
ഇന്ന് പ്രായഭേദമന്യേ ആളുകള്‍ക്കിടയില്‍ ട്രെന്‍ഡായിമാറുകയാണ് ഹോട് വീല്‍സ് എന്ന വാഹങ്ങളുടെ ടോയ്‌സ് ബ്രാന്‍ഡ്. പുതിയ കളക്ഷന്‍ വന്നാല്‍ ഞൊടിയിടയില്‍ വിറ്റുപോകുന്ന സ്ഥിതിയാണിന്നുള്ളത്. പല മുതിര്‍ന്നവരും ഹോട്ട് വീല്‍സ് പോലുള്ള കളിപ്പാട്ട കാറുകള്‍ ഉപയോഗിച്ച് കളിച്ചു അല്ലെങ്കില്‍ ശേഖരിച്ചു വളര്‍ന്നവരാണ്. ഇപ്പോള്‍ അവ വാങ്ങുന്നത് അവരുടെ ചെറുപ്പകാലത്തെ ഓര്‍മകളെ പുതുക്കാന്‍ വേണ്ടിയാണ്. എന്നാല്‍ മറ്റുള്ളവര്‍ വാങ്ങുന്നത് കണ്ട് അത് പിന്തുടരുന്നവരുമുണ്ട്. ഇതിനെ ബാന്‍ഡ് വാഗണ്‍ ഇഫക്ട് (Bandwagon Effetc) എന്ന് വിളിക്കാം.
കളിപ്പാട്ട വിപണി ഇന്ത്യയില്‍ വലിയ വളര്‍ച്ച കൈവരിക്കുന്ന ഒരു സമയമാണിത്. 2021 വരെ ഇന്ത്യയിലെ 80% കളിപ്പാട്ടവും ചൈനയില്‍ നിന്നുമാണ് ഇറക്കുമതി ചെയ്തിരുന്നത്. എന്നാല്‍ 2021 ല്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയില്‍ വില്‍ക്കുന്ന കളിപ്പാട്ടങ്ങളില്‍ ബി.ഐ.എസ് സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമാക്കി. വ്യക്തമായി പറഞ്ഞാല്‍ ഇന്ത്യന്‍ നിര്‍മ്മിത കളിപ്പാട്ടങ്ങള്‍ ആഗോള നിലവാരം പുലര്‍ത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനായി ടോയ്‌സ് ക്വാളിറ്റി കണ്‍ട്രോള്‍ ഓര്‍ഡര്‍ (Toys Quality Control Order -QCO) നടപ്പാക്കി. ചൈന ഉത്പന്നങ്ങള്‍ ബി.ഐ.എസ് നിലവാരം പുലര്‍ത്താതനിനാല്‍ ഇറക്കുമതി ഗണ്യമായി കുറഞ്ഞു. കൂടാതെ ഹോട്ട് വീല്‍സ് പോലുള്ള ആഗോള ബ്രാന്‍ഡുകള്‍ പോലും താല്‍ക്കാലിക തടസ്സങ്ങള്‍ നേരിട്ടു. ഇത് ഇന്ത്യയിലെ നിയന്ത്രണങ്ങള്‍ പാലിക്കുന്നത് വരെ അവയുടെ ലഭ്യതയില്‍ ഒരു ചെറിയ ഇടവേളയ്ക്ക് കാരണമായി. എന്നാല്‍ ചിലര്‍ വിശ്വസിക്കുന്നത് ഹോട്ട് വീല്‍സിനെ ഇന്ത്യ ബഹിഷ്‌കരിച്ചു എന്നാണ്. അത് പൂര്‍ണമായും ശരിയല്ല. ഇറക്കുമതി നിയന്ത്രിക്കുന്നതിനും പ്രാദേശിക ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനുമായി, ഇന്ത്യന്‍ സര്‍ക്കാര്‍ 2023 ബജറ്റില്‍ കളിപ്പാട്ടങ്ങളുടെ ഇറക്കുമതി തീരുവ 60% ല്‍ നിന്ന് 70% ആയി ഉയര്‍ത്തി. ഈ നിയന്ത്രണങ്ങളുടെ ഫലം വളരെ മികച്ചതായിരുന്നു.
