പ്രമുഖ ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട ഇനി ഇന്ത്യയില്‍ കൂടുതല്‍ ശ്രദ്ധയൂന്നുക സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങളില്‍ (എസ്.യു.വി/SUV). ഇന്ത്യയില്‍ എസ്.യു.വികള്‍ക്ക് സ്വീകാര്യതയേറുന്നത് പരിഗണിച്ചാണിതെന്ന് ഹോണ്ട കാര്‍സ് ഇന്ത്യ മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ് ഡയറക്ടര്‍ യൂചി മുറാട്ട (Yuichi Murata) പറഞ്ഞു. 2030നകം അഞ്ച് വ്യത്യസ്ത എസ്.യു.വികള്‍ കമ്പനി ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹോണ്ടയുടെ പുത്തന്‍ എസ്.യു.വിയായ എലവേറ്റ് (Elevate) കൊച്ചിയില്‍ നടന്ന ചടങ്ങില്‍ കേരള വിപണിയില്‍ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
ഹോണ്ടയുടെ ആദ്യ വൈദ്യുത കാര്‍ (Battery Electric Vehicle/BEV) മൂന്ന് വര്‍ഷത്തിനകം വിപണിയിലെത്തും. എലവേറ്റിന്റെ പ്ലാറ്റ്‌ഫോമിലാകും അതെന്ന് അദ്ദേഹം ധനംഓണ്‍ലൈന്‍.കോമിനോട് പറഞ്ഞു. എലവേറ്റിന് ഹൈബ്രിഡ് പതിപ്പുകള്‍ ഉണ്ടാവില്ല. മറ്റ് എസ്.യു.വികളില്‍ ഹൈബ്രിഡുകളും പ്രതീക്ഷിക്കാം. എലവേറ്റിന് പുറമേ ജനപ്രിയ സെഡാന്‍ മോഡലുകളായ സിറ്റി (New City 5th Generation), സിറ്റി ഇ.എച്ച്.ഇ.വി (ഹൈബ്രിഡ്), അമേസ് (Amaze) എന്നിവയാണ് ഹോണ്ടയ്ക്കുള്ളത്.
ഫീച്ചര്‍ സമ്പന്നം എലവേറ്റ്
സ്റ്റൈല്‍, പെര്‍ഫോമന്‍സ്, സുരക്ഷ എന്നിവയ്ക്ക് പ്രാമുഖ്യം നല്‍കി, മികച്ച നിലവാരത്തോടെയാണ് എലവേറ്റിനെ ഹോണ്ട ഒരുക്കിയിരിക്കുന്നത്. 4.3 മീറ്റര്‍ നീളവും 1.79 മീറ്റര്‍ വീതിയുമുള്ള വാഹനമാണ് എലവേറ്റ്. 1.65 മീറ്ററാണ് ഉയരം. 2.65 മീറ്റര്‍ വീല്‍ബെയ്‌സ് അകത്തളത്തെ വിശാലമാക്കുന്നു. ശ്രേണിയിലെ തന്നെ ഏറ്റവും മികച്ച 220 എം.എം ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്.
ആല്‍ഫ-ബോള്‍ഡ് സിഗ്നേചര്‍ ഗ്രില്‍, എല്‍.ഇ.ഡി ഡേടൈം റണ്ണിംഗ് ലൈറ്റ്, ഇന്‍ഡിക്കേറ്ററുകള്‍ എന്നിവയോട് കൂടിയതും വ്യത്യസ്തവുമായ എല്‍.ഇ.ഡി പ്രൊജക്റ്റര്‍ ഹെഡ്‌ലാമ്പ്, ഡ്യുവല്‍-ടോണ്‍ ഡയമണ്ട് കട്ട് അലോയ് വീല്‍, പ്രൊജക്റ്റര്‍ ഫോഗ് ലാമ്പ്, വീതിയേറിയ ബോണറ്റ് എന്നിവ പുറംമോടിയുടെ ശ്രദ്ധാകേന്ദ്രങ്ങളാണ്.
വിശാലം അകത്തളം
വിശാലവും ആഡംബരം തോന്നിക്കുന്നതുമായ ബ്ലാക്ക് ആന്‍ഡ് ബ്രൗണ്‍ അകത്തളം, നിലവാരമേറിയ സീറ്റുകള്‍, 458 ലിറ്റര്‍ ബൂട്ട്‌സ്‌പേസ്, 10.25 ഇഞ്ച് നൂതന ഫ്‌ളോട്ടിംഗ് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, മികച്ച ഓഡിയോ സംവിധാനം, 7 ഇഞ്ച് എച്ച്.ഡി ഫുള്‍ കളര്‍ ഇന്‍സ്ട്രുമെന്റ് സ്‌ക്രീന്‍, അതിൽ വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്ടിവിറ്റി, വണ്‍-ടച്ച് ഇലക്ട്രിക് സണ്‍റൂഫ്, നിരവധി സ്റ്റോറേജ് സൗകര്യങ്ങള്‍, വയര്‍ലെസ് സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജിംഗ് തുടങ്ങിയ മികവുകളാണ് അകത്തളത്തില്‍ കാണാനാവുക.
അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം (എ.ഡി.എ.എസ്) മികച്ച ഡ്രൈവിംഗ് അനുഭവം സമ്മാനിക്കും. കൊളീഷന്‍ മിറ്റിഗേഷന്‍ ബ്രേക്കിംഗ് സിസ്റ്റം (സി.എം.ബി.എസ്), റോഡ് ഡിപ്പാര്‍ചര്‍ മിറ്റിഗേഷന്‍ സിസ്റ്റം, ലെയിന്‍ കീപ്പിംഗ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍, ഓട്ടോ ഹൈ ബീം തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളുമുണ്ട്.
എന്‍ജിനും കരുത്തും മൈലേജും
എലവേറ്റിന് 1.5 ലിറ്റര്‍ ഐ-വിടെക് ഡി.ഒ.എച്ച്.സി എന്‍ജിന്‍ മാത്രമാണുള്ളത്. 121 എച്ച്.പി കരുത്തും 145 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന എന്‍ജിനാണിത്. മാനുവല്‍, സി.വി.ടി ട്രാന്‍സ്മിഷന്‍ പതിപ്പുകളുണ്ട്. മാനുവല്‍ പതിപ്പ് ലിറ്ററിന് 15.31 കിലോമീറ്ററും സി.വി.ടി 16.92 കിലോമീറ്ററും മൈലേജ് അവകാശപ്പെടുന്നു. 20 ശതമാനം വരെ എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ ഉപയോഗിക്കാന്‍ പറ്റുന്ന എന്‍ജിനാണിത് (E20 material compatible).
വിലയും നിറഭേദങ്ങളും
എസ്.വി., വി., വി.എക്‌സ്., ഇസഡ്.എക്‌സ് എന്നീ 4 വേരിയന്റുകളാണുള്ളത്. എസ്.വി മാനുവല്‍ ട്രാന്‍സ്മിഷന്‍ പതിപ്പിന് 10.99 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. വി മാനുവലിന് 12.10 ലക്ഷം. വി സി.വി.ടിക്ക് 13.20 ലക്ഷം രൂപ എന്നിങ്ങനെയുമാണ് വില. വി.എക്‌സ് മാനുവലിന് വില 13.49 ലക്ഷം രൂപ; സി.വി.ടി പതിപ്പിന് 14.59 ലക്ഷം രൂപ.
ഹോണ്ട എലവേറ്റിന്റെ ഉൾവശത്തിന്റെ മറ്റൊരു ദൃശ്യം
ടോപ് വേരിയന്റായ ഇസഡ്.എക്‌സിന്റെ മാനുവലിന് 14.89 ലക്ഷം രൂപയും സി.വി.ടിക്ക് 15.99 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. എലവേറ്റിന്റെ വില്‍പന ഡീലര്‍ഷിപ്പുകളില്‍ ആരംഭിച്ചു. ഏഴ് സിംഗിള്‍-ടോണ്‍ നിറങ്ങളിലും 3 ഡ്യുവല്‍-ടോണ്‍ നിറങ്ങളിലും എലവേറ്റ് ലഭിക്കും.
ഹ്യുണ്ടായ് ക്രെറ്റ, കിയ സെല്‍റ്റോസ്, മാരുതി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട ഹൈറൈഡര്‍, ഫോക്‌സ്‌വാഗന്‍ ടൈഗൂണ്‍, സ്‌കോഡ കുഷാക്ക് എന്നിവയാണ് വിപണിയിലെ എതിരാളികള്‍.
കേരളം ശ്രദ്ധേയ വിപണി
ഇന്ത്യയില്‍ ഹോണ്ടയുടെ ശ്രദ്ധേയ വിപണികളിലൊന്നാണ് കേരളമെന്ന് യൂചി മുറാട്ട
ധനംഓണ്‍ലൈന്‍.കോമിനോട് പറഞ്ഞു. കേരളത്തില്‍ 7 ശതമാനം വിപണിവിഹിതമാണ് ഹോണ്ടയ്ക്കുള്ളത്. എലവേറ്റിന്റെ വരവോടെ ഇത് കൂടുതല്‍ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഹോണ്ടയുടെ ഇന്ത്യയിലെ മൊത്തം വില്‍പനയില്‍ 7 ശതമാനം കേരളത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ആഗോള വിപണിയിലേക്ക് എലവേറ്റ് ഇന്ത്യയില്‍ നിന്ന് കയറ്റുമതിയും ചെയ്യും. എലവേറ്റിന്റെ മുഖ്യ കയറ്റുമതി ഹബ്ബ് ഇന്ത്യയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.