77,000 ലധികം കാറുകള്‍ ഹോണ്ട തിരിച്ചുവിളിക്കുന്നു: കാരണമിതാണ്

വിപണിയിലിറക്കിയ 77,000 ലധികം യൂണിറ്റുകള്‍ ഹോണ്ട തിരിച്ചുവിളിക്കുന്നു. ഫ്യുവല്‍ പമ്പ് മാറ്റുന്നതിന് 77,954 യൂണിറ്റുകളാണ് ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് തിരിച്ചുവിളിക്കുന്നത്. ഏപ്രില്‍ 17 മുതല്‍ ഘട്ടംഘട്ടമായി ഇന്ത്യയിലുടനീളമുള്ള എച്ച്‌സിഐഎല്‍ ഡീലര്‍ഷിപ്പുകള്‍ വഴി ഇവ മാറ്റിനല്‍കും. ഈ വാഹനങ്ങളുടെ ഉടമകളുമായി ബന്ധപ്പെട്ടുവരികയാണെന്ന് കമ്പനി വ്യക്തമാക്കി.

ജപ്പാനീസ് കാര്‍ നിര്‍മാതാക്കള്‍ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന പ്രകാരം, ചില വാഹനങ്ങളിലെ ഇന്ധന പമ്പുകളില്‍ തകരാറുള്ള ഇംപെല്ലറുകള്‍ അടങ്ങിയിരിക്കുന്നുണ്ട്. ഇത് കാലക്രമേണ എന്‍ജിന്‍ പ്രവര്‍ത്തനം തടസപ്പെടാനിടയുള്ളതിനാലാണ് ഈ വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നത്.
അമേസ്, ഫോര്‍ത്ത് ജെന്‍ സിറ്റി, ഡബ്ല്യുആര്‍വി, ജാസ്, സിവിക്, ബിആര്‍വി, സിആര്‍വി തുടങ്ങിയ മോഡലുകളിലെ യൂണിറ്റുകളാണ് കമ്പനി തിരിച്ചുവിളിക്കുന്നത്.
തിരിച്ചുവിളിച്ച 2019 ലും 2020 ലും നിര്‍മിച്ച യൂണിറ്റുകളില്‍ കൂടുതലായും അമേസ്, സിറ്റി എന്നീ മോഡലുകളാണ്. ഹോണ്ട സിറ്റി കഴിഞ്ഞ ജൂലൈയില്‍ പുറത്തിറക്കിയെങ്കില്‍ ഇവയ്ക്ക് പ്രശ്‌നങ്ങളില്ലെന്ന് കമ്പനി വ്യക്തമാക്കി.
ഈ യൂണിറ്റുകളില്‍ തങ്ങളുടെ കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് കമ്പനിയുടെ വെബ്‌സൈറ്റിലെ പ്രത്യേക മൈക്രോസൈറ്റില്‍ ആല്‍ഫന്യൂമെറിക് വെഹിക്കിള്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ (വിഐഎന്‍) സമര്‍പ്പിച്ച് പരിശോധിക്കാവുന്നതാണ്.
കോവിഡ് കാരണം ഫ്യുവല്‍ പമ്പ് മാറ്റിനല്‍കുന്നതിന് സമയമെടുക്കുമെന്നും ഉപഭോക്താക്കള്‍ മുന്‍കൂട്ടി ഡീലര്‍മാരുമായി ബന്ധപ്പെടണമെന്നും കമ്പനി അറിയിച്ചു.



Related Articles
Next Story
Videos
Share it