ഇന്ത്യയുടെ കളിപ്പാട്ട കയറ്റുമതി 2018-19 ല്‍ 203.46 മില്യണ്‍ ഡോളറില്‍ നിന്ന് 2022-23 ല്‍ 325.72 മില്യണ്‍ ഡോളറായി 60 ശതമാനം ഉയര്‍ന്നു. ഇന്ത്യ-യുഎഇ സിഇപിഎ, ഇന്ത്യ-ഓസ്‌ട്രേലിയ ഇസിടിഎ തുടങ്ങിയ കരാറുകള്‍ക്ക് കീഴില്‍ ഇന്ത്യന്‍ നിര്‍മ്മിത കളിപ്പാട്ടങ്ങള്‍ക്ക് ഇപ്പോള്‍ സീറോ ഡ്യൂട്ടി മാര്‍ക്കറ്റ് ആക്‌സസ് ലഭിക്കുന്നു. 80% ഇറക്കുമതിയുണ്ടായിരുന്ന ഇന്ത്യന്‍ കളിപ്പാട്ട വിപണിക്ക് ഇന്ന് 57 ശതമാനത്തിന്റെ ഇറക്കുമതി കുറവ് കൈവരിക്കാന്‍ കഴിഞ്ഞു. 2014-15 സാമ്പത്തിക വര്‍ഷം മുതല്‍ 2022-23 സാമ്പത്തിക വര്‍ഷം വരെ കയറ്റുമതിയില്‍ 239% വര്‍ദ്ധനവിന് ഇന്ത്യയുടെ കളിപ്പാട്ട മേഖല സാക്ഷ്യം വഹിച്ചു. ഗണ്യമായ കയറ്റുമതി സാധ്യതയുള്ള ഒരു 'ചാമ്പ്യന്‍ സെക്ടര്‍' ആയി കളിപ്പാട്ടമേഖല ഇന്ന് മാറിയിട്ടുണ്ട്. മിഡില്‍ ഈസ്റ്റ്, ആഫ്രിക്കന്‍ വിപണികളിലേക്കാണ് കൂടുതല്‍ കയറ്റുമതി നടക്കുന്നത്.
20-ലധികം മന്ത്രാലയങ്ങള്‍ ഉള്‍പ്പെടുന്ന നാഷണല്‍ ആക്ഷന്‍ പ്ലാന്‍ ഫോര്‍ ടോയ്‌സിന് (NAPT) കീഴില്‍ ഗവണ്‍മെന്റിന്റെ 'വോക്കല്‍ ഫോര്‍ ലോക്കല്‍' കാമ്പെയ്ന്‍, കളിപ്പാട്ട നിര്‍മ്മാണത്തിന് ശക്തമായ ഒരു ചുറ്റുപാട് സൃഷ്ടിക്കുന്നതിന് ഊന്നല്‍ നല്‍കുന്നു. ഈ മേഖലയില്‍ 100% എഫ്ഡിഐയും(FDI) ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് (എസ്എംഇ) അത്യാധുനിക സൗകര്യങ്ങള്‍ നല്‍കുന്ന കളിപ്പാട്ട-നിര്‍ദ്ദിഷ്ട വ്യവസായ ക്ലസ്റ്ററുകളുടെ വികസനവും നയങ്ങളില്‍ ഉള്‍പ്പെടുന്നു. കര്‍ണാടകയിലെ കോപ്പലില്‍ 5,000 കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കുകയും 40,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ കളിപ്പാട്ട ക്ലസ്റ്റര്‍, ലോകോത്തര അടിസ്ഥാന സൗകര്യങ്ങളോടെ വികസിപ്പിച്ചെടുത്തു. ഉത്തര്‍പ്രദേശില്‍ കളിപ്പാട്ട നിര്‍മ്മാണം വര്‍ദ്ധിപ്പിക്കുന്നതിനായി YEIDA യുടെ കീഴില്‍ 100 ഏക്കര്‍ കളിപ്പാട്ട ക്ലസ്റ്റര്‍ രൂപീകരിച്ചു. മാത്രമല്ല തെലങ്കാന, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ കരകൗശല വസ്തുക്കളും തടിയും തുണികൊണ്ടുള്ള കളിപ്പാട്ടങ്ങളും ആധുനിക ഉല്‍പ്പാദന സാങ്കേതികതകളുമായി സംയോജിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചുവരുന്നു.
