

വീണ്ടുമൊരു ഏപ്രില്‍ എത്തുമ്പോള്‍ ദുബൈയിലെ ബിസിനസ് ലോകം വലിയൊരു പ്രളയത്തിന്റെ ഞെട്ടിപ്പിക്കുന്ന ഓര്‍മ്മകളിലേക്ക് തിരിച്ചെത്തുകയാണ്. ഉയര്‍ന്ന ചൂടുകാലവും തണുപ്പും കണ്ട് ശീലിച്ച നഗരത്തിലേക്ക് കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് മഴ കോരിചൊരിഞ്ഞത്. നഗരവാസികള്‍ക്കുണ്ടായ നഷ്ടം വലുതായിരുന്നു. ഷോപ്പുകള്‍, അപ്പാര്‍ട്ട്‌മെന്റുകള്‍, വാഹനങ്ങള്‍ തുടങ്ങി നാശം സര്‍വ്വമേഖലയിലും പടര്‍ന്നു.
പ്രളയം കനത്ത തിരിച്ചടിയുണ്ടാക്കിയ മേഖല വാഹന ഇന്‍ഷുറന്‍സായിരുന്നു. ക്ലെയിമുകള്‍ വന്‍തോതില്‍ ഉയര്‍ന്നു. പല കമ്പനികളുടെയും സാമ്പത്തിക നില താളം തെറ്റി. ഇന്‍ഷുറന്‍സ് ബിസിനസ് മോഡലുകളിലും മാറ്റത്തിന് പ്രളയം കാരണമായി.
2024 ഏപ്രില്‍ 15ന് തുടങ്ങിയ മഴ മൂന്നു ദിവസമാണ് നീണ്ടു നിന്നത്. 400 കോടി ദിര്‍ഹത്തിന്റെ (9,400 കോടി രൂപ) നഷ്ടമാണ് ഇന്‍ഷുറന്‍സ് മേഖല കണക്കാക്കിയത്. ഇതില്‍ ഭൂരിഭാഗവും വാഹനങ്ങളുടേതായിരുന്നു. ഒരാഴ്ചക്കുള്ളില്‍ ഒരു ലക്ഷം ക്ലെയിം അപേക്ഷകളാണ് കമ്പനികള്‍ക്ക് ലഭിച്ചത്. വെള്ളത്തില്‍ പൂര്‍ണമായും മുങ്ങിയ കാറുകള്‍ നിരവധി. വെള്ളപ്പാച്ചിലില്‍ ഒഴുകി കാണാതായവ വേറെയും. ദുബൈക്ക് പുറമെ, ഷാര്‍ജ, അജ്മാന്‍ എന്നീ എമിറേറ്റുകളിലും പ്രളയം വ്യാപക നാശം വിതച്ചിരുന്നു. '' 9 മാസം വരെ എടുത്താണ് ക്ലെയിമുകള്‍ തീര്‍പ്പാക്കിയത്. ഇതിനായി കമ്പനികള്‍ പ്രത്യേക ടീമിനെ സജ്ജമാക്കി. ആദ്യത്തെ 3 മാസത്തിനുള്ളില്‍ തന്നെ ഭൂരിഭാഗം ക്ലെയിമുകളും നല്‍കാന്‍ കഴിഞ്ഞിരുന്നു.'' പോളിസി ബസാര്‍ ഡോട്ട് കോമിലെ ബിസിനസ് ഹെഡ് തോഷിത ചൗഹാന്‍ പറയുന്നു.
പ്രളയത്തിന് ശേഷം യുഎഇയില്‍ വാഹന ഇന്‍ഷുറന്‍സ് പ്രീമിയം കുതിച്ചുയര്‍ന്നു. അടിസ്ഥാന വിലകളില്‍ 30 ശതമാനം വരെ വര്‍ധനയുണ്ടായി. വൈദ്യുതി വാഹനങ്ങള്‍ക്ക് 100 ശതമാനം വരെ വര്‍ധിച്ചു. പ്രകൃതി ദുരന്തങ്ങള്‍ക്ക് കൂടി കവറേജ് ഉള്‍പ്പെടുത്തിയുള്ള പോളിസികള്‍ അവതരിപ്പിക്കപ്പെട്ടു. വാഹന ഉടമകള്‍ക്കും ഇത്തരം പോളിസികളോടാണ് താല്‍പര്യം കൂടിയത്.
വൈദ്യുതി വാഹനങ്ങളുടെ എണ്ണം കൂടി വരുമ്പോള്‍ ആ മേഖലയില്‍ പ്രത്യേക ശ്രദ്ധ നല്‍കുകയാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍. പ്രളയത്തില്‍ വലിയ നഷ്ടം സംഭവിക്കുന്നത് ഇത്തരം വാഹനങ്ങള്‍ക്കാണെന്ന് ഇന്‍ഷുറന്‍സ് ഏജന്റുമാര്‍ ചൂണ്ടിക്കാട്ടുന്നു. വിലയേറിയ ബാറ്ററികള്‍ വെള്ളത്തില്‍ മുങ്ങിയാല്‍ നഷ്ടം വലുതാണ്. മറ്റ് ഇന്ധന വാഹനങ്ങളുടെ നഷ്ടത്തിന് പരിധിയുണ്ട്. ഏജന്റുമാര്‍ ചൂണ്ടിക്കാട്ടുന്നു. നഗരങ്ങളിലെ ഡ്രൈനേജ് സംവിധാനം കുറ്റമറ്റതാകേണ്ടതുണ്ട്. മഴവെള്ളം ഒഴുകി പോകാന്‍ സംവിധാനങ്ങള്‍ ഇല്ലാതെ വരുമ്പോള്‍ പ്രളയത്തിന്റെ സാധ്യത ഇനിയും തള്ളിക്കളയാനാകില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
വാഹന ഇന്‍ഷുറന്‍സ് പ്രീമിയം കുറക്കാന്‍ ചില വഴികള്‍ ഏജന്റുമാര്‍ നിര്‍ദേശിക്കുന്നുണ്ട്. മികച്ച ഡ്രൈവിംഗ് റെക്കോര്‍ഡ് ഉണ്ടാകുന്നത് പ്രീമിയത്തില്‍ കുറവ് വരുത്തുന്ന ഒരു ഘടകമാണ്. വിവിധ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് വ്യത്യസ്തമായ പോളിസികളാണ് ഉള്ളത്. ഇതില്‍ ആവശ്യമുള്ള കവറേജുകള്‍ മാത്രം ഉള്‍ക്കൊള്ളുന്ന പോളിസികള്‍ തെരഞ്ഞെടുക്കാം. അനാവശ്യമെന്ന് തോന്നുന്ന കവറേജുകള്‍ ഒഴിവാക്കാം. ഇന്‍ഷുറന്‍സ് പാക്കേജുകള്‍ തെരഞ്ഞെടുക്കാം. ഒരു വ്യക്തിയുടെ വീട്, വാഹനം, ലൈഫ് എന്നിവക്ക് ഒരു കമ്പനിയുടെ തന്നെ പോളിസി ഒന്നിച്ച് എടുക്കുന്നത് പ്രീമിയത്തില്‍ ഇളവ് ലഭിക്കാന്‍ സഹായിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine