ഇരുചക്ര വിപണിയില്‍ ഹീറോയെ മറികടന്ന് പഴയ പങ്കാളി മാസ് എന്‍ട്രി നടത്തിയതിങ്ങനെ

വേര്‍പിരിഞ്ഞ് 13 വര്‍ഷത്തിന് ശേഷമാണ് ഹീറോ രണ്ടാം സ്ഥാനത്താകുന്നത്
hero, honda
image credit : canva , hero motorcorp , honda 
Published on

ഇരുചക്ര വാഹന വിപണിയില്‍ ഹീറോ മോട്ടോകോര്‍പ്പിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ജാപ്പനീസ് വാഹന നിര്‍മാതാവായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ഒന്നാമതെത്തി. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ച്ചേഴ്‌സിന്റെ (എസ്.ഐ.എ.എം) ഹോള്‍സെയില്‍ ഡിസ്പാച്ച് ഡേറ്റയനുസരിച്ച് ഏപ്രില്‍-ജൂലൈ മാസത്തിലാണ് ഹോണ്ട ഹീറോയെ മറികടന്നത്. ഈ കാലയളവില്‍ 18.53 ലക്ഷം യൂണിറ്റുകള്‍ ഹോണ്ടയുടെ പേരിലുള്ളപ്പോള്‍ 18.31 യൂണിറ്റുകള്‍ മാത്രമാണ് ഹീറോയ്ക്ക് ചേര്‍ക്കാനായത്, 21,653 യൂണിറ്റുകളുടെ കുറവ്. വിദേശകയറ്റുമതി കൂടി പരിഗണിക്കുമ്പോള്‍ 1.3 ലക്ഷം യൂണിറ്റുകളുടെ വ്യത്യാസം ഇരുകമ്പനികളും തമ്മിലുണ്ടാകുമെന്നും ഒരു ദേശീയ മാധ്യമത്തിലെ റിപ്പോര്‍ട്ടില്‍ പറയുന്നു. 26 വര്‍ഷത്തെ സഹകരണത്തിന് ശേഷം 2011ലാണ് ഇരുകമ്പനികളും വേര്‍പിരിയാന്‍ തീരുമാനിച്ചത്.

മാറ്റത്തിന് കാരണമെന്ത്?

ഏറെക്കാലമായി ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയിലെ മുടിചൂടാ മന്നന്മാരായിരുന്നു ഹീറോ മോട്ടോര്‍കോര്‍പ്പ്. എന്നാല്‍ ഉത്സവ സീസണിന് മുന്നോടിയായി വിപണിയിലുണ്ടായ ഉണര്‍വ് കൃത്യമായി മുതലെടുക്കാന്‍ ഹോണ്ടയ്ക്ക് കഴിഞ്ഞു. എന്‍ട്രി ലെവല്‍ മുതല്‍ പ്രീമിയം സെഗ്‌മെന്റില്‍ വരെ വാഹനങ്ങള്‍ ഇറക്കാന്‍ കഴിഞ്ഞതും ഹോണ്ടയ്ക്ക് തുണയായി. ഗ്രാമീണ-നഗര വിപണികളില്‍ സ്‌കൂട്ടറുകള്‍ക്കും മിഡ്-പ്രീമിയം മോട്ടോര്‍ സൈക്കിളുകള്‍ക്കുമുള്ള ഡിമാന്‍ഡ് വര്‍ധിച്ചതും ഹോണ്ട ഷൈന്‍ 100 എന്ന മോഡലിന് മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലുള്ള വലിയ ഡിമാന്‍ഡുമാണ് കമ്പനിയെ മുന്നിലെത്താന്‍ സഹായിച്ചത്.

കച്ചവടത്തില്‍ ഹീറോ തന്നെ കിംഗ്

അതേസമയം, കമ്പനിയില്‍ നിന്നും ഷോറൂമുകളിലേക്കെത്തുന്ന യൂണിറ്റുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടെങ്കിലും റീട്ടെയില്‍ വില്‍പ്പനയില്‍ ഹീറോ തന്നെയാണ് ഇപ്പോഴും രാജാവ്. ഇരുകമ്പനികളുടെയും റീട്ടെയില്‍ വില്‍പ്പനയില്‍ വലിയ അന്തരം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ (എഫ്.എ.ഡി.എ) കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഹോണ്ടയുടെ വിപണി വിഹിതം വര്‍ധിക്കുകയാണെന്നും ഇവരുടെ കണക്കുകള്‍ പറയുന്നു. ഏപ്രിലില്‍ 20 ശതമാനമുണ്ടായിരുന്ന വിപണി വിഹിതം ജൂലൈയില്‍ 24.3 ശതമാനമായി വര്‍ധിച്ചു. ഇതേ കാലയളവില്‍ ഹീറോയുടെ വിപണി വിഹിതം 33 ശതമാനത്തില്‍ നിന്നും 29.4 ശതമാനമായി കുറയുകയും ചെയ്തു. ഈ മാസത്തോടെ രാജ്യത്ത് ഉത്സവ സീസണ്‍ ആരംഭിക്കുമ്പോള്‍ ഇരുകമ്പനികളും തമ്മിലെ വിപണി മത്സരം വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്.

ഹീറോ ഹോണ്ട

1984ലാണ് ഇന്ത്യന്‍ കമ്പനിയായ ഹീറോ സൈക്കിള്‍സ് ലിമിറ്റഡും ഹോണ്ട മോട്ടോര്‍ കമ്പനിയും ചേര്‍ന്ന് ഹീറോ ഹോണ്ട മോട്ടേഴ്‌സ് ലിമിറ്റഡ് എന്ന പേരില്‍ സംയുക്ത സംരംഭം ആരംഭിക്കുന്നത്. 1985ല്‍ പുറത്തിറങ്ങിയ സി.ഡി 100 ആയിരുന്നു ഇരു കമ്പനികളുടെയും കൂട്ടുകെട്ടില്‍ നിരത്തിലെത്തിയ ആദ്യ മോട്ടോര്‍ സൈക്കിള്‍. ഹീറോ ഹോണ്ടയെന്ന പേരില്‍ ഇന്ത്യന്‍ വിപണിയില്‍ നിരവധി ഹിറ്റ് മോഡലുകള്‍ ഇറക്കിയ സൗഹൃദം 2011ല്‍ അവസാനിപ്പിച്ച് ഇരു കമ്പനികളും രണ്ട് വഴിക്ക് പിരിഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com