ഇന്ത്യയുടെ കളിപ്പാട്ട വ്യവസായം വളരുന്നതിന് സഹായിക്കുന്ന അനവധി കാര്യങ്ങളുണ്ട്. കളിപ്പാട്ട നിര്‍മാണത്തിനുപയോഗിക്കുന്ന പോളിസ്റ്റര്‍, അനുബന്ധ നാരുകള്‍ എന്നിവയുടെ ലോകത്തിലെ രണ്ടാമത്തെ വലിയ നിര്‍മ്മാതാവ് എന്ന നിലയില്‍, ഇന്ത്യയ്ക്ക് മേല്‍ക്കൈയുണ്ട്. പ്രിസിഷന്‍ ടൂളിംഗ്, മോള്‍ഡിംഗ്, അതിവേഗം വളരുന്ന പാക്കേജിംഗ് വ്യവസായം എന്നിവയിലെ ശക്തമായ വൈദഗ്ദ്ധ്യം ഉല്‍പ്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ, കുറഞ്ഞ തൊഴില്‍ ചെലവും സമൃദ്ധമായ അസംസ്‌കൃത വസ്തുക്കളും കളിപ്പാട്ട നിര്‍മ്മാണത്തിനുള്ള ചെലവ് കുറഞ്ഞ ലക്ഷ്യസ്ഥാനമാക്കി ഇന്ത്യയെ മാറ്റുന്നു. ഹോട് വീല്‍സ് പോലെ ഉയര്‍ന്ന നിലവാരവും ഡീറ്റൈലിങ്ങുമുള്ള കളിപ്പാട്ടം മുതല്‍ പഠനത്തിന് സഹായിക്കുന്ന STEM learning ടോയ്‌സ്, ഇലക്ട്രോണിക് ടോയ്‌സ് പോലെയുള്ള കളിപ്പാട്ടങ്ങളുടെ ഗവേഷണവും ഉല്പാദനവും കയറ്റുമതിയും ഇന്ന് ഇന്ത്യയില്‍ നടക്കുന്നുണ്ട്.
കളിപ്പാട്ട ഉല്പാദനമേഖല വളരുമ്പോള്‍ അനിതാനുപാതികമായി ടോയ് ഷോപ്പുകള്‍ക്കും വളരാന്‍ കഴിയുന്ന അവസരം ഇന്ന് ഇന്ത്യയില്‍ ഉണ്ട്. കളിപ്പാട്ട ശേഖരം എന്ന ഹോബി ആളുകള്‍ക്കിടയില്‍ വളരുന്നതുകൊണ്ടുതന്നെ കളിപ്പാട്ടങ്ങളുടെ ഉപഭോക്താക്കള്‍ കുട്ടികള്‍ മാത്രമല്ലാതെ മാറിയിരിക്കുന്നു. ഈ ഒരു ട്രെന്‍ഡ് മാറ്റം ഇന്ത്യയില്‍ ടോയ് വിപ്ലവത്തിന് വഴിയൊരുക്കും എന്നതില്‍ സംശയം വേണ്ട.
Read DhanamOnline in English
Subscribe to Dhanam Magazine