങ്ങളിലും കാലാവസ്ഥയിലും വാഹനത്തിന്റെ പ്രകടനം വിലയിരുത്തുകയാണ് ഈ പരീക്ഷണ ഓട്ടത്തിലൂടെ ഹോണ്ട ലക്ഷ്യമിടുന്നത്.

ഇന്ത്യന്‍ റോഡുകള്‍ക്ക് അനുയോജ്യം

2025-ലെ ജപ്പാന്‍ മൊബിലിറ്റി ഷോയില്‍ അവതരിപ്പിച്ച ഈ മോഡല്‍, തിരക്കേറിയ നഗരവീഥികളിലും ഹൈവേകളിലും ദുര്‍ഘടമായ പാതകളിലും ഒരേപോലെ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടോ എന്ന് കമ്പനി പരിശോധിക്കും. കഠിനമായ വേനല്‍ച്ചൂട്, കനത്ത മണ്‍സൂണ്‍ മഴ തുടങ്ങിയ ഇന്ത്യന്‍ കാലാവസ്ഥാ സാഹചര്യങ്ങളെ വാഹനം എങ്ങനെ അതിജീവിക്കുന്നു എന്നതും പരീക്ഷണത്തിന്റെ ഭാഗമാണ്.

ഇന്ത്യന്‍ മെയ്ഡ്

ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ച് ആഗോള വിപണികളിലേക്ക് കയറ്റുമതി ചെയ്യാനാണ് ഹോണ്ടയുടെ തീരുമാനം. വാഹനത്തിന്റെ ബാറ്ററി ലൈഫ്, ചാര്‍ജിംഗ് വേഗത, ഊര്‍ജ്ജക്ഷമത (Energy Efficiency) എന്നിവയ്ക്ക് പ്രത്യേക മുന്‍ഗണന നല്‍കുന്നു. 2026-27 സാമ്പത്തിക വര്‍ഷത്തോടെ വാഹനം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നേരത്തെ വലിയ ഇലക്ട്രിക് എസ്യുവികളും സെഡാനുകളും പുറത്തിറക്കാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും, വിപണിയിലെ മാറ്റങ്ങള്‍ കണക്കിലെടുത്ത് ഹോണ്ട ഇലക്ട്രിക് വാഹന നയത്തില്‍ മാറ്റം വരുത്തിയിരുന്നു. ഇന്ത്യയെപ്പോലുള്ള വളര്‍ന്നുവരുന്ന വിപണികള്‍ക്ക് കൂടുതല്‍ അനുയോജ്യമായ '0 സീരീസ്' മോഡലുകളിലാണ് കമ്പനി ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

വരാന്‍ അല്‍പ്പം വൈകിയോ?

ടാറ്റയും മഹീന്ദ്രയും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഇതിനോടകം തന്നെ ആധിപത്യം ഉറപ്പിച്ചു കഴിഞ്ഞ ഇവി വിപണിയിലേക്കാണ് ഹോണ്ടയുടെ വരവ്. ഈ സാഹചര്യത്തില്‍ ഹോണ്ടയുടെ ഈ ചുവടുവെപ്പ് വൈകിപ്പോയോ എന്ന ചോദ്യമാണ് പലരും ഉയര്‍ത്തുന്നത്. എന്നാല്‍ വിപണി വിദഗ്ധരുടെ അഭിപ്രായത്തില്‍, ഹോണ്ടയുടെ ഈ എന്‍ട്രി കൃത്യസമയത്തുള്ളതാണ്.

വിപണിയുടെ ആദ്യഘട്ടത്തില്‍ തന്നെ എത്തിയ കമ്പനികള്‍ക്ക് ആദ്യകാല ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നത് സത്യമാണ്. എങ്കിലും, ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണി ഇപ്പോള്‍ ഒരു പരിവര്‍ത്തന ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. കേവലം പുതുമ എന്നതിലുപരി വാഹനത്തിന്റെ ഈട് (Reliability), പുനര്‍വില്‍പ്പന മൂല്യം (Resale Value), മികച്ച ആഫ്റ്റര്‍ സെയില്‍സ് സര്‍വീസ് എന്നിവയ്ക്ക് ഉപഭോക്താക്കള്‍ വലിയ മുന്‍ഗണന നല്‍കിത്തുടങ്ങിയിരിക്കുന്നു. ഹോണ്ടയെപ്പോലൊരു ബ്രാന്‍ഡിന്റെ പാരമ്പര്യ ഗുണങ്ങളാണിതെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

ഹോണ്ട 0 ആല്‍ഫ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന 2026-27 കാലയളവാകുമ്പോഴേക്കും രാജ്യത്തെ ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്നത്തേക്കാള്‍ വളരെയധികം വികസിക്കും. ഉപഭോക്താക്കള്‍ക്കിടയില്‍ ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിക്കുന്നതും ഹോണ്ടയ്ക്ക് ഗുണകരമാകും. ചുരുക്കത്തില്‍, വിപണി പൂര്‍ണ്ണമായും പാകമാകുന്ന സമയത്തുള്ള ഹോണ്ടയുടെ ഈ കടന്നുവരവ് വൈകിയ ഒന്നായി കാണാനാവില്ല.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com