Begin typing your search above and press return to search.
₹7.99 ലക്ഷം, അഡാസ് സുരക്ഷാ ഫീച്ചറുമായി ഞെട്ടിക്കാന്‍ ഹോണ്ട അമേസ്; ഡിസയറിന് പണിയാകുമോ?
ഹോണ്ട അമേസിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ പുറത്തിറക്കി ഹോണ്ട കാര്‍സ് ഇന്ത്യ. 7.99 ലക്ഷം രൂപ മുതല്‍ 10.90 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില. ഇന്ത്യന്‍ വിപണിയില്‍ അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റ്ന്റ് സിസ്റ്റം (അഡാസ്) സുരക്ഷാ ഫീച്ചറോടെ എത്തുന്ന പോക്കറ്റിലൊതുങ്ങുന്ന കാറാണിത്. രാജ്യത്ത് വില്‍ക്കുന്ന എല്ലാ മോഡലുകളിലും അഡാസ് ഫീച്ചറുണ്ടെന്ന പ്രത്യേകതയും ഇതോടെ ഹോണ്ട സ്വന്തമാക്കി.
2013 ഏപ്രിലില്‍ ഇന്ത്യന്‍ നിരത്തുകളിലെത്തിയ ഹോണ്ട അമേസിന്റെ മൂന്നാം തലമുറയാണ് ഇപ്പോഴത്തേത്. 2018 മേയിലെത്തിയ രണ്ടാം തലമുറ അമേസും ചൂടപ്പം പോലെയാണ് വിറ്റുപോയത്. ഇതുവരെ 5.80 ലക്ഷം അമേസുകള്‍ വിറ്റതായാണ് ഹോണ്ടയുടെ കണക്ക്. ഇന്ത്യയിലെ ആകെ വില്‍പ്പനയുടെ 40 ശതമാനവും അമേസില്‍ നിന്നാണെന്നും ഹോണ്ടയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
മാറ്റമില്ലാത്ത എഞ്ചിന്‍
പവര്‍ ഫിഗറുകളില്‍ മാറ്റമില്ലെങ്കിലും നിരവധി പുതുമകളോടെയാണ് പുതിയ അമേസിന്റെ വരവ്.
1.2 ലിറ്റര്‍ 4 സിലിണ്ടര്‍ എസ്.ഒ.എച്ച്.സി ഐ-വിടെക് പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. 88.76 ബി.എച്ച്.പി കരുത്തും 110 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിയുന്ന എഞ്ചിനാണിത്. 5 സ്പീഡ് മാനുവല്‍ , സി.വി.റ്റി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളിലാണ് വാഹനം ലഭ്യമാകുക. സി.വി.റ്റിയില്‍ ലിറ്ററിന് 19.46 കിലോമീറ്ററും മാനുവലിന് ലിറ്ററിന് 18.65 ലിറ്ററും മൈലേജ് ലഭിക്കും. വി, വി.എക്‌സ്, ഇസഡ് എക്‌സ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് വാഹനം ലഭ്യമാവുക.
വിവിധ വേരിയന്റുകളുടെ വില
ന്യൂ അമേസ് V MT: 8 ലക്ഷം
ന്യൂ അമേസ് V CVT: 9.20 ലക്ഷം
ന്യൂ അമേസ് VX MT: 9.10 ലക്ഷം
ന്യൂ അമേസ് VX CVT: 10 ലക്ഷം
ന്യൂ അമേസ് ZX MT (ADAS ഉള്‍പ്പെടെ): 9.70 ലക്ഷം
ന്യൂ അമേസ് ZX CVT: 10.90 ലക്ഷം
ഉള്ളിലാണ് കളി
മുന്നില്‍ പുതിയ എല്‍.ഇ.ഡി ഹെഡ് ലൈറ്റുകളും ഫോഗ് ലാംപുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എലവേറ്റില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട ഗ്ലില്ലുകളാണ് പുതിയ അമേസിലും നല്‍കിയിരിക്കുന്നത്. പിന്നില്‍ സിറ്റിയുടേതിന് സമാനയ വിംഗ് ആകൃതിയിലുള്ള എല്‍.ഇ.ഡി ടെയില്‍ ലാംപും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
ഉള്ളിലേക്ക് കയറിയാല്‍ ബീജ് - ബ്ലാക്ക് തീമിലുള്ള ഡ്യുവല്‍ ടോണ്‍ പ്രീമിയം ഇന്റീരിയര്‍ കാണാന്‍ കഴിയും. എല്ലാ യാത്രക്കാര്‍ക്കും ഹെഡ് റെസ്റ്റും നല്‍കിയിട്ടുണ്ട്. രണ്ടാം നിരയില്‍ സുഖകരമായ രീതിയിലാണ് സീറ്റിംഗ് ക്രമീകരണം നടത്തിയിരിക്കുന്നതെന്ന് ഹോണ്ട പറയുന്നു. എട്ട് ഇഞ്ച് ഫ്‌ളോട്ടിംഗ് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനം, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ, 7 ഇഞ്ച് ടി.എഫ്.ടി ഡിസ്‌പ്ലേയോടു കൂടിയ സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വയര്‍ലെസ് ചാര്‍ജര്‍, എയര്‍ പ്യൂരിഫെയര്‍, 6 സ്പീക്കര്‍ ഓഡിയോ സംവിധാനം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഓഡിയോ കണ്‍ട്രോളറോടെയുള്ള സ്റ്റിയറിംഗ് വീല്‍ എന്നീ ഫീച്ചറുകളും വാഹനത്തിലുണ്ട്. എന്നാല്‍ ഇലക്ട്രിക് സണ്‍റൂഫ് ഉള്‍പ്പെടുത്തിയിട്ടില്ല.
സുരക്ഷയില്‍ നോ കോംപ്രമൈസ്
ഹൈ ടെന്‍സൈല്‍ സ്റ്റീല്‍ കൊണ്ടാണ് വാഹനത്തിന്റെ ബോഡി നിര്‍മിച്ചിരിക്കുന്നതെന്ന് ഹോണ്ട പറയുന്നു.
6 എയര്‍ബാഗുകള്‍, 3 രീതിയില്‍ ക്രമീകരിക്കാവുന്ന സീറ്റ് ബെല്‍റ്റ്, വെഹിക്കിള്‍ സ്റ്റബിലിറ്റി അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റന്റ്, ബ്രേക്ക് അസിസ്റ്റ്, എ.ബി.എസ് വിത്ത് ഇ.ബി.ഡി തുടങ്ങിയ ഫീച്ചറുകള്‍ എല്ലാ വേരിയന്റുകളിലും സ്റ്റാന്റേര്‍ഡാണ്. 10 വര്‍ഷത്തെ എക്സ്റ്റന്‍ഡഡ് വാറന്റിയും കമ്പനി ഓഫര്‍ ചെയ്യുന്നുണ്ട്.
എതിരാളികള്‍ ഇവര്‍
പുതിയ മാരുതി സുസുക്കി ഡിസയര്‍, ഹ്യൂണ്ടായ് ഓറ, ടാറ്റ ടിഗോര്‍ തുടങ്ങിയ മോഡലുകളോടാവും ഹോണ്ട അമേസിന്റെ മത്സരം. സെഡാന്‍ സെഗ്‌മെന്റ് ഭരിക്കുന്ന ഡിസയറിന് പണിയാകുമോ എന്നാണ് ഇപ്പോള്‍ വാഹനലോകത്തിന്റെ ചിന്ത.
Next Story
Videos