ഓട്ടോ എക്സ്പോ 2020 യുടെ തിളക്കം മങ്ങുമോ ? ടൊയോട്ട, ഹോണ്ട, ടിവിഎസ് പിന്മാറി
സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലായതിനാല്‍ ഓട്ടോ എക്സ്പോ 2020യില്‍ പങ്കെടുക്കില്ലെന്ന തീരുമാനവുമായി കൂടുതല്‍ കമ്പനികള്‍ രംഗത്ത്. ഇന്ത്യന്‍ വാഹന വിപണി ഉറ്റുനോക്കുന്ന ഈ മെഗാ ഷോയില്‍ നിന്ന് ഒഴിവാകുന്നതായി മുന്‍നിര നിര്‍മ്മാതാക്കളായ ഹീറോ മോട്ടോ, ടിവിഎസ്, റോയല്‍ എന്‍ഫീല്‍ഡ്, ഹോണ്ട കാര്‍സ്, ടൊയോട്ട, ബിഎംഡബ്ല്യു, ജാഗ്വാര്‍ ലാന്‍ഡ് റോവര്‍, ഔഡി എന്നിവര്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ അറിയിച്ചു.
ജീപ്പ്, ഫോര്‍ഡ്, ലെക്‌സസ്, ഫിയറ്റ്, ഹാര്‍ലി-ഡേവിഡ്‌സണ്‍ എന്നിവര്‍ നേരത്തെ തന്നെ പങ്കെടുക്കില്ലെന്നറിയിച്ചിരുന്നു. ഹോണ്ട 2-വീലര്‍, നിസ്സാന്‍ തുടങ്ങിയ കമ്പനികള്‍ ഇപ്പോഴും സന്ദേഹം തുടരുന്നു.നേരത്തേ പങ്കെടുത്തിരുന്ന മുപ്പതോളം കമ്പനികളുണ്ടാവില്ലെന്നാണ് ഇതുവരെയുള്ള സൂചന. എക്സ്പോയില്‍ പങ്കെടുക്കാന്‍ ചെലവാക്കേണ്ടിവരുന്ന 10 - 30 കോടി രൂപ മുതലാകുമെന്ന ഉറപ്പില്ലാത്തതാണ് കമ്പനികള്‍ വിട്ടുനില്‍ക്കാന്‍ കാരണമെന്ന് നിരീക്ഷകര്‍ പറയുന്നു.
ഡെട്രോയിറ്റ്, ന്യൂയോര്‍ക്ക്, ജനീവ, പാരീസ്, ഷാങ്ഹായ് എന്നിവിടങ്ങളില്‍ നടക്കുന്ന മെഗാ ഓട്ടോ ഷോകളുടെ ഇന്ത്യന്‍ പതിപ്പായാണ് രണ്ട് വര്‍ഷത്തിലൊരിക്കല്‍ ഫെബ്രുവരിയില്‍ ഗ്രേറ്റര്‍ നോയിഡയില്‍ ഓട്ടോ എക്സ്പോ അരങ്ങറുന്നത്.ശക്തിപ്രകടനത്തിനുള്ള മികച്ച അവസരമായാണ് കുറച്ചുവര്‍ഷം മുമ്പുവരെ ഓട്ടോ എക്‌സ്പോകളെ വാഹനക്കമ്പനികള്‍ നോക്കിക്കണ്ടിരുന്നത്. തങ്ങളുടെ ഏറ്റവും പുതിയ മോഡലുകളും സങ്കല്‍പ്പങ്ങളും എക്‌സ്പോയില്‍ അവതരിപ്പിക്കാന്‍ കമ്പനികള്‍ മത്സരിച്ചിരുന്നു.എന്നാല്‍ അടുത്തകാലത്തായി സ്ഥിതി മാറി. പല പ്രമുഖകമ്പനികളും എക്‌സ്പോയില്‍നിന്ന് അകലം പാലിക്കുന്നതാണ് കണ്ടുവരുന്നത്.
നേരത്തേ പ്രഗതി മൈതാനില്‍ നടത്തിയിരുന്ന ഓട്ടോ എക്‌സ്പോ 2014 മുതലാണ് ഗ്രേറ്റര്‍ നോയ്ഡയിലേക്ക് മാറ്റിയത്. ഇന്ത്യയിലേക്ക് ചുവടുവെക്കാനൊരുങ്ങുന്ന വിദേശ കമ്പനികള്‍ എക്സ്പോയെ മികച്ച അവസരമായി കണക്കാക്കുന്നു. ഏഴോ എട്ടോ കാറുകള്‍ പ്രദര്‍ശിപ്പിക്കാവുന്ന സ്റ്റാളിന് ഒരു കോടി വരെ എക്‌സ്പോയില്‍ വാടക നല്‍കേണ്ടിവരും. മറ്റു ചെലവുകള്‍ കൂടിയാകുമ്പോള്‍ അത് പത്ത് കോടിയിലുമേറെയാകും. വലിയ കമ്പനികള്‍ക്ക് എട്ട് ദിവസത്തെ പ്രദര്‍ശനത്തിന് 30 കോടി വരെ ചെലവ് വരുമെന്ന് പറയുന്നു.
ഇത്തവണ രണ്ട് ഡസനിലേറെ ഇലക്ട്രിക് വാഹനങ്ങളാണ് അവതരിപ്പിക്കാന്‍ പോകുന്നത്. ഇരുചക്ര വാഹനങ്ങള്‍ മുതല്‍ ഹെവി വാഹനങ്ങള്‍ വരെ അവയുടെ ഇലക്ട്രിക്, ഹൈബ്രിഡ് പതിപ്പുകള്‍ എത്തിക്കുന്നു. തെക്കന്‍ കൊറിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന കാര്‍ നിര്‍മാതാക്കളായ കിയ മോട്ടോര്‍സ് ഇന്ത്യയിലേക്ക് ചുവടുവെക്കുന്നതും ഡല്‍ഹി എക്്‌സ്പോയിലൂടെയാകും. മാരുതി സ്വിഫ്റ്റിന്റെ പുതിയ പതിപ്പ്, കണ്‍സെപ്റ്റ് എസ് എസ്.യു.വി. എന്നിവ എക്‌സ്പോയില്‍ ശ്രദ്ധ നേടും. മാരുതിയുടെ കണ്‍സെപ്റ്റ് ഓഫ് റോഡ് ഹൈബ്രിഡ് വാഹനമായ ഇ- സര്‍വൈവറും മേളയില്‍ പ്രതീക്ഷിക്കുന്നു.
കാറും ട്രക്കുമൊക്കെയായി അഞ്ച് വാഹനങ്ങള്‍ ടാറ്റ അവതരിപ്പിക്കും. ടാറ്റയുടെ ഇലക്ട്രിക് വാഹനങ്ങളുമുണ്ടാകുമെന്നാണ് പ്രതീക്ഷ. ടാറ്റയുടെ എക്‌സ് 451 ഹാച്ച് ബാക്ക്, എച്ച് 5 എസ്.യു.വി. എന്നിവയും മേളയിലുണ്ടാകും. ഇന്ത്യയ്ക്കുവേണ്ടി ഹ്യൂണ്ടായിയുടെ പുതിയ ഹാച്ച് ബാക്കും പ്രതീക്ഷിക്കുന്നുണ്ട്. കമ്പനി വിപണിയില്‍ നിന്ന് പിന്‍വലിച്ച സാന്‍ട്രോയുടെ പുതിയ പതിപ്പ് അവതരിപ്പിക്കാനും സാധ്യതയുണ്ട്. മേഴ്സിഡീസ് ബെന്‍സിന്റെ ഫ്‌ളാഗ്ഷിപ്പ് കാറായ മേബാക്ക് എസ് 650, ഇ- ക്ലാസ് ഓള്‍ ടെറൈന്‍, ഇലക്ട്രിക് എസ്.യു.വി. കണ്‍സെപ്റ്റായ ഇ.ക്യു തുടങ്ങിയവ എക്‌സ്പോയിലുണ്ടാകും.